ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് നടന്ന ഉന്നതതല രാഷ്ട്രീയ ഫോറത്തിൽ ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് പ്രതിനിധികൾ സംസാരിക്കുന്നു
ദോഹ: എല്ലാവരെയും ഉൾക്കൊള്ളുന്നതും സമഗ്രവും സുസ്ഥിരവുമായ വികസനം നടപ്പാക്കേണ്ടതിന്റെ പ്രാധാന്യവും ആവശ്യകതയും വ്യക്തമാക്കി ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് (ക്യു.എഫ്.എഫ്.ഡി). ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് നടന്ന ഉന്നതതല രാഷ്ട്രീയ ഫോറത്തിൽ ക്യു.എഫ്.എഫ്.ഡി ഡയറക്ടർ ജനറൽ ഫഹദ് ബിൻ ഹമദ് അൽ സുലൈതിയുടെ നേതൃത്വത്തിലുള്ള സംഘം പങ്കെടുത്തു.
ദുർബലരായ സമൂഹങ്ങളുടെ ആവശ്യങ്ങൾ പൂർത്തീകരിക്കേണ്ടതിന്റെ പ്രാധാന്യം അൽ സുലൈതി ഉന്നയിച്ചു. ധനസഹായം ലഭ്യമാക്കൽ, പ്രാദേശിക സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ, കൃത്യമായ ഇടപെടലുകൾ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ഇത് സാധ്യമാക്കാമെന്ന് അദ്ദേഹം പറഞ്ഞു. നൂതനവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ധനകാര്യ സംവിധാനങ്ങൾ വികസിപ്പിക്കണമെന്ന് അൽ സുലൈതി ആവശ്യപ്പെട്ടു. പ്രാദേശിക ശേഷി വർധിപ്പിക്കുന്നതിനായുള്ള നിക്ഷേപത്തിന്റെ പ്രാധാന്യവും അദ്ദേഹം സൂചിപ്പിച്ചു.
2030 അജണ്ടയുടെയും സുസ്ഥിര വികസന ലക്ഷ്യങ്ങളുടെയും പുരോഗതി വിലയിരുത്തുന്നതിനുള്ള പ്രധാന അന്താരാഷ്ട്ര വേദിയായ എച്ച്.എൽ.പി.എഫ് സുസ്ഥിര വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ ലോക നേതാക്കളെയും, വികസന സ്ഥാപനങ്ങളെയും സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളെയും ഒരുമിച്ച് ചേർക്കുകയായിരുന്നു.
ജനങ്ങളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ്, വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ക്യു.എഫ്.എഫ്.ഡി ‘റോഡ് ടു ദോഹ: എച്ച്.എൽ.പി.എഫ് 2025 ടു സെക്കൻഡ് വേൾഡ് സമ്മിറ്റ് ഫോർ സോഷ്യൽ ഡെവലപ്മെന്റ്’ എന്ന ഇവന്റും സംഘടിപ്പിച്ചു. സുസ്ഥിരമായ നേട്ടങ്ങൾ കൈവരിക്കുന്നതിൽ സാമൂഹിക വികസനത്തിന്റെ പ്രാധാന്യം എടുത്തുകാണിച്ച ഈ പരിപാടി ക്യു.എഫ്.എഫ്.ഡി ഡയറക്ടർ ജനറൽ ഫഹദ് ബിൻ ഹമദ് അൽ സുലൈതി, യു.എൻ അംഗരാജ്യങ്ങളിലെയും, പ്രധാന വികസന സ്ഥാപനങ്ങളിലെയും നേതാക്കൾ എന്നിവർ ചേർന്നാണ് ഉദ്ഘാടനംചെയ്തത്. ഈ പരിപാടിയിലെ ചർച്ചകൾ, ഖത്തർ ആതിഥേയത്വം വഹിക്കുന്ന സെക്കൻഡ് വേൾഡ് സമ്മിറ്റ് ഫോർ സോഷ്യൽ ഡെവലപ്മെന്റിന്റെ അജണ്ട രൂപപ്പെടുത്താൻ സഹായിച്ചു.
ഫോറത്തിന്റെ ഭാഗമായി ക്യു.എഫ്.എഫ്.ഡി ഡയറക്ടർ ജനറൽ, ഇ.എസ്.സി.ഡബ്ല്യൂ.എ എക്സിക്യൂട്ടിവ് സെക്രട്ടറി റോല ദഷ്തി, ഐ.ഒ.എം ഡയറക്ടർ ജനറൽ എമി പോപ്പ്, ഫിൻലൻഡ് സാമൂഹിക സുരക്ഷാ മന്ത്രി സാനി ഗ്രാൻ-ലാസനൻ, യു.എൻ പ്രതിനിധി റബാബ് ഫാത്തിമ എന്നിവരുൾപ്പെടെ നിരവധി ഉദ്യോഗസ്ഥരുമായും പ്രമുഖരുമായും കൂടിക്കാഴ്ചകൾ നടത്തി. ചർച്ച ഊർജം, സാമ്പത്തിക ശാക്തീകരണം, കുടിയേറ്റം, സാമൂഹിക ക്ഷേമം, വികസിത രാജ്യങ്ങളെ സഹായിക്കൽ എന്നിങ്ങനെ വിവിധ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിലും വികസനത്തെ പിന്തുണക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.