ദോഹ: അറബി ഭാഷാ പ്രചാരണത്തിന്റെ ഭാഗമായി ‘അറബി സംസാരിക്കാം..’ കാമ്പയിനുമായി ഖത്തർ ഫൗണ്ടേഷൻ.അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനാചരണത്തോടനുബന്ധിച്ചാണ് എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളിച്ച് ചർച്ചകളും ശിൽപശാലകളും ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളുമായി അറബി ഭാഷാ പ്രചാരണം സംഘടിപ്പിക്കുന്നത്. ലെറ്റ്സ് സ്പീക്ക് അറബിക് എന്ന പേരിൽ കാമ്പയിൻ വ്യാഴാഴ്ച ആരംഭിക്കും. ജനുവരി 24ന് ആണ് ഐക്യരാഷ്ട്ര സഭക്കു കീഴിൽ അന്താരാഷ്ട്ര വിദ്യഭ്യാസ ദിനമായി ആചരിക്കുന്നത്.
വിദ്യഭ്യാസത്തിലൂടെ സമൂഹിക ഉയർച്ച ഉറപ്പാക്കുക എന്ന ലക്ഷ്യവുമായാണ് ആഗോള ദിനാചരണം. ‘വിദ്യാഭ്യാസം എല്ലാവരുടെയും ഉത്തരവാദിത്വം’ എന്ന പ്രമേയമുയർത്തിയാണ് ഖത്തർ ഫൗണ്ടേഷൻ ഇത്തവണ അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനത്തിൽ പങ്കാളികളാകുന്നത്.
പ്രാദേശിക മൂല്യങ്ങളിൽ വേരൂന്നി, അറബി ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതും, ഇസ്ലാമിക തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതും, ദേശീയ സ്വത്വം ശക്തിപ്പെടുത്തുന്നതുമായ ഉന്നത നിലവാരത്തിലെ വിദ്യാഭ്യാസം ഉറപ്പാക്കുകയെന്ന ലക്ഷ്യവുമായാണ് ഖത്തർ ഫൗണ്ടേഷൻ പ്രചാരണം സംഘടിപ്പിക്കുന്നത്. കുടുംബങ്ങൾ, അധ്യാപകർ, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ പങ്കാളിത്തവും വ്യക്തമാക്കുന്നു.
വ്യാഴാഴ്ച രാവിലെ ഒമ്പതു മുതൽ ഉച്ച രണ്ടു വരെ ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിൽ വിവിധ പരിപാടികൾ അരങ്ങേറും. ഖത്തർ ഫൗണ്ടേഷൻ സ്കൂളുകളിലൂടെ പ്രാഥമിക ഭാഷയായി അറബിയെ ഉപയോഗപ്പെടുത്തുകയും തദ്ദേശീയ ശൈലിയിലെ ഭാഷ ഉപയോഗം പ്രോത്സാഹിപ്പിക്കലും പ്രാധാന ലക്ഷ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.