ദോഹ: അറബി ഭാഷയുടെ പ്രോത്സാഹനത്തിനായി ഖത്തർ ഫൗണ്ടേഷൻ രൂപം നൽകിയ ‘ബിൽ അറബി’യുടെ ഉദ്ഘാടന ഉച്ചകോടി ഏപ്രിൽ 19ന് ആരംഭിക്കും. ഖത്തർ ഫൗണ്ടേഷനിലെ മുൽതഖയെയാണ് (എജുക്കേഷൻ സിറ്റി സ്റ്റുഡന്റ്സ് സെന്റർ) രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ഉച്ചകോടിയുടെ വേദിയായി തെരഞ്ഞെടുത്തിരിക്കുന്നത്.
വ്യത്യസ്ത രാജ്യങ്ങളിലെ വിവിധ മേഖലകളിലുള്ള പ്രഭാഷകർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും. മിഡിലീസ്റ്റിലും ഉത്തരാഫ്രിക്കയിലും അതിന് പുറമെയുള്ള നാടുകളിൽ നിന്നുമുള്ള 500ലധികം വ്യക്തിത്വങ്ങൾ ബിൽ അറബിയുടെ ഉദ്ഘാടന ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
കൂടാതെ സുസ്ഥിരത, നിർമിതബുദ്ധി, വൈദ്യശാസ്ത്രം, പ്രോഗ്രാമിങ്, ആനിമേഷൻ, പുനരുപയോഗം, അറബി ഭാഷ, ബഹിരാകാശം, മീഡിയ പ്രൊഡക്ഷൻ, സാമൂഹിക സംരംഭങ്ങൾ തുടങ്ങി മേഖലകളിലെ വിദഗ്ധർ നയിക്കുന്ന 15 പ്രത്യേക ശിൽപശാലകളും ഉൾപ്പെടും. 25 അറബ് രാജ്യങ്ങളിൽ നിന്നുള്ള 700ലധികം അപേക്ഷകരിൽ നിന്നാണ് പ്രഭാഷകരെ തെരഞ്ഞെടുത്തതെന്ന് ഖത്തർ ഫൗണ്ടേഷൻ സ്ട്രാറ്റജിക് ഇനിഷ്യേറ്റിവ് ആൻഡ് പ്രോഗ്രാംസ് എക്സിക്യൂട്ടിവ് ഡയറക്ടർ ഹിഷാം നൂറിൻ പറഞ്ഞു.
പ്രാദേശിക, അന്തർദേശീയ പ്രതിഭകളെ ആകർഷിക്കാനും പ്രോത്സാഹിപ്പിക്കാനും പുത്തൻ ആശയങ്ങൾ സൃഷ്ടിക്കുന്നതിനുള്ള അവസരങ്ങൾ നൽകാനുമാണ് ഖത്തർ ഫൗണ്ടേഷൻലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.