ഖത്തർ ഫൗണ്ടേഷൻ സി.ഇ.ഒ ശൈഖ ഹിന്ദ് ബിൻത് ഹമദ് ആൽ ഥാനിയും ചാൾസ് രാജാവും മറ്റു പ്രതിനിധികൾക്കൊപ്പം
ദോഹ: പഴമയും പരിസ്ഥിതി സൗഹൃദമായ പുതു മാതൃകകളും ചേർത്ത് ഇന്ത്യ ഉൾപ്പെടെ തെരഞ്ഞെടുത്ത നാല് രാജ്യങ്ങളിൽ സുസ്ഥിര നഗരവികസന പദ്ധതിക്കായി കൈകോർത്ത് ഖത്തർ ഫൗണ്ടേഷനും ചാൾസ് മൂന്നാമൻ രാജാവിന്റെ കിങ്സ് ഫൗണ്ടേഷനും. ഖത്തർ ഫൗണ്ടേഷനു കീഴിൽ പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസനങ്ങൾക്ക് ഗവേഷണവും നേതൃത്വവും വഹിക്കുക എന്ന ലക്ഷ്യവുമായി സ്ഥാപിച്ച എർത്ന സെന്ററാണ് ദ കിങ്സ് ഫൗണ്ടേഷനുമായി സഹകരിച്ച് നഗര വികസനത്തിന്റെ പുതു മാതൃക സൃഷ്ടിക്കാൻ ഒരുങ്ങുന്നത്. ഇന്ത്യ, ഗയാന, സിയറാ ലിയോൺ, താൻസാനിയ തുടങ്ങിയ നാല് കോമൺവെൽത്ത് രാജ്യങ്ങളിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലാകും ഈ മാതൃകാ പദ്ധതി നടപ്പാക്കുന്നത്.
പരമ്പരാഗത നഗരനിർമാണ മാതൃകകളെ 21ാം നൂറ്റാണ്ടിലെ സുസ്ഥിരതാ വികസന സംരംഭങ്ങളിലേക്ക് ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്. പൈലറ്റ് പദ്ധതിയായാണ് ഇത് നടപ്പാക്കുന്നത്. ജയ്പൂർ ആസ്ഥാനമായ ധൂൺ ആണ് ഇന്ത്യയെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തത്.
കിങ്സ് ഫൗണ്ടേഷൻ ആസ്ഥാനമായ സ്കോട്ലൻഡിലെ ഡംഫ്രീസ് ഹൗസിൽ നടന്ന പ്രഖ്യാപന ചടങ്ങിൽ ഖത്തർ ഫൗണ്ടേഷൻ വൈസ് ചെയർപേഴ്സനും സി.ഇ.ഒയുമായ ശൈഖ ഹിന്ദ് ബിൻത് ഹമദ് ആൽ ഥാനി, ദ കിങ് ഫൗണ്ടേഷന്റെ സ്ഥാപക പ്രസിഡന്റ് ചാൾസ് മൂന്നാമൻ രാജാവ് എന്നിവർ പങ്കെടുത്തു. രണ്ട് വർഷത്തേക്കാണ് സഹകരണം പ്രഖ്യാപിച്ചിരിക്കുന്നത്. പരിസ്ഥിതി സുസ്ഥിരത വളർത്തുന്നതിനും പ്രാദേശിക സാമ്പത്തിക വളർച്ചക്ക് വഴിയൊരുക്കുന്നതിനും സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനും പരമ്പരാഗത മാതൃക ഉപയോഗപ്പെടുത്തുന്നതിനെ ഇരു സ്ഥാപനങ്ങളും ഉയർത്തിക്കാട്ടി.
ഡംഫ്രീസ് ഹൗസിൽ നടന്ന ഔദ്യോഗിക ചർച്ചയിൽ നഗരവത്കരണം, കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യങ്ങളുടെ നാശനഷ്ടം എന്നിവ പരിഹരിക്കുന്നതിലെ പ്രവർത്തനങ്ങൾ കിങ്സ് ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി.
സിയറാ ലിയോൺ പ്രസിഡന്റ് ജൂലിയസ് മാഡ, കോമൺവെൽത്ത് സെക്രട്ടേറിയറ്റ് സെക്രട്ടറി ജനറൽ ബരോനസ് പാട്രീഷ്യ സ്കോട്ലൻഡ്, ബ്രിട്ടനിലെ താൻസനിയ ഹൈകമീഷണർ എംബെൽവ ബ്രൈറ്റൺ കൈരുകി, ഗയാന തദ്ദേശ സ്വയംഭരണ പ്രാദേശിക വികസന മന്ത്രി സോണിയ സാവിത്രി പരാഗ്, ഇന്ത്യയിലെ ധൂൺ സ്ഥാപക മൻവേന്ദ്ര സിങ് ഷെഖാവത്ത് എന്നിവരും പങ്കെടുത്തു.
നാല് പദ്ധതികൾ നടപ്പാക്കുന്നത് വഴി നേടുന്ന പരിചയം ഖത്തർ ഉൾപ്പെടെയുള്ള സമാന വെല്ലുവിളികൾ നേരിടുന്ന രാജ്യങ്ങളിലും ഭാവിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കും. പൈലറ്റ് പദ്ധതിയുടെ അനുഭവ സമ്പത്തിലൂടെ ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് വേണ്ടി മികച്ച രീതികളും നയങ്ങളും രേഖപ്പെടുത്തുന്നതിനായി ഗവേഷണ പ്രസിദ്ധീകരണങ്ങൾ സമാഹരിക്കാനും പദ്ധതിയുണ്ട്. ഈ വർഷം ഏപ്രിൽ 22, 23 തീയതികളിലായി ദോഹയിൽ നടക്കുന്ന രണ്ടാമത് എർത്ത്നാ ഉച്ചകോടിയിൽ നാല് പദ്ധതികളും അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.