ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ജി20 ​ഉ​ച്ച​കോ​ടി​യി​ൽ ഖ​ത്ത​ർ അ​മീ​ർ പ​ങ്കെ​ടു​ത്ത​പ്പോ​ൾ

ജി20 ഉച്ചകോടിയിൽ പങ്കെടുത്ത് ഖത്തർ അമീർ

ദോഹ: ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിൽ ജി20 ഉച്ചകോടിയിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പങ്കെടുത്തു. ജൊഹാനസ്ബർഗ് കൺവെൻഷൻ സെന്ററിൽ ‘ഐക്യദാർഢ്യം, സമത്വം, സുസ്ഥിരത’ എന്ന വിഷയത്തിൽ നടക്കുന്ന ഉച്ചകോടിയിൽ ജി20 അംഗരാജ്യങ്ങളുടെ നേതാക്കളും വിവിധ രാജ്യങ്ങളുടെ തലവന്മാരും പ്രതിനിധി സംഘങ്ങളും പ്രാദേശിക-അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.

ലോകത്തെ വ്യവസായികമായി വികസിച്ചതും ഉയർന്നുവരുന്നതുമായ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി 20. 1999ൽ സ്ഥാപിതമായ ജി20 പ്രധാന വ്യവസായിക, വികസ്വര സമ്പദ്‌വ്യവസ്ഥകളിലെ ധനമന്ത്രിമാർക്കും കേന്ദ്ര ബാങ്ക് ഗവർണർമാർക്കും അന്താരാഷ്ട്ര സാമ്പത്തിക, സാമ്പത്തിക സ്ഥിരത ചർച്ച ചെയ്യുന്നതിനുള്ള ഫോറമായിട്ടാണ് രൂപവത്കരിച്ചത്. പിന്നീട് വ്യാപാരം, കാലാവസ്ഥ വ്യതിയാനം, സുസ്ഥിര വികസനം, ആരോഗ്യം, കൃഷി, ഊർജം, പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ നിർണായകമായി ഇടപെടുന്ന ശക്തിയാണിത്.

ലോക ജി.ഡി.പി.യുടെ 85 ശതമാനവും കച്ചവടത്തിന്റെ 75 ശതമാനവും കൈയാളുന്നത് ഈ രാജ്യങ്ങളാണ്. അതുകൊണ്ടുതന്നെ ലോകത്തിന്റെ ഭാവി നിർണയിക്കുന്നതിൽ മുഖ്യ ശക്തിയാണ് ജി20 രാഷ്ട്രങ്ങൾ. ചൈന, ഫ്രാൻസ്, ജർമനി, ഇന്ത്യ, ബ്രസീൽ, കാനഡ, ഇന്തോനേഷ്യ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കിയ, യു.കെ, യു.എസ്, യൂറോപ്യൻ യൂനിയൻ, ആഫ്രിക്കൻ യൂനിയൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും ജൊഹാനസ്ബർഗിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

ഊർജ മേഖലയിൽ, പ്രത്യേകിച്ച് പ്രകൃതിവാതക രംഗത്തെ ശക്തിയെന്ന നിലയിലും, മധ്യസ്ഥതയിലും സംഘർഷ പരിഹാരത്തിലൂടെയും ആഗോള തലത്തിൽ സജീവമായ ഖത്തറിന്റെ ഇടപെടലുകൾക്കുള്ള അംഗീകാരമാണ് ജി20 ഉച്ചകോടിയിലെ ക്ഷണം പ്രതിഫലിപ്പിക്കുന്നത്. ആഗോള ഉച്ചകോടിയിൽ തുടർച്ചയായ രണ്ടാം വർഷമാണ് ഖത്തർ പങ്കെടുക്കുന്നത്. 2024ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന 19ാമത് ജി20 ഉച്ചകോടിയിലും അമീർ പങ്കെടുത്തിരുന്നു.

നേരത്തേ, ജൊഹാനസ്ബർഗിലെ ഒലിവർ റെജിനാൾഡ് ടാംബോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അമീറിനെ ദക്ഷിണാഫ്രിക്കയുടെ വനം, മത്സ്യബന്ധന, പരിസ്ഥിതി മന്ത്രി വില്യം എബ്രഹാം സ്റ്റെഫാനസ് ഓകാംബ്, ദക്ഷിണാഫ്രിക്കയിലെ ഖത്തറിന്റെ അംബാസഡർ മുബാറക് ബിൻ നാസർ അൽ ഖലീഫ, എന്നിവർ ചേർന്ന് സ്വീകരിച്ചു. അമീറിനൊപ്പം ഔദ്യോഗിക പ്രതിനിധി സംഘവും ദക്ഷിണാഫ്രിക്കയിലെത്തിയിട്ടുണ്ട്.

Tags:    
News Summary - qatar emir attended G 20 summit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.