ദോഹ: ഗസ്സയിലെ ഹമദ് റീഹാബിലിറ്റേഷൻ ആൻഡ് പ്രോസ്തെറ്റിക്സ് ആശുപത്രിക്ക് നേരെ നടന്ന ഇസ്രായേൽ അധിനിവേശ സേനയുടെ ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് ഖത്തർ വിദേശകാര്യമന്ത്രാലയം.
ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റിനു കീഴിലുള്ള ആശുപത്രിക്കു നേരെ ഞായറാഴ്ച രാത്രിയിലായിരുന്നു അധിനിവേശ സേന ആക്രമണം നടത്തിയത്. ആശുപത്രികളെയും സാധാരണക്കാർ അഭയം തേടുന്ന കേന്ദ്രങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യംവെച്ച് ആവർത്തിക്കുന്ന ആക്രമണങ്ങൾ വംശഹത്യയുടെ ഭാഗമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
യുദ്ധം ഉടനടി അവസാനിപ്പിക്കുന്നതിനും വിനാശകരമായ മാനുഷിക സാഹചര്യങ്ങൾ പരിഹരിക്കുന്നതിനുമുള്ള ധാർമികവും നിയമപരവുമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ഖത്തർ ആവശ്യപ്പെട്ടു.
കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനെ പിന്തുണക്കുന്നതിൽ ഖത്തറിന്റെ നിലപാടും ആവർത്തിച്ചു.
യുദ്ധക്കെടുതികൾ നേരിടുന്നവർക്ക് ആശ്വാസമാകുന്നതിനായി ആരംഭിച്ച ഹമദ് ആശുപത്രിക്ക് നേരെ നേരത്തേയും ആക്രമണങ്ങൾ നടന്നിരുന്നു. അറ്റകുറ്റപ്പണികൾക്കു ശേഷം ഏതാനും മാസം മുമ്പാണ് ആശുപത്രി വീണ്ടും സജീവമായത്. പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ നിർദേശപ്രകാരം 2019ൽ ആണ് ഈ കേന്ദ്രം സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.