ദോഹ: സംഘർഷങ്ങളും യുദ്ധവും ദുരിതത്തിലാക്കിയ ലബനാനിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി ഖത്തർ ചാരിറ്റി. 300ഓളം സർവകലാശാല വിദ്യാർഥികൾ ഗുണഭോക്താക്കളാകുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കം കുറിച്ചു. നേരിട്ടുള്ള സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തും വിദ്യാഭ്യാസ പ്രവർത്തകർക്ക് പിന്തുണ നൽകിയുമാണ് പദ്ധതി നടപ്പാക്കുന്നത്.
ബൈറൂത് ഇസ്ലാമിക സർവകലാശാല, ട്രിപ്പോളി സർവകലാശാല, ജിനാൻ സർവകലാശാല എന്നിവിടങ്ങളിലെ 300ലധികം വിദ്യാർഥികൾക്കുള്ള പഠന ഫീസ് ഈ സംരംഭത്തിലുൾപ്പെടും.
സുതാര്യതയോടും കാര്യക്ഷമതയോടും കൂടി സഹായം ഗുണഭോക്താക്കളിലേക്ക് എത്തുന്നുവെന്ന് ഉറപ്പുവരുത്തുന്നുവെന്ന് ഉറപ്പാക്കാൻ സർവകലാശാലകളുമായും പ്രാദേശിക സ്ഥാപനങ്ങളുമായും അധികാരികളുമായും സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. വിദ്യാഭ്യാസത്തെ അടിസ്ഥാന മനുഷ്യാവകാശമായും പ്രതിസന്ധി ബാധിച്ച സമൂഹങ്ങളിൽ സുസ്ഥിര വികസനം കൈവരിക്കുന്നതിനുള്ള പ്രധാന മാർഗമായും പിന്തുണക്കുന്നതിനുള്ള ഖത്തർ ചാരിറ്റിയുടെ പ്രതിബദ്ധതയെയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നതെന്ന് ലബനാനിലെ ഖത്തർ ചാരിറ്റി പ്രതിനിധി മുഹമ്മദ് സഹ്റ പറഞ്ഞു.
ആരോഗ്യം, ദുരിതാശ്വാസം, വെള്ളം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ നിരവധി പദ്ധതികളാണ് ഖത്തർ ചാരിറ്റി ലബനാനിൽ നടപ്പാക്കിയത്. ലബനാനിലെ ദുർബലമായ സമൂഹത്തെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി വർഷങ്ങളായി ഖത്തർ ചാരിറ്റി ലബനാനിൽ പ്രവർത്തിച്ചുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.