ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡർ ഡോ. കെ. ശ്രീകർ റെഡ്ഡി രാഷ്ട്രപതിയിൽനിന്ന് നിയമനപത്രം സ്വീകരിച്ചു

ന്യൂഡൽഹി/ദോഹ: ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ ഡോ. കെ. ശ്രീകർ റെഡ്ഡി രാഷ്ട്രപതി ദ്രൗപദി മുർമുവിൽനിന്ന് നിയമനപത്രം സ്വീകരിച്ചു. അദ്ദേഹം ഉടൻ ദോഹയിലെത്തി ചുമതലയേൽക്കും. കഴിഞ്ഞ ദിവസം രാഷ്ട്രപതി ഭവനിലെത്തിയാണ് രാഷ്ട്രപതി ദ്രൗപദി മുർമുവിൽനിന്ന് നിയമനപത്രം സ്വീകരിച്ചത്. ഇന്ത്യയും ഖത്തറും തമ്മിലുള്ള തന്ത്രപ്രധാനമായ ഉഭയകക്ഷി സഹകരണം വരുംവർഷങ്ങളിൽ കൂടുതൽ കരുത്തുറ്റതാക്കുന്നതിനായി രാഷ്ട്രപതി നൽകിയ വിലപ്പെട്ട മാർഗനിർദേശങ്ങൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ച ആദരവും അഭിമാനവും നൽകുന്ന നിമിഷമായിരുന്നുവെന്നും അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

2001 ബാച്ച് ഇന്ത്യൻ ഫോറിൻ സർവിസ് ഉദ്യാഗസ്ഥനായ ഡോ. കെ. ശ്രീകർ റെഡ്ഡി സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസൽ ജനറലായിരിക്കെയാണ് ദോഹയിലെ സ്ഥാനപതിയായി ചുമതലയേൽക്കുന്നത്. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിൽ ജോയന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കെ, പശ്ചിമേഷ്യൻ രാജ്യങ്ങളുമായും ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. ഇന്ത്യ-മൗറീഷ്യസ് സമഗ്ര സാമ്പത്തിക സഹകരണ കരാർ, ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ എന്നിവക്കുവേണ്ടി അദ്ദേഹം മുൻകൈ എടുത്തത്.

ജർമ്മനി, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിലും വിദേശകാര്യ മന്ത്രാലയത്തിൽ പാകിസ്താൻ, ഈസ്റ്റ് ആന്റ് സതേൺ ആഫ്രിക്ക (E&SA) ഡെസ്കുകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വാണിജ്യ ബന്ധങ്ങളിലും വിദേശനയത്തിലും മികച്ച പരിചയസമ്പത്തുള്ള അദ്ദേഹം 2014 ആഗസ്റ്റ് മുതൽ 2017 ഒക്ടോബർ വരെ സ്വിറ്റ്സർലൻഡിലെ ലോക വ്യാപാര സംഘടനയിലെ (ഡബ്ല്യു.ടി.ഒ) ഇന്ത്യൻ മിഷനിൽ കൗൺസിലറായി പ്രവർത്തിച്ചിട്ടുണ്ട്. 2017 ഒക്ടോബർ മുതൽ 2020 മാർച്ച് വരെ ഹോ ചി മിൻ സിറ്റിയിൽ കോൺസൽ ജനറലായിരുന്നു.

Tags:    
News Summary - New Qatar Indian Ambassador receives appointment letter from President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.