ജൂണിൽ നടന്ന ലോകകപ്പ് േപ്ല ഒാഫ് മത്സരങ്ങൾക്കെത്തിയ കാണികൾ (ഫയൽ ചിത്രം)
ദോഹ: രാജ്യം വിനോദസഞ്ചാരികളുടെ പ്രധാന കേന്ദ്രമാകുന്നു. ജൂൺ വരെയുള്ള ഈ വർഷത്തെ ആറു മാസത്തെ റിപ്പോർട്ട് പുറത്തുവന്നത്തോടെ വിദേശയാത്രികരുടെ എണ്ണം കുതിച്ചുയർന്നതായി ഖത്തർടൂറിസം പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അർധവാർഷിക റിപ്പോർട്ട് പ്രകാരം 7.29 ലക്ഷം അന്താരാഷ്ട്ര സന്ദർശകർ ഖത്തറിലേക്ക് ഒഴുകിയെത്തി. മുൻ വർഷത്തേക്കാൾ 19 ശതമാനം കൂടുതലാണ്. ജൂൺ മാസത്തിലായിരുന്നു കൂടുതൽ സന്ദർശകർ രാജ്യത്തേക്ക് ഒഴുകിയെത്തിയത്.
1.49 ലക്ഷം പേരാണ് ഒരു മാസം സന്ദർശകരായി വന്നത്. കഴിഞ്ഞ അഞ്ചുവർഷത്തെ കണക്കുകളിൽ ഏറ്റവും ഉയർന്നതായിരുന്നു ഇത്. ഇവരിൽ 34 ശതമാനവും കര-കടൽ മാർഗങ്ങളിലൂടെയാണ് രാജ്യത്ത് പ്രവേശിച്ചത്. അതിർത്തി കടന്ന് 51,000 പേരും, കടൽ വഴി 10,000 പേരുമെത്തി. ശേഷിച്ച 59 ശതമാനവും (88,000) ഹമദ് രാജ്യാന്തര വിമാനത്താവളം വഴിയായിരുന്നു.
വിവിധ രാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികളുടെ വരവ് പ്രാദേശിക വിപണിയിലും ഉണർവുണ്ടാക്കിയതായി റിപ്പോർട്ട് ചൂണ്ടാക്കാണിക്കുന്നു. ഏറ്റവും കൂടുതൽ സഞ്ചാരികളെത്തിയത് സൗദി അറേബ്യയിൽ നിന്നായിരുന്നു. 26 ശതമാനം പേർ. ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. 10 ശതമാനം സന്ദർശകരാണ് ജൂണിൽ ഇന്ത്യയിൽനിന്നുമെത്തിയത്. അമേരിക്ക (അഞ്ചു ശതമാനം), ഒമാൻ (അഞ്ചു ശതമാനം), ബ്രിട്ടൻ (നാല്), യു.എ.ഇ (നാല്), കുവൈത്ത് (നാല്) എന്നിവയാണ് പിന്നിലുള്ളത്. ഡിസംബറിൽ ആരംഭിച്ച വിന്റർ ക്രൂസ് സീസണിന്റെ സമാപനം ജൂണിലായിരുന്നു. ആറു മാസത്തിലേറെ നീണ്ടുനിന്ന ക്രൂസ് സീസണിൽ 34 ആഡംബര കപ്പലുകളിലായി 1.01 ലക്ഷം സഞ്ചാരികളാണ് ഖത്തറിലെത്തിയത്. മുൻ സീസണിനേക്കാൾ 12 ശതമാനം വരെ അധികമായിരുന്ന ഇത്. ജൂണിൽ നടന്ന ഫിഫ ഇന്റർ കോണ്ടിനെന്റൽ േപ്ല ഓഫ് മത്സരങ്ങളിൽ പെറു, കോസ്റ്ററീക, ആസ്ട്രേലിയ, ന്യൂസിലൻഡ് ടീമുകൾ മാറ്റുരച്ചപ്പോൾ പിന്തുണയുമായി വിവിധ രാജ്യങ്ങളിൽനിന്നുള്ള ഫുട്ബാൾ ആരാധകരും ഒഴുകിയെത്തി.
സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമായ സൂഖ് വാഖിഫ്
സഞ്ചാരികൾ ഒഴുകിയെത്തിയതോടെ ഹോസ്പിറ്റാലിറ്റി മേഖലയിലും കാര്യമായ വരുമാനം സ്വന്തമാക്കാൻ കഴിഞ്ഞു. കോവിഡ് മുമ്പത്തെ നിലയിലേക്ക് സന്ദർശകരുടെ എണ്ണവും, ഹോട്ടൽ റൂമുകളുടെ ആവശ്യക്കാരും ഉയർന്നതായാണ് കണക്കുകൾ. 2021 ജൂണിനെ അപേക്ഷിച്ച് ഹോട്ടൽ മേഖലയിൽ 17 ശതമാനം വരുമാന വർധനവുണ്ടായി.
പൊതുവെ, ചൂട് തുടങ്ങുന്ന ജൂൺ മാസത്തിൽ സന്ദർശകരുടെ വരവ് കുറയുമെങ്കിലും ഇത്തവണ 5.42 ലക്ഷം റും നൈറ്റുകൾ വിറ്റത് ലോകകപ്പിനൊരുങ്ങുന്ന ഖത്തറിന്റെ ഹോസ്പിറ്റാലിറ്റി മേഖലക്കും ഉണർവാകും.
2022ലെ ആദ്യ പകുതിയിൽ രാജ്യത്തേക്ക് സഞ്ചാരികൾ ഒഴുകിയെത്തിയത് ശുഭസൂചനയാണെന്ന് ഖത്തർ ടൂറിസം ചീഫ് ഓപറേറ്റിങ് ഓഫിസർ ബ്രെതോൾഡ് ട്രെങ്കൽ പറഞ്ഞു. 'ആദ്യ ആറു മാസത്തിലെ സഞ്ചാരികളുടെ എണ്ണത്തിൽ മുൻ വർഷത്തേക്കാൾ 19 ശതമാനം വർധനവുണ്ടായത് ആവേശം നൽകുന്നതാണ്.
ലോകകപ്പിന് പന്തുരുളുന്ന രണ്ടാം പകുതിയിൽ കൂടുതൽ യാത്രക്കാരെ ആത്മവിശ്വാസത്തോടെ വരവേൽക്കാനും വഴിയൊരുങ്ങും. ലോകകപ്പിന് മുമ്പായി 50 ഹോട്ടലുകൾ കൂടി മികച്ച ഗുണനിലവാരത്തോടെ പ്രവർത്തന ക്ഷമമാവുന്നത് ടൂറിസം മേഖലക്ക് ഉണർവാകും. അതിനു പുറമെ, സഞ്ചാരികൾക്കായി വിവിധ വിനോദ പരിപാടികളും ലുസൈൻ വിന്റർ വണ്ടർലൻഡ് ഉൾപ്പെടെയുള്ള പദ്ധതികളും സാക്ഷാത്കരിക്കപ്പെടുന്നു'-ബ്രെതോൾഡ് ട്രെങ്കൽ വിശദീകരിച്ചു.
ലോക ടൂറിസം ഭൂപടത്തിൽ അതിവേഗം ശക്തിയാർജിക്കുന്ന വിനോദ സഞ്ചാര മേഖലയായി ഖത്തർ മാറുന്നതിന്റെ സൂചനയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞയാഴ്ച ഖത്തർ വ്യോമയാന വിഭാഗം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായതായി റിപ്പോർട്ട് ചെയ്തിരുന്നു. ജൂൺ അവസാനം വരെയായി 1.56 കോടി യാത്രക്കാർ ഹമദ് രാജ്യാന്തര വിമാനത്താവളം വഴി സഞ്ചരിച്ചതായാണ് കണക്ക്.
മുൻ വർഷം ഇതേകാലയളവിൽ 59 ലക്ഷംത്തോളം പേരാണ് സഞ്ചരിച്ചത്. ഇത്തവണ മൂന്നിരട്ടിയോളം വർധനവുണ്ടായതായി സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കണക്കുകളിൽ വെളിപ്പെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.