ദോഹ: ടൂറിസം സഹകരണത്തിനും ഏകീകൃത പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി ഖത്തർ ടൂറിസവും സൗദി ടൂറിസം അതോറിറ്റിയും തമ്മിൽ ധാരണയിലെത്തി. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും മേഖലയിലുടനീളം സഹകരണം വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. ഏകീകത ടൂറിസം ശക്തിപ്പെടുത്തുന്നതിനായി വിസിറ്റ് ഖത്തർ സി.ഇ.ഒ എൻജിയീയർ അബ്ദുൽ അസീസ് അലി അൽ മൗലവിയും സൗദി ടൂറിസം അതോറിറ്റി സി.ഇ.ഒ ഫഹദ് ഹമീദദ്ദീനും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
കരാർ പ്രകാരം, ഇരു രാജ്യങ്ങളും പ്രധാന സംരംഭങ്ങളിൽ സഹകരിക്കും. അന്താരാഷ്ട്ര പ്രദർശനങ്ങളിലും സമ്മേളനങ്ങളിലും സംയുക്ത പങ്കാളിത്തം, ടൂറിസം പരിപാടികൾ സംഘടിപ്പിക്കൽ, ഇരു രാജ്യങ്ങളിലെയും മാർക്കറ്റിങ് അവസരങ്ങൾ പ്രോത്സാഹിപ്പിക്കൽ എന്നിവയുൾപ്പെടെയുള്ള കാര്യങ്ങളിലാണ് ധാരണയായത്.
ട്രാവൽ ഏജൻസികളും ടൂർ ഓപ്പറേറ്റർമാരും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തി ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കും. ബീച്ച്, സാംസ്കാരിക, പൈതൃക ടൂറിസം പോലുള്ള പ്രത്യേക ടൂറിസം മേഖലകളിലും പങ്കാളിത്തവും സഹകരണവും ശക്തിപ്പെടുത്തും. ഖത്തർ -സൗദി ടൂറിസം ഏകോപനത്തിലൂടെ ടൂറിസം ഡേറ്റ, സംയുക്ത ടൂറിസം പദ്ധതികൾ, മികച്ച സന്ദർശക അനുഭവം എന്നിവക്കായി ഇരുകൂട്ടരും സഹകരിക്കും. ടൂറിസത്തിന്റെ വളർച്ചക്കും വൈവിധ്യവൽക്കരണത്തിനും പുതിയ സഹരണം ഗുണം ചെയ്യും. ഖത്തർ നാഷനൽ വിഷൻ 2030, സൗദി വിഷൻ 2030 എന്നിവയുമായി യോജിച്ച് ടൂറിസം സംയോജനം കൂടുതൽ ആഴത്തിലാക്കുന്നതിനും സുസ്ഥിര സാമ്പത്തിക വളർച്ചയിൽ ടൂറിസത്തിന്റെ പങ്ക് വർധിപ്പിക്കുന്നതിനുമുള്ള ഇരു രാജ്യങ്ങളുടെയും സംയുക്ത പ്രതിബദ്ധതയാണ് കരാറിലൂടെ എടുത്തുകാണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.