ദോഹ: ഭീകരതക്കുള്ള സാമ്പത്തിക സഹായത്തെ തടയുന്നതിൽ അമേരിക്കയുമായി ആദ്യമായി കരാറിലെത്തിയ രാജ്യമാണ് ഖത്തറെന്നും ഭീകരത വിരുദ്ധ പോരാട്ടത്തിൽ ഖത്തറിെൻറ പ്രതിജ്ഞാബദ്ധത ശ്രദ്ധേയമാണെന്നും അമേരിക്ക. നയതന്ത്ര തലത്തിലും മേഖലാ തലത്തിലും ആത്മവിശ്വാസം വർധിപ്പിക്കുന്നതിൽ ഇത് നിർണായകവും പ്രധാനപ്പെട്ടതുമാണെന്നും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സൺ പറഞ്ഞു. ഗൾഫ് പ്രതിസന്ധി സംബന്ധിച്ച് അമേരിക്കക്ക് ആശങ്കയുണ്ടെന്നും മേഖലയെ അസ്ഥിരപ്പെടുത്തുന്നതിലേക്ക് അത് നയിക്കുമെന്നും ജി.സി.സി രാജ്യങ്ങൾക്കിടയിലെ ഐക്യത്തിന് തുരങ്കം വെക്കുന്നതാണ് പ്രതിസന്ധിയെന്നും പറഞ്ഞ അദ്ദേഹം, മേഖലയിൽ സുസ്ഥിരത നിലനിർത്തുന്നതിൽ ജി.സി.സിക്കുള്ള പങ്ക് നിസ്സാരമല്ലെന്നും വ്യക്തമാക്കി. വാഷിംഗ്ടണിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ടില്ലേഴ്സൺ.
പ്രതിസന്ധിയിൽ ഇരുവിഭാഗവുമായും അമേരിക്ക ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും പ്രതിസന്ധി പരിഹരിക്കുന്നതിന് നിർണായകമായ വിട്ടുവീഴ്ചകൾക്ക് തയറാകേണ്ടിയിരിക്കുന്നുവെന്നും ടില്ലേഴ്സൺ സൂചിപ്പിച്ചു. നേരിട്ടുള്ള ചർച്ചകൾ മാത്രമാണ് പരിഹാരത്തിന് ഏക പോംവഴിയെന്നും ഇതുവരെ ഇരുകൂട്ടരും അപ്രകാരം പ്രവർത്തിച്ചിട്ടില്ലെന്നും പറഞ്ഞ അമേരിക്കൻ വിദേശകാര്യസെക്രട്ടറി, ഒരു മേശക്ക് ചുറ്റുമിരുന്ന് പ്രതിസന്ധി പരിഹരിക്കാനാവശ്യമായ ചർച്ചകൾ ഉടൻ ആരംഭിക്കണമെന്നും ഭീകരവാദത്തെ തുരത്തുന്നതിൽ ജി.സി.സി രാജ്യങ്ങളുടെ ഐക്യം പ്രധാനപ്പെട്ടതാണെന്നും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.