ദോഹ: അടിമുടി പൊള്ളുന്ന ചൂടുകാലം വിട്ട്, നഗരവും മരുഭൂമിയും തണുപ്പിനെ പുണരാൻ തുടങ്ങവെ ശൈത്യകാല ക്യാമ്പിങ് സീസൺ പ്രഖ്യാപിച്ച് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. 2023-24 ക്യാമ്പിങ് സീസണിന് നവംബർ ഒന്നിന് തുടക്കമാകും.
രാജ്യത്തിലെ എല്ലാ ഭാഗങ്ങളിലെയും ക്യാമ്പിങ്ങിനുള്ള രജിസ്ട്രേഷൻ ഒക്ടോബർ 22ന് ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയാണ് ക്യാമ്പിങ്ങിന് പങ്കെടുക്കുന്നവർ രജിസ്റ്റർ ചെയ്യേണ്ടത്.
നവംബർ ഒന്നിന് തുടങ്ങുന്ന ക്യാമ്പിങ് സീസൺ ആറു മാസം നീണ്ടുനിൽക്കും. അടുത്ത വർഷം ഏപ്രിൽ 30ഓടെ മാത്രമായിരിക്കും സമാപിക്കുക. പരിസ്ഥിതി സംരക്ഷിക്കാനും, പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യാതെയും, രാജ്യത്തിന്റെ വന്യജീവി-പരിസ്ഥിതി ദുർബല മേഖലകൾക്ക് കോട്ടംവരുത്താതെയും ക്യാമ്പ് അംഗങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു.
50 ഡിഗ്രി വരെ ഉയർന്ന കടുത്ത ചൂടു കാലത്തിനുശേഷമാണ് രാജ്യം തണുപ്പിലേക്ക് നീങ്ങുന്നത്. വരും ആഴ്ചകളിൽ കാലാവസ്ഥാ മാറ്റം സജീവമാകുമെന്നും തണുപ്പിലേക്ക് നീങ്ങുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശൈത്യകാല ക്യാമ്പിങ്ങിന് തുടക്കമാവുന്നത് സംബന്ധിച്ച് മന്ത്രാലയം വാർത്ത സമ്മേളനത്തിൽ അറിയച്ചത്.
മൂന്നു ഘട്ടങ്ങളായാണ് ക്യാമ്പിങ് രജിസ്ട്രേഷൻ നടക്കുന്നത്. ഒക്ടോബർ 22 മുതൽ 24 വരെ സെൻട്രൽ മേഖലയിലെ ക്യാമ്പിങ്ങിന് രജിസ്റ്റർ ചെയ്യാം. 25 മുതൽ 27 വരെ ദക്ഷിണ മേഖലയിലെയും, 28 മുതൽ 31 വരെ വടക്കൻ മേഖലയിലെയും രജിസ്ട്രേഷൻ നടക്കും. ഫീസ് അടച്ചാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഫാമുകൾ, ഗ്രാമങ്ങൾ, വീടുകൾ തുടങ്ങിയ മേഖലകളിൽ നിന്നും അകലം പാലിച്ചാണ് ക്യാമ്പുകൾ തയാറാക്കേണ്ടത്. മന്ത്രാലയത്തിന്റെ പ്രത്യേക സംഘത്തിന്റെ കർശന നിരീക്ഷണവുമുണ്ടാവും. വിവിധ കേന്ദ്രങ്ങളിൽ ബോധവൽകരണ പരിപാടികൾ നടത്തും.
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി മരങ്ങളും വിത്തുകളും വിതരണം ചെയ്യും. ട്രാഫിക് വിഭാഗത്തിന്റെ മേൽനോട്ടത്തിലാവും ക്യാമ്പിങ്ങിനുളള കരാവനുകൾ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കുന്നത്. ക്യാമ്പിങ് ഏരിയയിലേക്ക് മോട്ടോർ സൈക്കിൾ, ഷോപ്പുകൾ തുടങ്ങിയവയുടെ വാടക കൈകാര്യം ചെയ്യുന്നവർക്കുള്ള മാർഗനിർദേശങ്ങളും അധികൃതർ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.