ദോഹ: ലോകത്തിലെ ഏറ്റവും മികച്ച വിമാനക്കമ്പനിയായി ഖത്തർ എയർവേസിനെ തെരഞ്ഞെടുത്തു. േവ്യാമയാനരംഗത്തെ സുരക്ഷയും സേവന മികവും വിലയിരുത്തുന്ന റേറ്റിങ് ഏജൻസിയായ ആസ്ട്രേലിയയിലെ എയർലൈൻ റേറ്റിങ്ങിൻെറ 2021ലെ പട്ടികയിലാണ് ഖത്തർ എയർവേസിനെ ലോകത്തിലെ ഏറ്റവും മികച്ച വിമാനക്കമ്പനിയായി തെരഞ്ഞെടുത്തത്. ബെസ്റ്റ് മിഡിൽ ഈസ്റ്റ് എയർലൈൻസ്, മികച്ച കാറ്ററിങ് സംവിധാനം, ഏറ്റവും മികച്ച ബിസിനസ് ക്ലാസ് എന്നീ പുരസ്കാരങ്ങളും ഖത്തർ എയർവേസ് സ്വന്തമാക്കി.
തുടർച്ചയായി മൂന്നാമത്തെ തവണയാണ് ബെസ്റ്റ് ബിസിനസ് ക്ലാസ് സർവിസിനുള്ള പുരസ്കാരം ഖത്തർ എയർവേസ് സ്വന്തമാക്കുന്നത്. വ്യോമയാന മേഖലയിലെ വിദഗ്ധരും സുരക്ഷാ വിഭാഗവും നടത്തുന്ന പരിശോധനയുടെ അടിസ്ഥാനത്തിലാണ് എയർലൈൻസ് റേറ്റിങ് നിശ്ചയിക്കുന്നത്. യാത്രക്കുള്ള സുരക്ഷ, യത്രക്കാരുടെ സംതൃപ്തി, അവർക്ക് ലഭ്യമാവുന്ന സേവനങ്ങൾ എന്നിവക്കാണ് മുൻഗണന. ഈ ഘടകങ്ങളുടെയെല്ലാം വിലയിരുത്തലിൻെറ അടിസ്ഥാനത്തിൽ നിശ്ചയിച്ച റേറ്റിങ്ങിലാണ് ഖത്തർ എയർവേസ് ഒന്നാം സ്ഥാനത്തെത്തിയത്.
കോവിഡ് ലോകത്തെല്ലായിടത്തും ദുരിതം തീർത്ത നാളിൽ ഇടതടവില്ലാതെ സർവിസ് നടത്തിയും ഏറ്റവും സുരക്ഷിതമായ യാത്ര ഒരുക്കിയുമാണ് ഖത്തർ എയർവേസ് ഒന്നാമതായത്. 'ഈ വർഷത്തെ ഏറ്റവും മികച്ച എയർലൈനായി ഖത്തർ എയർവേസ് മാറിയിരിക്കുന്നു. മധ്യേഷ്യയിലും നമ്പർ വൺ ആണ്. കഴിഞ്ഞ 16 മാസം വ്യോമയാന മേഖല കടുത്ത പ്രതിസന്ധി നേരിടുകയും, ഒട്ടേറെ വിമാനക്കമ്പനികൾ സേവനം നിർത്തിവെക്കുകയും ചെയ്തപ്പോഴും ഉത്തരവാദിത്തത്തോടെ സേവനം ചെയ്താണ് ഖത്തർ എയർവേസ് വേറിട്ട മാതൃക തീർത്തത്. യാത്രക്കാർക്ക് ഏറ്റവും വിശിഷ്ടവും സുരക്ഷിതവുമായ അനുഭവം സൃഷ്ടിക്കുകയെന്നത് ഞങ്ങളുടെ രക്തത്തിൽ അലിഞ്ഞുചേർന്നതാണ്. ആകാശത്തും ഭൂമിയിലും പഞ്ചനക്ഷത്ര സൗകര്യത്തോടെ ആരോഗ്യകരവും സംതൃപ്തവുമായ സേവനമൊരുക്കുകയാണ് ലക്ഷ്യം.
അതിനുള്ള അംഗീകാരമാണ് ഈ പുരസ്കാരം' -ഖത്തർ എയർവേസ് ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് അക്ബർ അൽ ബാകിർ പറഞ്ഞു. എയർ ന്യൂസിലൻഡ്, സിംഗപ്പൂർ എയർലൈൻസ്, കൻറാസ് (ആസ്ട്രേലിയ), എമിറേറ്റ്സ് (യു.എ.ഇ), കാതായ് പസഫിക് (ഹോങ്കോങ്), വിർജിൻ അറ്റ്ലാൻറിക് (ബ്രിട്ടൻ), യുനൈറ്റഡ് എയർലൈൻസ് (അമേരിക്ക), ഇ.വി.എ എയർ (തായ്വാൻ), ബ്രിട്ടീഷ് എയർവേസ് എന്നിവരാണ് ആദ്യ 10 സ്ഥാനങ്ങളിൽ. യു.എ.ഇയുടെ മറ്റൊരു വിമാന കമ്പനിയായ ഇത്തിഹാദ് എയർവേസാണ് 20 അംഗ പട്ടികയിലെ അവസാന സ്ഥാനക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.