ദോഹ: ചൈനയിൽ ഗോൾഡൻ വീക്ക് അവധിക്കാലം തുടങ്ങാനിരിക്കെ ദോഹക്കും ബെയ്ജിങ്ങിനുമിടയിലുള്ള വിമാന സർവിസുകളുടെ എണ്ണം വർധിപ്പിക്കാനും തങ്ങളുടെ കോഡ്ഷെയർ പങ്കാളിത്തം വിപുലീകരിക്കാനും ഖത്തർ എയർവേസും ചൈന സതേൺ എയർലൈൻസും തമ്മിൽ തീരുമാനം. കഴിഞ്ഞ വർഷം ഒപ്പുവെച്ച ധാരണപത്രത്തിന്റെ തുടർച്ചയായി, ചൈനയിൽനിന്നുള്ള യാത്രക്കാർക്ക് മികച്ച യാത്രാസൗകര്യം ലഭ്യമാക്കുന്നതിൽ ഇരു കമ്പനികളുടെയും ഉത്തരവാദിത്തം ഇത് ഉറപ്പാക്കുന്നു. ഒക്ടോബർ 16 മുതൽ, ബെയ്ജിങ് ഡാക്സിങ്ങിനും ദോഹക്കുമിടയിൽ ആഴ്ചയിൽ മൂന്നുതവണ ചൈന സതേൺ നടത്തുന്ന നേരിട്ടുള്ള വിമാനങ്ങളിൽ ഖത്തർ എയർവേസ് തങ്ങളുടെ കോഡ് പങ്കിടും.
അതുപോലെ ഖത്തർ എയർവേസ് ദോഹയിൽനിന്ന് ആഫ്രിക്ക, യൂറോപ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ അമ്മാൻ, ആതൻസ്, ബാഴ്സലോണ, കൈറോ, ദാറുസ്സലാം, മഡ്രിഡ്, മ്യൂണിച്ച് എന്നിവയുൾപ്പെടെ 15 സ്ഥലങ്ങളിലേക്ക് നടത്തുന്ന വിമാനങ്ങളിൽ ചൈന സതേൺ തങ്ങളുടെ കോഡ് വിപുലീകരിക്കും.
2025ൽ സ്കൈട്രാക്സ് മിഡിൽ ഈസ്റ്റിലെ മികച്ച വിമാനത്താവളമായി തിരഞ്ഞെടുത്ത ദോഹ ഹമദ് ഇന്റർനാഷനൽ എയർപോർട്ട് വഴി 170ലധികം സ്ഥലങ്ങളിലേക്ക് ചൈനീസ് യാത്രക്കാർക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും. 2024 ഏപ്രിൽ മുതൽ ഗ്വാങ്ഷൗവിനും ദോഹക്കുമിടയിൽ ചൈന സതേൺ നടത്തുന്ന വിമാനങ്ങളിൽ ഖത്തർ എയർവേസ് കോഡ് ചേർത്തിട്ടുണ്ട്. ഗ്വാങ്ഷൗവിൽ നിന്നും ബെയ്ജിങ് ഡാക്സിങ്ങിൽ നിന്നും നിലവിലുള്ള കോഡ്ഷെയറുകൾക്ക് പുറമെ, ചൈനീസ് സർക്കാറിന്റെ അംഗീകാരത്തിന് വിധേയമായി, ദോഹക്കും ചൈനയിലെ നാല് പ്രധാന നഗരങ്ങളായ ചെങ്ഡു ടിയാൻഫു, ചോങ്കിങ്, ഹാങ്ഷൗ, ഷാങ്ഹായ് എന്നിവയിലേക്കുള്ള ചൈന സതേൺ തങ്ങളുടെ കോഡ് വ്യാപിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.