ക്യു ഗെറ്റ് ഗ്രോ യുവർ ഗ്രീൻ സംഘാംഗങ്ങൾ തങ്ങളുടെ പച്ചക്കറിത്തോട്ടത്തിൽ
ദോഹ: വിളവെടുപ്പും തൈ നടലുമായി തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളജ് ഖത്തർ പൂർവവിദ്യാർഥി കൂട്ടായ്മയായ ക്യു ഗെറ്റിന്റെ പരിസ്ഥിതി ദിനാഘോഷം. ‘ഗ്രോ യുവർ ഗ്രീൻ ഫുഡ്’ എന്ന പേരിലെ കാർഷിക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് എം.ഇ.എസ് ഇന്ത്യൻ സ്കൂളിന് സമീപത്തെ മണ്ണിൽ വിത്തിറക്കി വിളവെടുപ്പ് നടത്തിയത്. ജോലിത്തിരക്കിനിടയിൽ മാറ്റിവെക്കുന്ന ഇത്തിരി നേരം ഉപയോഗപ്പെടുത്തിയാണ് കൃഷി സജീവമാക്കുന്നത്. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി വിത്തിറക്കിയതിനു പിന്നാലെ അംഗങ്ങളും വിദ്യാർഥികളും ചേർന്ന് നനച്ചും വളം ചേർത്തും തുടങ്ങിയതാണ് പരിചരണം. നവംബർ മുതൽ തന്നെ വിവിധ ഇനങ്ങളുടെ വിളവെടുപ്പിനും തുടക്കം കുറിച്ചിരുന്നു.
മികച്ച പരിചരണം നൽകിയതോടെ മരുഭൂമിയിൽ വഴുതിന, തക്കാളി, മത്തൻ, കുമ്പള മുതൽ കാബേജ് ഉൾപ്പെടെ വിവിധ പച്ചക്കറികൾ വളർന്നു പന്തലിച്ചു. 300ൽ ഏറെ പേർ അംഗങ്ങളായ ക്യൂ ഗെറ്റ് അലുമ്നിയിലെ 85ഓളം പേരാണ് ഗ്രോ യുവർ ഗ്രീൻ കാർഷിക കൂട്ടായ്മയിലുള്ളത്. ഖത്തർ ദേശീയ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചായിരുന്നു കഴിഞ്ഞയാഴ്ച വിളവെടുപ്പും തൈ നടലും സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു. ആഘോഷ പരിപാടികൾ ക്യു ഗെറ്റ് പ്രസിഡന്റ് ടോമി വർക്കി ഉദ്ഘാടനം ചെയ്തു.
മനസ്സിൽ ആർദ്രതയുള്ളവരാണ് മണ്ണിനെ സ്നേഹിച്ച് മണ്ണിൽ പണിയെടുക്കുന്നവരെന്നും, ആർദ്രതയുള്ള മനസ്സുകളുടെ അഭാവമാണ് സമൂഹത്തിൽ വളർന്നുവരുന്ന ക്രൂരതകൾക്കാധാരമെന്നും മുഖ്യപ്രഭാഷണം നടത്തിയ ട്രഷറർ വർഗീസ് പറഞ്ഞു. പരിപാടിയിൽ പങ്കെടുത്ത കുട്ടികൾ, തൈകൾ നട്ടാണ് പരിസ്ഥിതി ദിനാഘോഷ പരിപാടികൾക്ക് തുടക്കമിട്ടത്. ഗ്രീഷ്മ, ഗോപാൽ റാവു, നിഷൽ പി.ജി, ജോൺസൺ ബേബി, മുഹിയദ്ദീൻ, പ്രദോഷ്, ഇർഷാദ് ഷാഫി, സജീവ് കുമാർ വി.കെ., പ്രിയ ജോൺസൺ, റോബിൻ ജോസ്, ലവ്ബിൻ, രാജേഷ്, അഭിലാഷ് എന്നിവർ നേതൃത്വം നൽകി. തുടർച്ചയായി രണ്ടാം സീസണിലാണ് ക്യു ഗെറ്റ് നേതൃത്വത്തിൽ ഓർഗാനിക് കൃഷി നടത്തുന്നതെന്ന് ജനറൽ കൺവീനർ ഡയസ് തോട്ടൻ പറഞ്ഞു. കഴിഞ്ഞ വർഷം കമ്യൂണിറ്റി കൃഷിയിലൂടെ 200 കിലോ പച്ചക്കറികൾ വിളവെടുത്തതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.