ദോഹ: രണ്ട് പെരുന്നാളുകളും ദേശീയ ദിനവും ഉൾപ്പെടെ ഖത്തറിലെ പൊതു അവധി ദിവസങ്ങൾ സംബന്ധിച്ച മന്ത്രിസഭ തീരുമാനത്തിന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയുടെ അംഗീകാരം.ചെറിയ പെരുന്നാൾ, ബലി പെരുന്നാൾ, ദേശീയ ദിനം എന്നീ ആഘോഷങ്ങളിലെ ഔദ്യോഗിക അവധി പ്രഖ്യാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ച് വിജ്ഞാപനമായി. മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതു മേഖല സ്ഥാനങ്ങൾ എന്നിവക്കുള്ള അവധികൾ ഇപ്രകാരമായിരിക്കും.ഈദുൽ ഫിത്ർ (ചെറിയ പെരുന്നാൾ): റമദാൻ 28 മുതൽ ശവ്വാൽ നാല് വരെ.ഈദുൽ അദ്ഹ (ബലിപെരുന്നാൾ): ദുൽഹജ്ജ് ഒമ്പത് മുതൽ 13 വരെ.ഖത്തർ ദേശീയ ദിനം: ഡിസംബർ 18.
അതേസമയം, രണ്ട് ഔദ്യോഗിക അവധി ദിവസങ്ങൾക്കിടയിൽ ഒരു പ്രവൃത്തി ദിനം വന്നാൽ ഇത് അവധിയായി പരിഗണിക്കും. (ഉദാഹരണം: പെരുന്നാൾ അവധി അവസാനിക്കുന്നത് ബുധനാഴ്ചയും, വെള്ളി -ശനി വാരാന്ത്യ അവധിയും കണക്കാക്കുമ്പോൾ, വ്യാഴാഴ്ച അവധിയായിമാറും).വാരാന്ത്യ അവധി ദിവസങ്ങളോ ഉൾപ്പെട്ടാൽ ഇതും അവധിയായി പരിഗണിക്കുമെന്നും ഗസറ്റ് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. പൊതു അവധി ദിനങ്ങൾക്കിടയിൽ വാരാന്ത്യ അവധി വന്നാൽ, അത് ഔദ്യോഗിക അവധി ദിനത്തിൽ ഉൾപ്പെടുത്തുമെന്നും ഗസറ്റിൽ പറയുന്നു. വെള്ളി, ശനി ദിവസങ്ങളിലാണ് ഖത്തറിൽ വാരാന്ത്യ അവധി ദിവസങ്ങൾ. പുതിയ തീരുമാന പ്രകാരം ജൂൺ അഞ്ച് മുതൽ ഒമ്പത് വരെയാകും ഇത്തവണത്തെ ബലിപെരുന്നാൾ അവധി.
രണ്ടു പെരുന്നാളിന്റെയും അവധി ദിവസങ്ങൾ ഔദ്യോഗിക ഗസറ്റ് പ്രകാരം നേരത്തേ പ്രഖ്യാപിക്കപ്പെടുന്നതിനാൽ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് അവധി ദിനങ്ങളിൽ നാട്ടിലേക്ക് പോകാനും മറ്റു യാത്രകളും ഷെഡ്യുൾ ചെയ്യാനും എളുപ്പമാകുമെന്നതാണ് സവിശേഷത.
അതേസമയം, വാരാന്ത്യങ്ങൾ ദേശീയ അവധി ദിനങ്ങൾക്കുള്ളിൽ വരുമ്പോൾ അവധിയായി പരിഗണിക്കുന്നത് ആകെ അവധി ദിനങ്ങളുടെ എണ്ണത്തിൽ കുറവിന് കാരണമായേക്കാം. നേരത്തേ വാരാന്ത്യം ഉൾപ്പെടെ 11 ദിവസം വരെ അവധിയുമായി നാട്ടിലേക്കും മറ്റും യാത്രപോവുന്ന പ്രവാസികൾക്കാണ് തിരിച്ചടിയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.