ദോഹ: ഓപൺ ഡേറ്റക്കും വിവരങ്ങൾക്കുമുള്ള ദേശീയ പ്ലാറ്റ്ഫോമായ ഖത്തർ ഓപൺ ഡേറ്റാ പോർട്ടലിന്റെ (www.data.gov.qa) രണ്ടാം പതിപ്പ് പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി പുറത്തിറക്കി. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി നിർമിച്ച പോർട്ടലിന്റെ ആദ്യ പതിപ്പ് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയാണ് പുറത്തിറക്കിയിരുന്നത്. 2023ന്റെ ആരംഭം മുതൽ ഈ പോർട്ടൽ പ്രവർത്തിപ്പിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള ഉത്തരവാദിത്തവും അധികാരവും പി.എസ്.എക്ക് മന്ത്രാലയം കൈമാറിയിരുന്നു. രാജ്യത്തെ വിവിധ മന്ത്രാലയങ്ങളുമായും സർക്കാർ ഏജൻസികളുമായും ദേശീയ പങ്കാളിത്തത്തിലൂടെ നിരവധി വിഷയങ്ങൾ ഉൾക്കൊള്ളുന്ന പരിഷ്കരിച്ച ഒരു വിവര പോർട്ടലാണ് പി.എസ്.എ പുറത്തിറക്കിയിരിക്കുന്നത്.
വിവിധ വിഷയങ്ങൾക്കനുസരിച്ചുള്ള വിവരങ്ങൾ, പോസ്റ്റ് ചെയ്ത മെറ്റീരിയലുകളുടെ സ്വഭാവത്തിനും ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കും അനുസൃതമായി വ്യത്യസ്ത രൂപങ്ങളിൽ വേഗത്തിൽ പ്രദർശിപ്പിക്കാൻ പോർട്ടലിന് സാധിക്കും.
ഖത്തർ ഓപൺ ഡേറ്റാ പോർട്ടലിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കുന്നതിൽ പ്രധാന പങ്കുവഹിച്ച കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിലെയും പി.എസ്.എ ടീമിലെയും എല്ലാ പങ്കാളികൾക്കും അവരുടെ പരിശ്രമങ്ങളുടെ പേരിൽ അഭിനന്ദനമറിയിക്കുന്നുവെന്ന് പി.എസ്.എ പ്രസിഡന്റ് ഡോ. സാലിഹ് ബിൻ മുഹമ്മദ് അൽ നാബിത് പറഞ്ഞു.
ഖത്തർ ഓപൺ ഡേറ്റാ പോർട്ടലിന്റെ വിജയം ഈ പോർട്ടലിലെ വിവരങ്ങൾ നൽകാനുള്ള പങ്കാളികളുടെ പ്രതിബദ്ധതയെ ആശ്രയിച്ചിരിക്കുന്നുവെന്ന് ഇൻഫർമേഷൻ സിസ്റ്റംസ് വിഭാഗം മേധാവിയും പി.എസ്.എ പ്രസിഡന്റ് ഓഫിസ് ഉപദേഷ്ടാവുമായ ഡോ. ഖാലിദ് അലി അൽ ഖുറദാഗി പറഞ്ഞു. ജനസംഖ്യ, വിലസൂചികകൾ, വ്യാപാരം, പരിസ്ഥിതി, ഊർജം, സമ്പദ് വ്യവസ്ഥ തുടങ്ങി നിരവധി വിഷയങ്ങൾ പോർട്ടലിലുൾപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം കൂടുതൽ വിവരങ്ങളും ഗ്രാഫുകളും മറ്റും ഉപയോഗിച്ച് സ്ഥിതിവിവരക്കണക്കുകളുടെ ഉള്ളടക്കങ്ങൾ കാലാനുസൃതമായി പുതുക്കുന്നത് പി.എസ്.എ തുടരും. ദേശീയവികസനവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളാൽ തരംതിരിച്ച കഴിഞ്ഞ അഞ്ച് വർഷത്തെ വിശദ വിവരങ്ങൾ പോർട്ടലിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.