പൊലീസ് കോളജ് ഏഴാമത് ബാച്ച് ബിരുദദാന ചടങ്ങിൽ അമീർ ശൈഖ് തമീം ബിൻ ഹമദ്
ആൽഥാനി പങ്കെടുക്കുന്നു
ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ സാക്ഷിയാക്കി പൊലീസ് കോളജ് ഏഴാമത് ബാച്ച് രാജ്യ സുരക്ഷക്കായി സേവന പാതയിലേക്ക്. അൽ സൈലിയ പൊലീസ് അക്കാദമിയുടെ ഭാഗമായി പൊലീസ് കോളജിൽനിന്നും പഠനവും പരിശീലനവും പൂർത്തിയാക്കിയ 136 ബിരുദധാരികളായ സേനാ അംഗങ്ങളാണ് പുറത്തിറങ്ങിയത്. ഖത്തർ, ഫലസ്തീൻ, ഇറാഖ്, സോമാലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ബിരുദധാരികളാണ് പാസിങ് ഔട്ട് പരേഡിൽ പങ്കെടുത്തത്.
വിശുദ്ധ ഖുർആൻ പാരായണവും ദേശീയഗാനവുമായി തുടങ്ങിയ ചടങ്ങിൽ മിലിട്ടറി പരേഡ്, പുതിയ കാഡറ്റുകളുടെ മാർച്ച് എന്നിവക്കും അമീർ സാക്ഷ്യം വഹിച്ചു. തുടർന്ന് അമീർ കാഡറ്റുകളുടെ ഗാർഡ് ഓഫ് ഓണർ പരിശോധിക്കുകയും, മികച്ച വിജയം നേടിയ കാഡറ്റുകളെ ആദരിക്കുകയും ചെയ്തു. ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെ നടന്ന മാർച്ച് പാസ്റ്റ് ചടുലമായ നീക്കങ്ങളിലൂടെ ആകർഷകമായ ദൃശ്യഭംഗികൊണ്ടും ശ്രദ്ധേയമായി. അതിവേഗത്തിൽ മാറിമറിയുന്ന രൂപങ്ങളും ലോഗോ മാതൃകകളും മാർച്ച് പാസ്റ്റിലൂടെ സൃഷ്ടിച്ചപ്പോൾ സൈലിയ അക്കാദമി ഗ്രൗണ്ടിന് ചുറ്റിലും ഗാലറിയിൽ അണിനിരന്നവർ കൈയടിച്ച് സ്വാഗതം ചെയ്തു.
പൊലീസ് കോളജ് ബിരുദദാന പരിപാടിയിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പങ്കെടുക്കുന്നു
ചടങ്ങുകളുടെ സമാപനത്തിൽ, ഏഴാം ബാച്ച് അടുത്ത വർഷം പുറത്തിറങ്ങുന്ന എട്ടാം ബാച്ചിന് പതാക കൈമാറി. പരേഡിന് ശേഷം, പുതിയ പദവികളിലേക്ക് നിയമിക്കപ്പെടുന്ന കാഡറ്റുകൾ യൂനിഫോമിൽ അണിനിരത്തു.
ഭാവിയിലെ ഉദ്യോഗസ്ഥാരായ പൊലീസ് അക്കാദമി സ്കൂൾ വിദ്യാർഥികളും ആകർഷകമായ പ്രകടനം കാഴ്ചവെച്ചു. ആഭ്യന്തര മന്ത്രി ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി, ഇറാഖ് ആഭ്യന്തര മന്ത്രി ലഫ്. ജനറൽ അബ്ദുൽ അമീർ കമൽ അൽ ഷമ്മാരി, ഫലസ്തീൻ ആഭ്യന്തര മന്ത്രി മേജർ ജനറൽ സിയാദ് മഹ്മൂദ് ഹബ് അൽ റീഹ്, സൗഹൃദ രാഷ്ട്രങ്ങളുടെ മുതിർന്ന സുരക്ഷാ, സൈനിക മേധാവികൾ, വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.
പൊലീസ് കോളജ് ബിരുദദാന ചടങ്ങിനിടെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സേനാ പരേഡ് പരിശോധിക്കുന്നു
പൊലീസ് കോളജ് ബിരുദദാന ചടങ്ങിനിടെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സേനാ പരേഡ് പരിശോധിക്കുന്നു
ഖത്തർ പ്രതിരോധ, ആഭ്യന്തര മന്ത്രാലയം പ്രതിനിധികൾ, അമിരി ഗാർഡ്, സ്റ്റേറ്റ് സെക്യൂരിറ്റി ഗാർഡ്, ലഖ്വിയ തുടങ്ങി സേനാ വിഭാഗങ്ങളുടെ മുതിർന്ന ഉദ്യോഗസ്ഥരും പുതിയ ബാച്ചിൽനിന്നുള്ള കാഡറ്റുകളും കുടുംബാംഗങ്ങളും സാക്ഷിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.