സുപ്രിയ സുലെ, രാജീവ് പ്രതാപ് റുഡി, വിക്രംജിത് സിങ് സാഹ്നി, മനീഷ് തിവാരി, അനുരാഗ് സിങ് ഠാകുർ, ലവ്റു ശ്രീകൃഷ്ണ ദേവരായലു, ആനന്ദ് ശർമ, വി.മുരളീധരൻ, സയിദ് അക്ബറുദ്ദീൻ
ദോഹ: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂർ സംബന്ധിച്ച് രാജ്യത്തിന്റെ നിലപാടും ന്യായവും വിശദീകരിക്കാനായി സർവകക്ഷി പ്രതിനിധി സംഘം ശനിയാഴ്ച ഖത്തറിലെത്തുന്നു.
എൻ.സി.പി ദേശീയ വർക്കിങ് പ്രസിഡന്റും പാർലമെന്റ് അംഗവുമായ സുപ്രിയ സുലെയുടെ നേതൃത്വത്തിൽ ആറംഗ സംഘമാണ് ഖത്തർ ഉൾപ്പെടെ രാജ്യങ്ങളിലെ പര്യടനത്തിനായി ശനിയാഴ്ച പുറപ്പെടുന്നത്. മുൻ വിദേശകാര്യ സഹമന്ത്രിയും മലയാളിയുമായ വി. മുരളീധരൻ, പാർലമെന്റ് അംഗങ്ങളായ രാജീവ് പ്രതാപ് റുഡി (ബി.ജെ.പി), വിക്രംജിത് സിങ് സാഹ്നി (എ.എ.പി), മനീഷ് തിവാരി (കോൺഗ്രസ്), അനുരാഗ് സിങ് ഠാകുർ (ബി.ജെ.പി), ലവ്റു ശ്രീകൃഷ്ണ ദേവരായലു (ടി.ഡി.പി), മുൻ വ്യവസായ മന്ത്രി ആനന്ദ് ശർമ (കോൺഗ്രസ്), യു.എന്നിലെ മുൻ സ്ഥിരം പ്രതിനിധിയും മുൻ വിദേശകാര്യ വക്താവുമായ സയ്യിദ് അക്ബറുദ്ദീൻ എന്നിവരാണ് സംഘത്തിലുള്ളത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നായി വ്യത്യസ്ത സമയങ്ങളിൽ ദോഹയിലെത്തുന്ന പ്രതിനിധി സംഘാംഗങ്ങൾ ഞായർ, തിങ്കൾ ദിവസങ്ങളിലായി ദൗത്യങ്ങൾ നിർവഹിക്കും.
രണ്ടു ദിവസത്തെ ഖത്തർ സന്ദർശനത്തിനുശേഷം ഈജിപ്ത്, ഇത്യോപ്യ, ദക്ഷിണാഫ്രിക്ക രാജ്യങ്ങളിലേക്ക് പുറപ്പെടും. ഖത്തറിലെ വിവിധ മന്ത്രാലയങ്ങൾ, പ്രതിനിധികൾ എന്നിവരെ സന്ദർശിക്കുന്ന സർവകക്ഷിസംഘം കൂടിക്കാഴ്ചകൾ നടത്തുകയും, പഹൽഗാം ഭീകരാക്രമണവും, തുടർന്നുള്ള ഇന്ത്യയുടെ സൈനിക നടപടികളും സാഹചര്യങ്ങളും വിശദീകരിക്കും. ഓപറേഷന് സിന്ദൂറിന് പിന്നാലെയുണ്ടായ ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ നിലപാട് വിശദീകരിക്കുകയാണ് പ്രത്യേക സർവകക്ഷി സംഘത്തിന്റെ ദൗത്യം. ആകെ ഏഴു സംഘങ്ങളിലായി 33 രാജ്യങ്ങളിലാണ് സന്ദർശനം നടത്തുന്നത്. എം.പിമാർ, മുൻ മന്ത്രിമാർ, രാഷ്ട്രീയക്കാർ, നയതന്ത്രജ്ഞർ ഉൾപ്പെടെ 59 പേരാണ് ഏഴു സംഘങ്ങളിലായുള്ളത്. സന്ദർശനത്തിനിടെ അഞ്ച് തലങ്ങളിലുള്ള ചര്‍ച്ചകളും കൂടിക്കാഴ്ചകളും സംവാദങ്ങളും നടക്കും. ഭരണരംഗം, പാര്ലമെന്റുകള്, അക്കാദമിക് സമൂഹം, മാധ്യമങ്ങള്‍, ഇന്ത്യന്‍ സമൂഹം എന്നിവരുമായാണ് കൂടിക്കാഴ്ചകളും ആശയവിനിമയങ്ങളും നടത്തുന്നത്.
സൗദി, കുവൈത്ത് ഉൾപ്പെടെ രാജ്യങ്ങളിലേക്കുള്ള ബൈജയന്ത് പാണ്ഡെ നേതൃത്വത്തിലെ സംഘം 27ന് സൗദിയിലെത്തും. ഇ.ടി. മുഹമ്മദ് ബഷീർ അംഗമായ ശ്രീകാന്ത് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ യു.എ.ഇ സന്ദർശനം വെള്ളിയാഴ്ച അവസാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.