ദോഹ: കടലിനക്കരെയാണെങ്കിലും നാട്ടുരുചിയോടെ ഓണസദ്യ തീൻ മേശയിലെത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് പ്രവാസി മലയാളികൾ. നാട്ടിലും വീട്ടിലും ബന്ധുക്കളും സുഹൃത്തുക്കളും നൂറുകൂട്ടം വിഭവങ്ങളുമായി സദ്യയുണ്ണുമ്പോൾ പ്രവാസത്തിലാണെങ്കിലും ഓണസദ്യ നഷ്ടമാക്കുന്നതെങ്ങനെ. അവർക്ക് സന്തോഷമായാണ് വിവിധ റെസ്റ്റാറന്റുകളും ഹൈപ്പർമാർക്കറ്റുകളും ഓണസദ്യ വിപണി ആരംഭിച്ചിരിക്കുന്നത്. അതേസമയം, പച്ചക്കറികളുടെ വിലവർധനവ് മൂലം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സദ്യ നിരക്കുകളിൽ നേരിയ വർധനവുണ്ടായിട്ടുണ്ട്.
ജോലിത്തിരക്കുകൾ കാരണം തിരുവോണ നാളിൽ വീടുകളിൽ സദ്യയൊരുക്കാൻ കഴിയാത്ത കുടുംബങ്ങൾക്കും ബാച്ചിലേഴ്സിനും ആശ്വാസമായി ദോഹയിലെ പ്രമുഖ റെസ്റ്റോറന്റുകളും ഹൈപ്പർമാർക്കറ്റുകളും വിപുലമായ ഓണസദ്യ പാക്കേജുകൾ പ്രഖ്യാപിച്ചു.
കൗണ്ടറുകൾ വഴിയും ഓൺലൈൻ വഴിയും ബുക്കിങ് പുരോഗമിക്കുകയാണ്. പ്രവാസി മലയാളികൾക്കായി 29 റിയാൽ മുതൽ വിവിധ നിരക്കുകളിൽ സദ്യകൾ ലഭ്യമാണ്. തിരുവോണ നാളിലേക്ക് ദിവസങ്ങളടുത്തതോടെ എല്ലായിടത്തും ബുക്കിങ്ങും സജീവമാണ്. ചൊവ്വാഴ്ച വൈകീട്ടുവരെ ബുക്കിങ് ഓർഡറുകൾ സ്വീകകരിക്കും. തിരുവോണ നാളിൽ രാവിലെ നേരിട്ടെത്തി ഓർഡറുകൾ വാങ്ങിക്കാവുന്നതുമാണ്.
ഉപ്പും വെള്ളവും തൂശനിലയും മുതൽ അടപ്രഥമൻ, പാലട ഉൾപ്പെടെ പായസങ്ങൾ അടങ്ങിയതാണ് ഓരോ സ്ഥാപനങ്ങളുടെയും സദ്യ ഓഫറുകൾ. പ്രമുഖ ഹൈപ്പർമാർക്കറ്റ് ശ്രംഖലയായ ലുലുവിൽ സദ്യ ബുക്കിങ് നേരത്തേ ആരംഭിച്ചിട്ടുണ്ട്. 22 ഇനങ്ങളുള്ള വിഭവ സമൃദ്ധമായ സദ്യക്ക് 33.50 റിയാലാണ് വില. കൂടാതെ പാലട, അടപ്രഥമൻ, സേമിയ ഉൾപ്പടെ വിവിധതരം പായസങ്ങളുമായി പായസമേളയും ലുലു ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. സഫാരിയിൽ 25 കൂട്ടം വിഭവങ്ങളടങ്ങിയ വിഭവ സമൃദ്ധമായ സദ്യക്ക് 36 റിയാലാണ് നിരക്ക്. കൂടാതെ, ഒരു സദ്യ വാങ്ങിക്കുമ്പോൾ ഒരു മുണ്ട് സൗജന്യമായി ലഭിക്കുന്നു. മുൻകൂട്ടി ബുക്കു ചെയ്യുന്ന ആദ്യത്തെ 2000പാർക്കാണ് ഈ ഓഫർ ലഭ്യമാക്കുന്നത്.
ഗ്രാൻഡ് മാളിൽ 29 വിഭവങ്ങളടങ്ങിയ ഓണസദ്യക്ക് 29 റിയാലാണ് ഈടാക്കുന്നത്. ഫാമിലി ഫുഡ് സെന്ററിൽ 26 വിഭവങ്ങൾ അടങ്ങിയ സദ്യക്ക് 33 റിയാലാണ് നിരക്ക്. 25 വിഭവങ്ങളുമായി മാർക്ക് ആൻഡ് സേവി ഒരുക്കുന്ന സദ്യക്ക് 29.75 ആണ് നിരക്ക്. റെസ്റ്റോറന്റുകളിൽ പാർസലും ഡൈനിങ്ങും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയാണ് ഓണസദ്യക്ക് പ്രവാസികളെ സ്വാഗതം ചെയ്യുന്നത്. കുറഞ്ഞ നിരക്കുകളുമായി ഖത്തറിലെ വിവിധ ഹോട്ടലുകളിലും ഓണ സദ്യ ഓഫർ സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.