ദോഹ: യുദ്ധക്കെടുതിമൂലം ദുരിതമനുഭവിക്കുന്ന യമനിലെ ജനങ്ങൾക്ക് അടിയന്തര ആരോഗ്യ -പോഷകാഹാര സേവനങ്ങളും സാമ്പത്തിക സഹായവും ലഭ്യമാക്കി ഖത്തർ. റെഡ് ക്രസന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ അൽ ഹുദൈദ ഗവർണറേറ്റിലെ അൽ സൈദിയ, അൽ ദാഹി എന്നീ ജില്ലകളിലാണ് വിവിധ സഹായ പദ്ധതികൾക്ക് തുടക്കമിട്ടത്. ഐക്യരാഷ്ട്രസഭയുടെ ഹ്യുമാനിറ്റേറിയൻ കോർഡിനേഷൻ അഫയേഴ്സ് ഓഫിസിന്റെ യമൻ ഹ്യുമാനിറ്റേറിയൻ ഫണ്ടിൽ നിന്നുള്ള 10 ലക്ഷം യു.എസ് ഡോളർ ധനസഹായവും ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. കുടിയിറക്കപ്പെട്ടതും പ്രദേശവാസികളുമായ 55,000ത്തിലധികം ആളുകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്കാണ് പദ്ധതിയിൽ മുൻഗണന നൽകുന്നത്.
പദ്ധതി പ്രധാനമായും മൂന്ന് മേഖലകള കേന്ദ്രീകരിച്ചാണ് നടപ്പാക്കുന്നത്. പദ്ധതിയിലൂടെ പ്രദേശത്തെ രണ്ട് ആശുപത്രികളുടയെും രണ്ട് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും പ്രവർത്തനം കാര്യക്ഷമമാക്കും. മരുന്നുകൾ, മറ്റ് ഉപകരണങ്ങൾ, ജീവനക്കാരുടെ വേതനം എന്നിവ ലഭ്യമാക്കും. പ്രാഥമിക ആരോഗ്യം, പ്രസവ സംരക്ഷണം, അടിയന്തര പരിചരണം, മാനസികാരോഗ്യ സംരക്ഷണം തുടങ്ങിയ സേവനങ്ങളും ഉറപ്പാക്കും.
കുട്ടികളിലെയും സ്ത്രീകൾക്കിടയിലെയും പോഷകാഹാരക്കുറവ് പരിഹരിക്കാൻ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും. ചൈൽഡ് ഫീഡിങ് കേന്ദ്രങ്ങൾ സ്ഥാപിക്കുകയും പതിവായി ബോധവൽക്കരണ ക്യാമ്പുകൾ നടത്തുകയും ചെയ്യും. നിർധന കുടുംബങ്ങൾക്ക് ഭക്ഷണം, ചികിത്സ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നേരിട്ട് സാമ്പത്തിക സഹായങ്ങളും പദ്ധതിയുടെ ഭാഗമായി നൽകും. ഈ അടിയന്തര ഇടപെടൽ ദുരിതബാധിതരായ ജനങ്ങൾക്ക് വലിയൊരു ആശ്വാസമാകുമെന്ന് ഖത്തർ റെഡ് ക്രസന്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.