ദോഹ: മാർച്ച് ഒന്നു മുതൽ പഴയ മെട്രാഷ് ആപ് നിർത്തലാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവനങ്ങൾ തുടർന്നും ലഭ്യമാകുന്നതിന് ആപ് സ്റ്റോറിൽനിന്നും പ്ലേ സ്റ്റോറിൽനിന്നും പുതിയ മെട്രാഷ് ആപ്ലിക്കേഷൻ ഉപഭോക്താക്കൾ ഡൗൺലോഡ് ചെയ്യണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു. പുതിയ ആപ്ലിക്കേഷൻ ഐ.ഒ.എസ് 13നും അതിനു മുകളിലുമുള്ള പതിപ്പുകളിലും ആൻഡ്രോയിഡിൽ 29നും അതിന് മുകളിലുമുള്ള പതിപ്പുകളിലും പ്രവർത്തിക്കും.
ഉപയോക്തൃ സൗഹൃദ രൂപകൽപനയും പുതിയ പണമിടപാട് രീതികളും ഉൾപ്പെടെ നിരവധി പുതുമകളോടെ 2024 ഡിസംബറിലാണ് ആഭ്യന്തര മന്ത്രാലയം പുതിയ മെട്രാഷ് പുറത്തിറക്കിയത്. വിപുലമായ സേവനങ്ങളാണ് പുതിയ ആപിലൂടെ ആക്സസ് ചെയ്യാൻ അനുവദിച്ചിരിക്കുന്നത്. പേഴ്സനൽ ഓതറൈസേഷൻ, സർട്ടിഫിക്കറ്റുകൾക്ക് വീണ്ടും അപേക്ഷിക്കാനും പ്രിന്റ് ചെയ്യാനുമുള്ള സൗകര്യം തുടങ്ങി നിരവധി പുതിയ സേവനങ്ങൾ ഈ ആപിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഖത്തർ ഐഡി കാർഡുമായി ഫോൺ നമ്പർ ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ പോലും ഭാര്യയെയും കുട്ടികളെയും രജിസ്റ്റർ ചെയ്യാൻ അനുവദിക്കുന്ന സേവനമാണ് ആപിൽ ഏറ്റവും പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്.
ദോഹ: ഏറ്റവും മികച്ച സ്മാർട്ട് ഗവൺമെന്റ് ആപിനുള്ള അറബ് ലീഗിന്റെ അവാർഡ് മെട്രാഷ് 2നെ തേടിയെത്തിയത് കഴിഞ്ഞ വർഷമായിരുന്നു. അറബ് ലോകത്തെ മുൻനിര സർക്കാർ ആപുകളുമായുള്ള കടുത്ത മത്സരത്തിനൊടുവിലായിരുന്നു ഓർമയാകുന്ന മെട്രാഷ് 2 ആപിന് മികവിനുള്ള അംഗീകാരം ലഭിച്ചത്.
24 മണിക്കൂറും സുഗമമായും കാര്യക്ഷമമായും വിപുലമായ സർക്കാർ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതും സാങ്കേതിക നവീകരണത്തിലും അത്യാധുനിക ഡിജിറ്റൽ പരിഹാരങ്ങൾ നൽകുന്നതിലും മുൻനിരയിൽ നിൽക്കുന്നതും അവാർഡ് നേടുന്നതിൽ നിർണായകമായി പ്രവർത്തിച്ചു. സുരക്ഷയിലും സ്വകാര്യതയിലും ഉയർന്ന നിലവാരം പുലർത്തിയതും മെട്രാഷ് 2 ആയിരുന്നു.
നേരത്തേ പ്രാദേശിക, അന്താരാഷ്ട്ര തലങ്ങളിലും മെട്രാഷ് നിരവധി ബഹുമതികൾ കരസ്ഥമാക്കിയിരുന്നു. 2012ലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായി മെട്രാഷ് 2 ആപ് നിലവിൽ വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.