ഖത്തർ ക്രിയേറ്റ്സിനു കീഴിൽ അൽ ദഖിറയിൽ ആരംഭിച്ച ഒലാഫുർ എലിയാസണിന്റെ ‘ദി ക്യൂരിയസ് ഡെസേർട്ട്’പ്രദർശനത്തിൽനിന്ന്
ദോഹ: മരുഭൂമിയുടെ അത്ഭുതകരമായ നിഗൂഢതക്കുള്ളിൽ അപൂർവമായ കലാവിരുന്നൊരുക്കി ലോകപ്രശസ്ത കലാകാരൻ ഒലാഫുർ എലിയാസണിന്റെ സൃഷ്ടികളുടെ പ്രദർശനത്തിന് തുടക്കമായി. ഖത്തർ ക്രിയേറ്റ്സിനു കീഴിലാണ് ‘ദി ക്യൂരിയസ് ഡെസേർട്ട്’എന്നപേരിൽ പുതിയ പ്രദർശനം ആരംഭിച്ചത്. അൽ ദകിറ കണ്ടൽ കാടുകൾ നിറഞ്ഞ പ്രദേശത്തും, ഖത്തർ നാഷനൽ മ്യൂസിയത്തിലുമായാണ് വൈവിധ്യമാർന്ന കലാസൃഷ്ടികൾ അണിനിരത്തിയ പ്രദർശനം നടക്കുന്നത്. ആഗസ്റ്റ് 15 വരെ ഇത് നീണ്ടു നിൽക്കും.
വെളിച്ചവും നിറങ്ങളും ജ്യാമിതീയ കണക്കുകളുമെല്ലാം സന്നിവേശിപ്പിക്കുന്നതാണ് ഐസ്ലൻഡ്-ഡാനിഷ് കലാകാരനായ ഒലാഫുറിന്റെ സൃഷ്ടികൾ.
ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൻ ശൈഖ അൽ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ ആൽഥാനി പ്രദർശനം ഉദ്ഘാടനം ചെയ്തു. കലാസൃഷ്ടിക്കൊപ്പം പരിസ്ഥിതി അവബോധംകൂടി നൽകുന്നതാണ് ഒലാഫുറിന്റെ സൃഷ്ടികളെന്ന് ശൈഖ അൽമയാസ പറഞ്ഞു.
ദോഹയിൽ നിന്നും 64 കിലോമീറ്റർ ദൂരെ അൽ ദഖിറ കണ്ടൽ മേഖലയിലാണ് 12 താൽക്കാലിക പവിലിയനിലായി ഒരു കൂട്ടം കലാസൃഷ്ടികൾ പ്രദർശിപ്പിച്ചത്. സൂര്യപ്രകാശവും കാറ്റും വെള്ളവും ഉൾപ്പെടെ പ്രകൃതിയുടെ കൂടി പ്രതിഫലനങ്ങൾ ഒപ്പിയെടുത്താണ് ഇവ കാഴ്ചക്കാരന് പുതുചിന്തകൾ പകരുന്നത്. മഴവിൽ വർണവും നിഴലുമെല്ലാം ഓരോ പവിലിയനിലെയും കാഴ്ചകൾ ആസ്വാദകന് സമ്മാനിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.