ശ്രീലേഖ ലിജു
ഒരു മതവും അതിലെ വിശ്വാസങ്ങളും ഒന്നിന്റെയും ഒരു അതിർവരമ്പല്ല. മനുഷ്യർക്കിടയിലുള്ള സൗഹൃദം ഊഷ്മളമാക്കാൻ സ്നേഹവും കരുണയും പ്രകടിപ്പിക്കുന്ന മനുഷ്യരാവുക എന്നുള്ളതാണ് ആദ്യം വേണ്ടത്. ഞാൻ ഹിന്ദു മതത്തിൽ ജനിച്ചുവളർന്ന ആളായതുകൊണ്ടും എന്റെ നാട്ടിൽ മുസ്ലിം സഹോദരങ്ങൾ കുറവായിരുന്നതുകൊണ്ടും (തീരെ ഉണ്ടായിരുന്നില്ല എന്നുതന്നെ പറയാം) റമദാൻ മാസത്തെ കുറിച്ചും നോമ്പെടുക്കുന്നതിനെ കുറിച്ചുമൊക്കെ വലിയ അറിവൊന്നും ഉണ്ടായിരുന്നില്ല.
എന്നാൽ, വർഷങ്ങൾക്കുമുമ്പ് ഖത്തറിൽ പ്രവാസിയായി എത്തിയതോടെയാണ് എല്ലാം പരിചയപ്പെടുന്നത്. മുസ്ലിം സഹോദരങ്ങളായ അയൽക്കാരെയും ഒരുപാട് സുഹൃത്തുക്കളെയും ലഭിച്ചു. ഇപ്പോൾ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളും അവരാണ്. അവരിലൂടെയാണ് റമദാൻ മാസത്തിന്റെ പുണ്യവും നോമ്പ് എടുക്കുന്നതിന്റെ പ്രാധാന്യവും നോമ്പുതുറയുടെ രീതികളുമെല്ലാം പരിചയപ്പെടുന്നതും അനുഭവിക്കുന്നതും.
ആദ്യമായി ഒരു സുഹൃത്തിന്റെ വീട്ടിലാണ് നോമ്പുതുറക്കാനായി പോയത്. പിന്നീട് അങ്ങോട്ട് എല്ലാവർഷവും പല സുഹൃത്തുക്കളുടെ വീടുകളിലും എഫ്.സി.സി, സി.ഐ.സി, വിമൻ ഇന്ത്യ തുടങ്ങിയ വിവിധ സംഘടനകൾ നടത്തിവരുന്ന സമൂഹ ഇഫ്താർ വിരുന്നിലുമെല്ലാം പങ്കാളിയായി.
വിവിധ ആളുകളുടെ നോമ്പനുഭവങ്ങൾ അറിയാനും മനസ്സിലാക്കാനുമുള്ള ഭാഗ്യം ലഭിച്ചു. മനുഷ്യർക്കിടയിലുള്ള പരസ്പര സ്നേഹം, ദയ, സഹജീവികളോടുള്ള കാരുണ്യം, മനസ്സറിഞ്ഞ പ്രാർഥന ഇതെല്ലം കൂടുതലായി അറിയാൻ സാധിക്കുന്ന കാലമാണ് നോമ്പുകാലം. അതുപോലെ റമദാൻ മാസത്തിൽ 'ഗൾഫ് മാധ്യമം', സി.ഐ.സി സൗഹൃദവേദി തുടങ്ങിയ വിവിധ സംഘടനകൾ വിശുദ്ധ ഖുർആനെ അറിയാനും മനസ്സിലാക്കാനും വേണ്ടി നടത്തുന്ന പ്രശ്നോത്തരി, ലേഖനമെഴുത്ത് പരിപാടികളിൽ പങ്കെടുക്കാനും വിജയിക്കുവാനുമൊക്കെ കഴിഞ്ഞത് വളരെ സന്തോഷത്തോടെ ഓർക്കുന്നു.
മത്സരത്തിൽ വിജയിക്കുക എന്നതിലുപരി, അതിനുവേണ്ടി കുറച്ചധികം നല്ല പുസ്തകങ്ങൾ വായിക്കാനും വിശുദ്ധ ഖുർആനെ കുറിച്ചും റമദാനെ കുറിച്ചും അറിയാത്ത കുറെ നല്ല കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞതും ഭാഗ്യമായി കരുതുന്നു. ഇതുപോലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിലൂടെ ജാതി മത ഭേദമന്യേ മനുഷ്യർ എല്ലാം ഒന്നാണ് എന്നൊരു സന്ദേശം കൂടി വെളിവാകുന്നു. മനുഷ്യമനസ്സിനെ ദുഃസ്വഭാവങ്ങളിൽനിന്ന് വിമലീകരിച്ച്, ഭൗതിക സുഖഭോഗങ്ങൾ നിയന്ത്രിച്ചും ആത്മസംസ്കരണം നടത്തി പാവപ്പെട്ടവരോട് സഹാനുഭൂതിയും സഹതാപവും ഉണ്ടാവുക... ഇങ്ങനെ ഒരു വിശ്വാസിക്ക് വിശുദ്ധ ജീവിതത്തിനു പരിശീലനം നൽകുന്നതാവട്ടെ വ്രതാനുഷ്ഠാനം.
കോവിഡ് മഹാമാരി എല്ലാവരും കൂടിക്കലരുന്നതിൽ നിയന്ത്രണങ്ങൾ വരുത്തിയെങ്കിലും ഓൺലൈൻ മാധ്യമങ്ങൾ ഉപയോഗപ്പെടുത്തി സൗഹൃദങ്ങൾ നിലനിർത്താനും പരിമിതികളിൽനിന്നുകൊണ്ടുതന്നെ സാമൂഹികസേവനങ്ങളിൽ ഇടപെടാൻ ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ട്. നിയന്ത്രണങ്ങൾ മാറി സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് വരുന്നു. പുണ്യറമദാൻ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പകർന്ന് എല്ലാവരിലും ശാന്തിയും സമാധാനവും നിലനിർത്തട്ടെ എന്ന് പ്രാർഥിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.