ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി) പുതിയ ലൈബ്രറി സമുച്ചയം ഇന്ത്യൻ അംബാസഡർ
വിപുൽ ലൈബ്രറി ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികളിൽ വായനാ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി) പുതിയ ലൈബ്രറി സമുച്ചയം തുറന്നു. ഐ.സി.സി അബു ഹമൂറിൽ നടന്ന ചടങ്ങിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ ലൈബ്രറി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഖത്തർ നാഷനൽ ലൈബ്രറി എക്സിക്യൂട്ടീവ് ഡയറക്ടർ ടാൻ ഹൂയിസം, ഇന്ത്യൻ എംബസിയിലെ കൗൺസിലറും ഹെഡ് ഓഫ് ചാൻസറിയും കോൺസുലർ വിഭാഗം മേധാവിയുമായ ഡോ. വൈഭവ് എ. തണ്ടലെ എന്നിവർ മുഖ്യാതിഥികളായി. ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ് അതിഥികളെ സ്വാഗതം ചെയ്തു.
പ്രസിഡന്റ് എ.പി. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. വിവിധ ഇന്ത്യൻ ഭാഷകളിലായി 6,000ത്തിലധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി, ഖത്തറിലെ ഏറ്റവും വലിയ ഇന്ത്യൻ ഭാഷാ കമ്മ്യൂണിറ്റി ലൈബ്രറിയായി മാറി. ഖത്തറിലെ വിവിധ സംഘടനകളുടെയും വ്യക്തികളുടെയും പുസ്തക സംഭാവനകളിലൂടെയാണ് പുസ്തകങ്ങൾ ശേഖരിച്ചത്.
ഐ.സി.സി വൈസ് പ്രസിഡന്റ് ശന്തനു ദേശ്പാണ്ഡെ നന്ദിപ്രസംഗം നടത്തി. ഇന്ത്യൻ സ്പോർട്സ് സെന്റർ (ഐ.എസ്.സി) പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) പ്രസിഡന്റ് ഷാനവാസ് ബാവ, വിവിധ അനുബന്ധ സംഘടനകളുടെ ഭാരവാഹികൾ, പ്രമുഖ സാമൂഹിക പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.