1.നൂപുരധ്വനിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'നവപല്ലവ' നൃത്തോത്സവ പരിപാടിയിൽനിന്ന്, 2.നൂപുരധ്വനിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'നവപല്ലവ'
നൃത്തോത്സവ പരിപാടി ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ദക്ഷിണേന്ത്യൻ ശാസ്ത്രീയ നൃത്ത രൂപങ്ങളുടെ മനോഹാരിതയും ഭാവപ്പകർച്ചയും പ്രവാസികളെ തൊട്ടുണർത്തി 'നവപല്ലവ 2026' സമാപിച്ചു. പ്രമുഖ നൃത്ത കലാലയമായ 'നൂപുരധ്വനി'യുടെ ആഭിമുഖ്യത്തിൽ അൽ വക്റ ഡി.പി.എസ് എം.ഐ.എസ് ഓഡിറ്റോറിയത്തിൽ നടന്ന നൃത്തവിരുന്നിൽ കലാമണ്ഡലം സീമ രഞ്ജിത്തിന്റെ കീഴിൽ നൃത്തം അഭ്യസിച്ച 122 ഓളം പ്രതിഭകൾ അണിനിരന്നു. 2009ൽ സ്ഥാപിതമായ നൂപുരധ്വനി ഇന്ന് ഇന്ത്യയിലും ഖത്തറിലും ലോകമെമ്പാടുമുള്ള പ്രവാസി കുടുംബങ്ങൾക്കിടയിലും നൃത്തപഠന രംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമാണ്.
ചടങ്ങ് ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി) പ്രസിഡന്റ് എ. പി. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ്, വീൽ മാസ്റ്റർ ജനറൽ മാനേജർ കരുണാകർ മേനോൻ, കേരള ബിസിനസ് ഫോറം പ്രസിഡന്റ് ഷഹീൻ മുഹമ്മദ് ഷാഫി, ഐ.സി.സി കൾച്ചറൽ ആക്റ്റിവിറ്റീസ് ഹെഡ് നന്ദിനി എന്നിവരുൾപ്പെടെ ഖത്തറിലെ പ്രമുഖ സാംസ്കാരിക നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു.
സീമ രഞ്ജിത്ത് തന്നെ രചനയും നൃത്തസംവിധാനവും നിർവഹിച്ച 'പ്രാണാദ' എന്ന സ്വാഗത നൃത്തത്തോടെയാണ് സാംസ്കാരിക സായാഹ്നത്തിന് തുടക്കമായത്. ഖത്തറിലെ പ്രശസ്ത ഇന്ത്യൻ കലാകാരനായ ശ്യാം ആണ് ഇതിന് സംഗീതം നൽകിയത്. പ്രശസ്ത പിന്നണി ഗായികയും സ്വർണ്ണമെഡൽ ജേതാവുമായ ആർ. ജയലക്ഷ്മി 'സ്വിച്ച് ഓൺ' ചെയ്തു.
മൂന്ന് വർഷത്തിലൊരിക്കൽ ഖത്തറിൽ സംഘടിപ്പിക്കപ്പെടുന്ന നവപല്ലവ നൃത്തോത്സവം, എല്ലാ നർത്തകരും ഒന്നിച്ചണിനിരന്ന വിസ്മയകരമായ ചടങ്ങോടെയാണ് സമാപിച്ചത്. പ്രവീൺ കുമാർ സ്വാഗതവും സജീവ് നന്ദിയും പറഞ്ഞു. കലാപ്രേമികളും കുടുംബങ്ങളും ഉൾപ്പെടെ വൻ ജനപങ്കാളിത്തം ശ്രദ്ധേയമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.