പി.എൻ. ബാബുരാജൻ

എന്റെ സ്വന്തം പാറൂട്ടി ടീച്ചർ

അധ്യാപക ദിനവുമായി ബന്ധപ്പെട്ട്‌ ഓർമക്കുറിപ്പ്‌ എഴുതാൻ പറ്റുമോയെന്നുചോദിച്ച് 'ഗൾഫ് മാധ്യമ'ത്തിൽനിന്ന് ഫോൺവന്ന അതേ ദിവസം തന്നെയാണ് സ്വത്തിനുവേണ്ടി അമ്മയെ കൊന്ന മകളെ പറ്റിയുള്ള വാർത്ത മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞത്. അമ്മയെപ്പറ്റി എഴുതണോ പ്രാഥമിക വിദ്യാലയത്തിലെ എന്റെ സ്വന്തം അധ്യാപിക പാറുട്ടി ടീച്ചറെ കുറിച്ചെഴുതണോ എന്ന ചിന്തയായി പിന്നീടെനിക്ക്. എന്റെ ആദ്യത്തെ ഗുരു അമ്മയായിരുന്നു. ആദ്യക്ഷരങ്ങൾ സ്കൂളിൽ പോകുന്നതിനു മുമ്പുതന്നെ അമ്മ എഴുതിപ്പഠിപ്പിച്ചിരുന്നു. 3 എന്ന അക്കം പഠിപ്പിച്ചിട്ടും പഠിപ്പിച്ചിട്ടും തല തിരിച്ചെഴുതിയതിന് അമ്മയിൽനിന്ന് ചുട്ട അടിയും കിട്ടിയിട്ടുണ്ട്‌. 1968 ജൂൺ മാസത്തിൽ ആർത്തുപെയ്യുന്ന മഴദിവസമാണ് ഞങ്ങളെ സ്കൂളിൽ ചേർക്കാൻ കൊണ്ടുപോയത്‌. അച്ഛന്റെ അമ്മായിയുടെ മകൻ ശങ്കരൻ മാഷായിരുന്നു അവിടത്തെ പ്രധാനാധ്യാപകൻ. ഞങ്ങളെ സ്കൂളിൽ ചേർക്കുകയെന്ന കൃത്യനിർവഹണത്തിനുശേഷം എന്റെ ജ്യേഷ്ഠ സഹോദരൻ (അച്ഛന്റെ സഹോദര പുത്രൻ) സ്ഥലംവിട്ടു.

ശങ്കരൻ മാഷിന്റെ ഉച്ചത്തിലുള്ള സംസാരംകേട്ട് എനിക്ക് കരച്ചിലടക്കാൻ കഴിഞ്ഞിരുന്നില്ല. എന്നെപ്പോലെ ഒന്നാം ക്ലാസിൽ ചേരാൻവന്ന പലരും കരച്ചിലും പിഴിച്ചലുമൊക്കെയായി ചന്നംപിന്നം അവിടെ നിൽക്കുന്നതും ഒരു കാഴ്ചയായിരുന്നു. ശങ്കരൻ മാഷിന്‍റെ നിർദേശ പ്രകാരം എന്നെയും കൂടെയുണ്ടായിരുന്ന ശാരദയെയും ഒരു നാലാം ക്ലാസുകാരൻ വിദ്യാർഥി ഒന്നാം ക്ലാസിൽ കൊണ്ടാക്കി. ശാരദയുടെ ചേച്ചി ഉഷ അതേ സ്‌കൂളിൽ മൂന്നാം ക്ലാസിൽ പഠിച്ചിരുന്നു. ഉഷയായിരുന്നു ഞങ്ങളുടെ കെയർടേക്കർ. ഉഷയും ശാരദയും അയൽക്കാരും ബന്ധുക്കളുമായിരുന്നു. ഞങ്ങളുടെ രണ്ടുപേരുടെയെയും പൂർണ ഉത്തരവാദിത്തം ഉഷക്കായിരുന്നു. ഉഷ ഞങ്ങളെ പാറുട്ടി ടീച്ചർക്ക്‌ പരിചയപ്പെടുത്തിക്കൊടുത്തു. എന്റെ അമ്മയെ ടീച്ചർക്ക് മുമ്പേ അറിയാമായിരുന്നു. ദേവകിയുടെ മകൻ എന്ന പരിഗണന ആ നിമിഷം മുതൽ എനിക്ക്‌ പാസായി.

ഓർമകളിൽ പാറുട്ടി ടീച്ചറുടെ സ്നേഹമുള്ള മുഖം. അവരുടെ ഖദർ വസ്ത്രധാരണം. കരയുള്ള വെളുത്ത ഖദർ സാരിയാണ് ധരിച്ചിരുന്നത്. എന്റെ മനസ്സിൽ അവരുടെ സ്നേഹം ഒരു ദുഃഖമായി എപ്പോഴും തോന്നാറുണ്ട്. ഞങ്ങളുടെയൊന്നും വളർച്ചയും ഉയർച്ചയും കാണാൻ അവർക്കൊന്നും കഴിഞ്ഞില്ല. ടീച്ചർ ആ സമയത്ത് അവിവാഹിതയായിരുന്നു. പിന്നെയും കുറെ കാലങ്ങൾക്കുശേഷമാണ് ടീച്ചർ വിവാഹിതയായത്.

എടക്കഴിയൂർ ആദിദ്രാവിഡ ലോവർ പ്രൈമറി സ്‌കൂളിലെ പൂർവാധ്യാപകരായ ശ്രീധരൻ മാസ്റ്റർ, ശങ്കരൻ മാസ്റ്റർ, പാറുട്ടി ടീച്ചർ, ഹസ്സൻ മാസ്റ്റർ എന്നിവർ മറ്റു അധ്യാപകർക്കൊപ്പം

ടീച്ചർ വളരെ സ്നേഹത്തോടെ സ്വന്തമായി തന്നെ കരുതിപ്പോന്നു. ബഞ്ചിൽ ഒന്നാമനായി ഇരുത്തി. സ്ലേറ്റ്‌ പിടിക്കേണ്ടവിധവും ബ്ലാക്ക്‌ ബോർഡിലെ എഴുത്തുകളും, അതായിരുന്നു ആദ്യപാഠം. പാറുട്ടി ടീച്ചർ ഞങ്ങൾക്ക് ആദ്യക്ഷരങ്ങൾ പഠിപ്പിച്ചുതരാൻ തുടങ്ങി. 'അ' അമ്മയും 'ആ' ആനയും 'ഇ' ഈച്ചയും 'ഉ' ഊഞ്ഞാലും തറയും പറയും മലയും പനയും വലയും ഉറിയും മാലയുമൊക്കെ ഞങ്ങൾ പഠിക്കാൻ തുടങ്ങി. ഉറക്കെ ഉറക്കെ ഞങ്ങളതൊക്കെ ചൊല്ലിപ്പഠിച്ചു. ടീച്ചറുടെ കൈയിൽ എപ്പോഴും ചെറിയ വടിയുണ്ടാവും. ഉണങ്ങിയ ഒരു കൊമ്പ്‌. അത്‌ ഉപയോഗിക്കുന്നത്‌ ഞാൻ ഒരിക്കലും കണ്ടിട്ടില്ല. എന്നാൽ, ടീച്ചറെ എല്ലാവർക്കും പേടിയായിരുന്നു. എല്ലാ ചോദ്യങ്ങളും ആദ്യം എന്നോടായിരിക്കും. അമ്മ എല്ലാം മുൻകൂട്ടി പഠിപ്പിച്ചു തന്നിരുന്നതുകൊണ്ട്‌ ഞാൻ മുന്നിൽ തന്നെയിരിക്കുകയും ചോദ്യങ്ങൾക്ക്‌ ഉത്തരം പറയുകയും ചെയ്തു. ഒന്നു മുതൽ പത്തുവരെയും പത്തുമുതൽ നൂറുവരെയും എണ്ണുകയെന്നത്‌ ‌ വലിയ ദൗത്യമായിരുന്നു. അതിലും വിജയിച്ചപ്പോൾ ടീച്ചർ എന്നെ കെട്ടിപ്പിടിച്ച്‌ അഭിനന്ദിച്ചത്‌ ഞാൻ ഇപ്പോഴും ഓർക്കുന്നു. പിന്നീടൊരു ദിവസം നൂറിൽനിന്ന് പിന്നോട്ട്‌ എണ്ണാൻ പറഞ്ഞു. അതിന്റെ തലേദിവസം അമ്മയെന്നെ അതു പഠിപ്പിച്ചിരുന്നു. അതുകൊണ്ട്‌ എനിക്കത്‌ നിഷ്പ്രയാസം കഴിഞ്ഞു. എന്നാൽ, അന്നാദ്യമായി ടീച്ചർ ചോദ്യം മറ്റുകുട്ടികളിൽനിന്നാണു തുടങ്ങിയത്‌. ആർക്കും അത് മുഴുവനാക്കി പറയാൻ കഴിയാതായപ്പോൾ എന്നോട്‌ ചൊല്ലാൻ പറഞ്ഞു. ഞാൻ അത്‌ 100, 99, 98, 97 എന്ന് എണ്ണിക്കൊടുക്കുകയും ചെയ്തു. ടീച്ചർ അന്ന് കൂട്ടിച്ചേർത്ത്‌ പറഞ്ഞ കാര്യം ഞാൻ ഇപ്പോഴും ഓർക്കുന്നു. എനിക്ക്‌ ഇതറിയില്ലെന്ന് കരുതിയാണ് ടീച്ചർ എന്നോട്‌ ആദ്യം ചൊല്ലാൻ പറയാതിരുന്നത്. ആ ചെറുപ്രായത്തിൽ ടീച്ചർ അങ്ങനെ ചെയ്തതിന്റെ അർഥമോ പറഞ്ഞതിന്റെ ധ്വനിയോ എനിക്ക്‌ മനസ്സിലായില്ല. പിന്നീട്‌ എത്രയോ കാലം കഴിഞ്ഞപ്പോഴാണ് അതിന്റെ വ്യാപ്തി ഞാൻ തിരിച്ചറിഞ്ഞത്. ഇഷ്ടമുള്ളവർ തോൽക്കുന്നത്‌ കാണാൻ സ്നേഹമുള്ളവർക്കാവില്ല. അന്ന് എന്റെ കൂടെ പഠിച്ചിരുന്നവർ ശാരദ, അയ്യപ്പൻ, മോഹനൻ, സുബ്രൻ,

ബാബു, മുഹമ്മദാലി, ഉസ്മാൻ, അസുവർ, ഗിരിജ, രാജി, രമ തുടങ്ങി കുറെപ്പേരെ ഞാൻ ഇപ്പോഴും ഓർക്കുന്നു. പ്രിയ അധ്യാപിക ഒരിക്കൽ എന്നെ കുളത്തിൽ കൊണ്ടുപോയി കുളിപ്പിച്ചുതന്നു. മൂത്രമൊഴിക്കാൻ മുട്ടിയിട്ട് ചോദിച്ച്‌ പുറത്തേക്ക് ഓടുമ്പോഴേക്കും ട്രൗസറിൽ മൂത്രം പോയി. ടീച്ചർക്ക്‌ കാര്യം മനസ്സിലായി. ഇനിയും രണ്ടു പിരിയഡ്‌ ക്ലാസുണ്ട്‌. ടീച്ചർ എന്നെ സ്കൂൾ കോമ്പൗണ്ടിലുള്ള കുളത്തിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. ട്രൗസർ അഴിച്ച്‌ കഴുകി, എന്നെയും അരക്ക് കീഴ്പ്പോട്ടേക്ക് കഴുകി. ടീച്ചറിന്റെ ഖദർ സാരിയുടെ തലപ്പുകൊണ്ട്‌ തുടച്ചുവൃത്തിയാക്കിത്തന്നു. ഒന്നാം ക്ലാസിൽ പാറുട്ടി ടീച്ചറും രണ്ടാം ക്ലാസിൽ ശ്രീധരൻ മാഷും മൂന്നാം ക്ലാസിൽ ഹസ്സൻ മാഷും നാലാം ക്ലാസിൽ ശങ്കരൻ മാഷും തുന്നലിന് സലീന ടീച്ചറും ഞങ്ങളെ പ്രാഥമിക വിദ്യാലയത്തിൽ പഠിപ്പിച്ചു വലിയവരാക്കാൻ ശ്രമിച്ചു. എന്നാൽ, ഞങ്ങളുടെ വലുപ്പം കാണാൻ അവരാരും ജീവിച്ചിരുന്നില്ല. കാലം അവരെയൊക്കെ നേരത്തെതന്നെ കൊണ്ടുപോയി.

രാവിലെ നടന്നും ഓടിയും എടക്കഴിയൂർ ആദിദ്രാവിഡ ലോവർ പ്രൈമറി സ്‌കൂളിലേക്ക് എത്തും. ആദ്യം ടീച്ചറെ കാണും. പിന്നീട് കളിക്കാൻ പോകും. ഡാ... പുറത്തുകളിച്ച് കുപ്പായമൊന്നും മുഷിക്കല്ലേ എന്ന് ടീച്ചർ പറയും. ഈ പറച്ചിൽ സംഗീതംപോലെ ഞാനന്ന് ആസ്വദിച്ചിരുന്നിട്ടുണ്ടാവും. അധ്യാപകർക്ക് ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും അറിയുന്ന കാലം. എന്താണ്ടാ... അച്ഛന്റെ അസുഖത്തിന് കുറവുണ്ടോ എന്ന് അധ്യാപകൻ ചോദിക്കുന്നതിൽ ഒരു അപാകതയും തോന്നാത്ത കാലം. പ്രിയപ്പെട്ട എന്റെ അധ്യാപകർക്ക് ഈ ചെറിയ കുറിപ്പ് അധ്യാപകദിന സമ്മാനമായി പ്രണാമമായി സമർപ്പിക്കുന്നു.

'ഗൾഫ് മാധ്യമ'ത്തിൽനിന്ന് ഇങ്ങനെ ഒരു വിളി വന്നില്ലെങ്കിൽ ഇവരെക്കുറിച്ച് എഴുതാനുള്ള അവസരം ലഭിക്കില്ലായിരുന്നു. എന്നാൽ, ഞാൻ എന്റെ അധ്യാപകരെ പലപ്പോഴും ഓർക്കാറുണ്ട്. പ്രിയപ്പെട്ടവരായിരുന്നു അവരൊക്കെ. ഋതുഭേദങ്ങൾക്കപ്പുറം അവരിന്നും എന്നോടൊപ്പമുണ്ട്‌. ഓർമച്ചെപ്പുകളിൽ അടക്കിയടക്കി വെച്ചിരിക്കുന്ന കുറെ നന്മകളുണ്ട്. ഇതൊക്കെ ഇവരാണ് ആദ്യം ചൊല്ലിത്തന്നത്, പഠിപ്പിച്ച് തറവാക്കിത്തന്നത്.

(ഖത്തർ ഇന്ത്യൻ എംബസി അപെക്സ് സംഘടനയായ ഇന്ത്യൻ കൾചറൽ സെന്‍റർ പ്രസിഡന്‍റാണ് ലേഖകൻ)


Tags:    
News Summary - My own parrot teacher

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.