ദോഹ: ഗസ്സയിലെ മാനുഷിക-പുനർനിർമാണ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി മുവാസലാത്ത് കാർവ ടാക്സി. ഓരോ ടാക്സി യാത്രയുടെയും നിരക്കിന്റെ അഞ്ചു ശതമാനം ഗസ്സയുടെ പുനർനിർമാണത്തിനായി സംഭാവന ചെയ്യുമെന്ന് മുവാസലാത്ത് കർവ പ്രഖ്യാപിച്ചു. ഒക്ടോബർ 16 മുതൽ 23 വരെ ഓരോ കർവ ടാക്സി യാത്രയുടെയും തുകയാണ് സംഭാവനയായി നൽകുക.
തങ്ങളുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ സംരംഭം ഏറ്റെടുക്കുന്നതെന്ന് കർവ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലൂടെ അറിയിച്ചു. യുദ്ധക്കെടുതി നേരിടുന്ന ഗസ്സയുടെ പുനർനിർമാണത്തിനായി ലാൻഡ് ബ്രിജ് ഇനീഷ്യേറ്റിവ് എന്നപേരിൽ സഹായപദ്ധതി പ്രഖ്യാപിച്ച് ഖത്തർ നേരത്തേ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചിരുന്നു.
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശപ്രകാരം ജോർഡനും ഈജിപ്തും വഴിയാണ് സഹായമെത്തിക്കുക. ഈജിപ്തിലെ ശറമുശ്ശൈഖിൽ ചേർന്ന സമാധാന ഉച്ചകോടിക്ക് പിന്നാലെയാണ് ഗസ്സയിലെ ദുരിതബാധിതകർക്ക് കൂടുതൽ സഹായമെത്തിക്കാനുള്ള ഖത്തറിന്റെ തീരുമാനം. അതിർത്തികൾ വഴി 87,754 ടെന്റുകൾ അറബ് രാജ്യം അടിയന്തരമായി ഗസ്സയിലെത്തിക്കും.
4,36,170 പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖത്തറിൽ നിന്നുള്ള സഹായവസ്തുക്കൾ ആദ്യം ഈജിപ്തിലോ ജോർഡനിലോ എത്തിക്കും. അവിടെനിന്ന് ട്രക്കുകളിൽ ഗസ്സയിലേക്ക് കൊണ്ടുപോകും. ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ്, ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിലാണ് ടെന്റുകൾ സജ്ജമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.