കടൽത്തീര ശുചീകരണം (ഫയൽ ചിത്രം)
ദോഹ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കടൽത്തീരങ്ങളും ദ്വീപുകളും ഉൾപ്പെടെ പ്രദേശങ്ങൾ ശുചിയാക്കാനുള്ള യത്നവുമായി മുനിസിപ്പാലിറ്റി മന്ത്രാലയം. ജനുവരി മാസത്തിൽ വിവിധ സംഘടനകളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ തീരങ്ങളും ദ്വീപുകളും ശുചിയാക്കി രാജ്യത്തിന്റെ പരിസ്ഥിതി കാത്തുസൂക്ഷിക്കാൻ ലക്ഷ്യമിട്ടാണ് ക്ലീനിങ് ഡ്രൈവിന് ആഹ്വാനം ചെയ്തത്.
മന്ത്രാലയം പുറത്തുവിട്ട സമയക്രമം പ്രകാരം ജനുവരി 16ന് റാസ് അൽ അരീഷ് ബീച്ച്, 18ന് റാസ് റുക്ൻ ദ്വീപ്, 25ന് ഉം അൽ മാ ബീച്ച്, ഫെബ്രുവരി എട്ടിന് റാസ് അഷ്റാജ് ബീച്ച്, 15ന് ഫരിഹ ബീച്ച്, 25ന് ഉം തൈസ് ബീച്ച് എന്നിവയാണ് ശുചീകരിക്കുന്നത്. തീരങ്ങൾ വൃത്തിയാക്കുന്നത് കൂട്ടായ ഉത്തരവാദിത്തമായതിനാൽ അതിൽ പങ്കുചേരാൻ ജനങ്ങൾ മുന്നോട്ടുവരണമെന്നും എല്ലാവർക്കും പങ്കെടുക്കാൻ അവസരമുണ്ടെന്നും ഉചിതമായ ദിവസങ്ങൾ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽനിന്ന് തിരഞ്ഞെടുക്കാമെന്നും വ്യക്തമാക്കി.
ജനുവരിയിലെ ബീച്ച് ക്ലീനിങ്ങിൽ ഉം ജതില ഐലൻഡ് ബീച്ച്, അൽ അരീഷ് ബീച്ച്, റാസ് റകാൻ ബീച്ച്, ഉം അൽ മാ ബീച്ച് എന്നിവ ഉൾപ്പെടെ അഞ്ചു ബീച്ചുകളാണ് വൃത്തിയാക്കുന്നത്.
സമൂഹത്തിൽ പരിസ്ഥിതി അവബോധം വർധിപ്പിക്കുന്നതിനും സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിനും ശുചിത്വം നിലനിർത്തുന്നതിനും ലക്ഷ്യമിട്ടാണ് മന്ത്രാലയത്തിന് കീഴിലെ പൊതുശുചിത്വ വകുപ്പ് ശുചീകരണയജ്ഞം സംഘടിപ്പിക്കുന്നത്. ബീച്ചുകൾ വൃത്തിയാക്കുന്നതിനാവശ്യമായ എല്ലാ ഉപകരണങ്ങളും ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.
ദേശീയ വിഷൻ 2030ന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ സുസ്ഥിര വികസനം എന്ന മുദ്രാവാക്യത്തിനുള്ള പിന്തുണയുമായാണ് കമ്യൂണിറ്റി സംരംഭങ്ങളുടെ ഭാഗമായി രാജ്യത്തെ തീരങ്ങളും ദ്വീപുകളും വൃത്തിയാക്കാനുള്ള ഉദ്യമം ആരംഭിക്കുന്നത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയവുമായും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ച് അന്താരാഷ്ട്ര ശുചീകരണ ദിനാചരണത്തോടനുബന്ധിച്ച് പൊതു ബീച്ചുകളിലും ദ്വീപുകളിലും ശുചീകരണ കാമ്പയിൻ സംഘടിപ്പിച്ചിരുന്നു. വിവിധ ബീച്ചുകളിൽ നിന്നായി മൂന്നു ടൺ മാലിന്യങ്ങളാണ് നീക്കം ചെയ്തത്. സെപ്റ്റംബർ 19 മുതൽ 21 വരെ നീളുന്ന കാമ്പയിനിൽ സ്വകാര്യ, സർക്കാർ സ്ഥാപനങ്ങളിൽ നിന്നായി 433 പേരാണ് പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.