ദോഹ: കുടുംബം പുലർത്താൻ ഖത്തറിന്‍റെ മണ്ണിൽ മുനീർ ടാക്സി ഓടിക്കാൻ തുടങ്ങിയിട്ട് 13 വർഷമായി. അങ്ങിനെയൊരു ദി നത്തിൽ ഏതോ യാത്രക്കാരനിൽനിന്ന് കിട്ടിയതാകണം മുനീറിന്‍റെ ശരീരത്തിലും കൊറോണ വൈറസ്. എന്നാൽ രണ്ടാഴ്ചയിലെ മികച്ച ചികിത്സയും ഭക്ഷണവും ലഭിച്ചതോടെ ശരീരത്തിൽനിന്ന് വൈറസ് വിട്ടകന്നു.
കോഴിക്കോട് നാദാപുരം അരൂർ മനത്താനത്ത് മുനീർ (44) ആണ് കോവിഡിൽ നിന്ന് മുക്തനായത്. മാർച്ച് 12ന് ഓട്ടം കഴിഞ്ഞ് ദോഹ ജദീദിലെ റൂമിൽ എത്തി രാത്രിയോടെയാണ് ശരീരത്തിന് തളർച്ച അനുഭവപ്പെടുന്നത്. ശ്വാസംകഴിക്കാൻ ബുദ്ധിമുട്ട്. വെള്ളം കുടിക്കാൻ പോലുമാകാതെ തളർച്ച. ഉടൻ 999 നമ്പറിൽ വിളിച്ച് ആംബുലൻസ് വരുത്തി ഹമദ് ആശുപത്രിയുടെ അടിയന്തരവിഭാഗത്തിലേക്ക് കുതിച്ചു.
ന്യൂമോണിയ കൂടിേപ്പായതാണ് നിലവിലെ പ്രശ്നമെന്ന് ടെസ്റ്റുകൾക്കൊടുവിൽ ഡോക്ടർമാർ പറഞ്ഞു. ഇതിനിടയിൽ കഫം പരിശോധനക്ക് അയച്ചിരുന്നു. ഫലം വന്നപ്പോൾ കോവിഡ് പോസിറ്റീവ്. നിമിഷനേരം കൊണ്ടുതന്നെ മുനീറിനെ അധികൃതർ ഇൻഡസ്ട്രിയൽ ഏരിയ 33ലെ കോവിഡിനായുള്ള ആശുപത്രിയിലേക്ക് മാറ്റി.
എല്ലാസൗകര്യങ്ങളുമുള്ള മുറിയാണ് അനുവദിച്ചത്. രണ്ട് മണിക്കൂർ ഇടവിട്ട് പ്രഷർ, ഷുഗർ, കൊളസ്ട്രോൾ തുടങ്ങി എല്ലാവിധ പരിശോധനകളും നടത്തി. മൂന്നുദിവസം കഴിഞ്ഞുള്ള ഫലം വന്നപ്പോൾ നെഗറ്റീവ്. തുടർന്നുള്ള ടെസ്റ്റുകളും നെഗറ്റീവ് ആയതോടെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി.
നെഗറ്റീവ് ആയ മറ്റ് 13 പേരോടൊപ്പം ഉംസെയ്ദിലെ ആശുപത്രിയിലേക്കും പിന്നീട് ഉംസലാൽ അലിയിലെ സമ്പർക്കവിലക്ക് കേന്ദ്രത്തിലേക്കും മാറ്റി. അഞ്ചു േജാഡി ടി-ഷർട്ടും പാൻറുകളും വൈഫൈ സൗകര്യവുമടക്കം കിട്ടി. ഇതിനിടയിൽ മുനീറിന്‍റെ റൂമിലുള്ള മറ്റുള്ളവർ, ബന്ധുക്കൾ എന്നിവരെയൊക്കെ പരിശോധിച്ചെങ്കിലും ആർക്കും രോഗം ഉണ്ടെന്ന് തെളിഞ്ഞിട്ടില്ല.
താൻ മൂലം ആർക്കും രോഗം വന്നില്ലെന്ന സമാധാനത്തിനിടയിലും പ്രവാസികൾക്കടക്കം മെച്ചെപ്പട്ട ചികിത്സയൊരുക്കുന്ന ഖത്തറിന് നന്ദി അറിയിക്കുകയാണ് മുനീർ. ആശങ്കയല്ല, രോഗലക്ഷണം കണ്ടാൽ ഉടൻ ചികിത്സതേടുക, മനസിന് നല്ല ധൈര്യം നൽകുക ഇതാണ് മുനീറിന്‍റെ സ്വന്തം അനുഭവത്തിൽ നിന്നുള്ള പാഠം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.