ദോഹ: തൊഴിൽ മന്ത്രാലയത്തിൽ വിവിധ ആവശ്യങ്ങൾക്കായി സമർപ്പിച്ച അപേക്ഷകളുടെ സ്ഥിതി വിവരങ്ങൾ വേഗത്തിൽ അറിയുന്നതിനും പരിശോധിക്കുന്നതിനും ശിപാർശകൾ നൽകുന്നതിനുമായി സ്മാർട്ട് മൾട്ടി ഏജന്റ് സംവിധാനം പ്രാബല്യത്തിൽ വരുന്നു. നിർമിതബുദ്ധിയുടെ സഹായത്തോടെയാണ് അപേക്ഷകളുടെ തുടർ നടപടികൾ വേഗത്തിലാക്കാൻ നൂതനപദ്ധതി അവതരിപ്പിക്കുന്നത്. ദിവസങ്ങളെടുത്ത് പൂർത്തിയാക്കുന്ന നടപടികൾ രണ്ട് മിനിറ്റിൽ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുന്നതാണ് സ്മാർട്ട് മൾട്ടി ഏജന്റ് സേവനം.
വേഗമേറിയതും കൃത്യവുമായ സേവനങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ മൈക്രോസോഫ്റ്റുമായി സഹകരിച്ചാണ് എ.ഐ അധിഷ്ഠിത മൾട്ടി-ഏജന്റ് സംവിധാനം തൊഴിൽ മന്ത്രാലയം ആരംഭിച്ചത്. മന്ത്രാലയത്തിന്റെ പ്രവർത്തന രീതിയിൽ ഗുണപരമായ മാറ്റമാണ് ഈ സംവിധാനത്തിലൂടെ പ്രതീക്ഷിക്കുന്നത്.
വേഗത്തിലും കൃത്യതയിലും മാത്രമല്ല, സുതാര്യത വർധിപ്പിക്കുന്നതിലും കൃത്യമായ ഫലങ്ങളെ അടിസ്ഥാനമാക്കി ജീവനക്കാർക്ക് മികച്ച തീരുമാനങ്ങളെടുക്കുന്നതിനും ഈ സംവിധാനം സഹായിക്കും. എ.ഐ അധിഷ്ഠിത ‘ഓട്ടോജെൻ’ ഫ്രെയിംവർക്കിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പുതിയ സംവിധാനം. ടാസ്ക്കുകൾ ചെയ്യുന്നതിന് എ.ഐ ഏജന്റുമാരെ നിർമിക്കുന്നതിനും പ്രവർത്തിക്കുന്നതിനും സഹായിക്കുന്ന ഒരു ഓപൺ സോഴ്സ് പ്രോഗ്രാമിങ് ഫ്രെയിംവർക്കാണ് ഓട്ടോജെൻ.
യോഗ്യത, തൊഴിൽ വിഭാഗങ്ങൾ, പരാതികൾ, കാര്യനിർവഹണം സംബന്ധിച്ച പരാതികൾ, തൊഴിൽ പ്രകടനം ഉൾപ്പെടെ വിഷയങ്ങളിൽ ഡേറ്റകളുടെയും പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിൽ എളുപ്പത്തിൽ വിശകലനം നടത്തി തീരുമാനമെടുക്കാനുമാവും. തൊഴിൽ അപേക്ഷകളിൽ, പുതിയ നിയമനങ്ങൾ, തൊഴിൽ കാര്യക്ഷമത തുടങ്ങിയ വിവിധ വിഷയങ്ങളിൽ ഈ സേവനം ഉപയോഗപ്പെടുത്താൻ കഴിയും. സർക്കാർ സേവനങ്ങളിൽ നൂതന സാങ്കേതികവിദ്യ സംസ്കാരം വളർത്തിയെടുക്കുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് നൂതനമായ ഈ പുതിയ സംവിധാനം അവതരിപ്പിച്ചതെന്ന് തൊഴിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ നജ്വ ബിൻത് അബ്ദുൽറഹ്മാൻ ആൽഥാനി പറഞ്ഞു. ഏറ്റവും വേഗത്തിൽ എന്നതിനൊപ്പം നിർമിതബുദ്ധി സാങ്കേതിക വിദ്യയുടെ സഹായത്തോടെ സുതാര്യവും കൃത്യവുമായ തീരുമാനങ്ങൾ എടുക്കാൻ ഇത് വഴിയൊരുക്കുമെന്ന് അവർ പറഞ്ഞു. മന്ത്രാലയത്തിലെ സേവനങ്ങളുടെ ഡിജിറ്റലൈസേഷൻ വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഖത്തർ ദേശീയ വിഷൻ 2030ന്റെ ഭാഗം കൂടിയാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.