വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രി ലുൽവ ബിൻത് റാഷിദ് ബിൻ മുഹമ്മദ് അൽ ഖാതിറിന്റെ സാന്നിധ്യത്തിൽ വിദ്യാഭ്യാസ മന്ത്രാലയത്തിലെയും എജുക്കേഷൻ എബൗവ് ഓൾ ഫൗണ്ടേഷന്റെയും ഭാരവാഹികൾ കരാറിൽ ഒപ്പുവെച്ചപ്പോൾ
സ്കൂളിൽ പോകാത്ത കുട്ടികൾക്ക് ബദൽ പഠനമൊരുക്കും; വിദ്യാഭ്യാസ മന്ത്രാലയവും എജുക്കേഷൻ എബൗവ് ഓൾ ഫൗണ്ടേഷനും കൈകോർക്കുന്നു
ദോഹ: സ്കൂളിൽ പോകാൻ സാധിക്കാത്ത കുട്ടികൾക്ക് ബദൽ വിദ്യാഭ്യാസ പഠന രീതികൾ ഒരുക്കുന്നതിനായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയവും എജുക്കേഷൻ എബൗവ് ഓൾ ഫൗണ്ടേഷനും (ഇ.എ.എ) കരാറിൽ ഒപ്പുവെച്ചു. ഇതുവഴി മുഖ്യധാര വിദ്യാഭ്യാസ സംവിധാനത്തിൽനിന്ന് മാറിനിൽക്കേണ്ടി വരുന്ന കുട്ടികൾക്ക് അസ്സലാം സ്കൂളുകൾ വഴി സൗജന്യ വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ ഒരുക്കും.
ഇതുസംബന്ധിച്ച കരാറിൽ വിദ്യാഭ്യാസ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മുഹമ്മദ് കരീബും എജുക്കേഷൻ എബൗവ് ഓൾ ഫൗണ്ടേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മുഹമ്മദ് അൽ കുബൈസിയും ഒപ്പുവെച്ചു. വിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ മന്ത്രി ലുൽവ അൽ ഖാതിർ, അണ്ടർസെക്രട്ടറി ഡോ. ഇബ്രാഹിം അൽ നുഐമി എന്നിവരുൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.
വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന കുട്ടികൾക്ക് സുരക്ഷിതവും അനുയോജ്യമായ വിദ്യാഭ്യാസ അവസരങ്ങൾ ഒരുക്കുന്നതിനൊപ്പം, സാംസ്കാരികവും സാമൂഹികവും സാമ്പത്തികവുമായ വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന ഒരു പഠനാന്തരീക്ഷം പ്രോത്സാഹിപ്പിക്കാനും ഈ കരാറിലൂടെ ലക്ഷ്യമിടുന്നു. അസ്സലാം സ്കൂളുകളെ പിന്തുണയ്ക്കുന്നതിനായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയവും എജുക്കേഷൻ എബൗവ് ഓൾ ഫൗണ്ടേഷനും തമ്മിലുള്ള നിലവിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ ഇത് സഹായിക്കുമെന്ന് മുഹമ്മദ് അൽ കുബൈസി വ്യക്തമാക്കി.
കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസ്സമാകുന്ന കാര്യങ്ങൾ കണ്ടെത്തി അനുയോജ്യമായ പരിഹാരങ്ങൾ കണ്ടെത്താൻ ഇ.എ.എ പ്രവർത്തിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാവരെയും ഉൾക്കൊള്ളുന്നതും സമത്വത്തിലധിഷ്ഠിതവുമായ ആശയങ്ങൾ ഉയർത്തിപ്പിടിച്ച് 2019-ലാണ് അസ്സലാം സ്കൂളുകൾ ആരംഭിച്ചത്. മുഖ്യധാരാ സ്കൂളുകളിൽ പ്രവേശനം നേടാൻ ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് മികച്ചൊരു ബദൽ വിദ്യാഭ്യാസ മാർഗമായി പദ്ധതി പ്രവർത്തിച്ചുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.