സി.എ.പി അക്രഡിറ്റേഷൻ ലഭിച്ച മൈക്രോ ഹെൽത്ത് ലബോറട്ടറീസ് അധികൃതർ
വാർത്തസമ്മേളനത്തിൽ
ദോഹ: ലബോറട്ടറി ഗുണനിലവാരം ഉറപ്പുനൽകുന്ന ലോകത്തെ ഏറ്റവും വലിയ അക്രഡിറ്റേഷനായ കോളജ് ഓഫ് അമേരിക്കൻ പത്തോളജിസ്റ്റ്സ് (സി.എ.പി) സർട്ടിഫിക്കേഷൻ നേട്ടവുമായി ഖത്തർ മൈക്രോ ഹെൽത്ത് ലബോറട്ടറീസ്.
ലബോറട്ടറികളുടെ ഗുണനിലവാരം, കൃത്യത, മികവ് എന്നിവക്ക് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട സി.എ.പി അക്രഡിറ്റേഷൻ, രണ്ടു വർഷത്തെ നിരന്തരമായ തയാറെടുപ്പുകളിലൂടെയും ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്ന സമഗ്രമായ സ്റ്റാൻഡേഡൈസേഷൻ പ്രക്രിയയിലൂടെയുമാണ് കൈവരിച്ചതെന്ന് മാനേജ്മെന്റ് അധികൃതർ അറിയിച്ചു.
രോഗികൾക്കു നൽകുന്ന മുഴുവൻ പരിശോധനാ റിപ്പോർട്ടുകളുടെയും, കൃത്യത, വിശ്വാസ്യത, ശാസ്ത്രീയത, സമഗ്രത എന്നിവ ഉറപ്പു വരുത്തുക എന്നതാണ് സി.എ.പി അക്രഡിറ്റേഷൻ കൊണ്ട് ലക്ഷ്യമിടുന്നത്.
ഇതോടെ, മൈക്രോഹെൽത്ത് ലബോറട്ടറിയിൽനിന്ന് പുറത്തുവരുന്ന ഓരോ ഫലവും ഗുണനിലവാരത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമായി നിലകൊള്ളുന്നു. ജനിതകശാസ്ത്രവും ജീനോമിക്സും ഉൾപ്പെടെ ലബോറട്ടറി മെഡിസിൻ, പത്തോളജി എന്നിവയുടെ എല്ലാ വകുപ്പുകളും അടങ്ങിയതാണ് ഖത്തറിലെ മൈക്രോഹെൽത്ത് ലബോറട്ടറീസ്. ലോകോത്തര സാങ്കേതിക വിദ്യകൾ സംയോജിപ്പിച്ച്, സുസ്ഥിര ഗുണനിലവാര സംവിധാനങ്ങൾ നടപ്പാക്കി, രാജ്യത്തിന്റെ ആരോഗ്യ രംഗത്ത് പരിവർത്തനം ലക്ഷ്യമിടുന്ന ഖത്തർ നാഷനൽ വിഷൻ 2030ന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾക്ക് കരുത്തു പകരുന്നതാണ് ഈ അംഗീകാരം.
ഖത്തറിൽ 15 വർഷത്തിലേറെയും ആഗോളതലത്തിൽ മൂന്ന് പതിറ്റാണ്ടുകളായും പ്രവർത്തിച്ചുവരുന്ന മൈക്രോ ഹെൽത്ത് ലബോറട്ടറീസ്, ജി.ഇ ഹെൽത്ത്കെയർ, അബോട്ട് ലബോറട്ടറീസ് തുടങ്ങിയ ആഗോള ടെക്നോളജി പങ്കാളികളുടെ പിന്തുണയോടെ, കംപ്ലീറ്റ് ഓട്ടോമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുതലായ അത്യാധുനിക കണ്ടുപിടിത്തങ്ങളെ പ്രിസിഷൻ ഡയഗ്നോസ്റ്റിക്സിനു വേണ്ടി ഉപയോഗപ്പെടുത്തുന്നു.
മൈക്രോ ഹെൽത്ത് ലബോറട്ടറീസുമായി സഹകരിക്കുന്ന പാർട്ണർമാരോടും ഖത്തറിലെ പൊതുജനങ്ങളോടും വിശ്വാസത്തിനും പിന്തുണക്കും നന്ദി അറിയിക്കുന്നതായി മാനേജ്മെന്റ് അറിയിച്ചു.
ഗ്ലോബൽ സി.ഇ.ഒ ഡോ. നൗഷാദ് സി.കെ, മെഡിക്കൽ ഡയറക്ടർ ഡോ. വിജയ് വിഷ്ണു പ്രസാദ്, ഹെഡ് ഓഫ് ക്വാളിറ്റി മാനേജ്മെന്റ് അൻസ മേരി, ഹെഡ് ഓഫ് ഓപറേഷൻസ് നിജി മാത്യൂ, കൺസൽട്ടന്റ് ജനിറ്റിസിസ്റ്റ് ഡോ. ജസ്റ്റിൻ കാർലസ്, അനാട്ടമിക്കൽ പത്തോളജിസ്റ്റ് ഡോ. ഒൽഫ നെയ്ലി ടെക്നിക്കൽ ഹെഡ് ഷിജു എൻ.പി തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.