അഗ്രിടെക് കാർഷിക പ്രദർശനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യയും മറ്റു മന്ത്രിമാരും പങ്കെടുക്കുന്നു.
ദോഹ: എജുക്കേഷൻ എബൗവ് ഓൾ ഫൗണ്ടേഷൻ ധനശേഖരണാർഥം സംഘടിപ്പിക്കുന്ന ‘മാച്ച് ഫോർ ഹോപ്’ ചാരിറ്റി ഫുട്ബാൾ മാച്ചിൽ പന്തുതട്ടാനെത്തുന്നത് ഇതിഹാസ താരങ്ങൾ. ഫെബ്രുവരി 14ന് 974 സ്റ്റേഡിയം വേദിയാകുന്ന പ്രദർശന മത്സരത്തിൽ മുൻകാല ഫുട്ബാൾ ഇതിഹാസങ്ങളും സാമൂഹിക മാധ്യമ ലോകത്തെ ആരാധക പ്രിയരായ താരങ്ങളുമാണ് അണിനിരക്കുന്നത്. മുൻ ഫ്രഞ്ച് ഇതിഹാസം തിയറി ഒൻറി, സ്പാനിഷ് താരങ്ങളായ ആന്ദ്രെ ഇനിയസ്റ്റ, ഡേവിഡ് സിൽവ, ഇറ്റാലിയൻ സൂപ്പർതാരം അലസാന്ദ്രോ ഡെൽപിയറോ, ആന്ദ്രെ പിർലോ, മുൻ ഖത്തരി താരം മുബാറക് മുസ്തഫ എന്നിവരാണ് ഇരു ടീമുകളിലുമായി അണിനിരക്കുന്നത്.
സമൂഹ മാധ്യമലോകത്തെ താരങ്ങളായ ടീം ചങ്ക്സും ഐഷോ സ്പീഡും തമ്മിലായി രണ്ടു ടീമുകളിലായാണ് മത്സരം നടക്കുന്നത്. ഫുട്ബാളും സംഗീതവും വിനോദവുമെല്ലാം ഒന്നിപ്പിച്ചാണ് അപൂർവമായ കളിയാവേശത്തിന് ഇ.എ.എ നേതൃത്വത്തിൽ 974 സ്റ്റേഡിയത്തിൽ വേദിയൊരുക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുന്ന ഇ.എ.എയുടെ ലബനാൻ, നൈജീരിയ, ഫലസ്തീൻ, സിറിയ, പാകിസ്താൻ രാജ്യങ്ങളിലെ പ്രവർത്തനങ്ങൾക്കായി ധനശേഖരണമാണ് ചാരിറ്റി ഫുട്ബാൾ വഴി ലക്ഷ്യമിടുന്നത്. 2024ൽ നടന്ന പ്രഥമ മാച്ച് ഫോർ ഹോപ് മത്സരത്തിലൂടെ 88 ലക്ഷം ഡോളറാണ് സമാഹരിച്ചത്. 70,000ത്തോളം സ്കൂൾ വിദ്യാർഥികളുടെ പഠനത്തിനായി ഈ തുക ഉപയോഗപ്പെടുത്താൻ കഴിഞ്ഞു.
ഫെബ്രുവരി 14ന് നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റ് വിൽപന www.match4hope.com ലിങ്ക് വഴി സജീവമാണ്. 30 റിയാലാണ് നിരക്ക്.മത്സര ദിനത്തിൽ അഞ്ച് മണിക്ക് സ്റ്റേഡിയം കവാടം തുടക്കും. റഷ റിസ്ക്, മകൾമോർ തുടങ്ങിയ കലാകാരന്മാരുടെ പ്രകടനത്തിനും വേദിയാകും. കളിക്കൊപ്പം ആരാധകർക്കായി വൈവിധ്യമാർന്ന ഭക്ഷ്യമേളയും ഒരുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.