തഹ്സിൻ (ജഴ്സി 28) സൗദിക്കെതിരെ കളിച്ച ഖത്തർ അണ്ടർ 16 ടീമിനൊപ്പം

ഖത്തറിന്‍റെ മറൂൺ കുപ്പായത്തിലൊരു മലയാളി 'ടച്ച്'

ദോഹ: ഏഷ്യൻ ചാമ്പ്യന്മാരും, ഫിഫ ലോകകപ്പിന്‍റെ ആതിഥേയരുമായി ഫുട്ബാൾ ലോകത്തെ കരുത്തരായി മാറിയ ഖത്തറിന്‍റെ കൗമാരസംഘത്തിൽ പന്തുതട്ടാൻ ഇടം പിടിച്ച് ഒരു മലയാളിയും. കണ്ണൂർ വളപട്ടണം സ്വദേശിയായ തഹ്സിൻ എന്ന 15കാരനാണ് ഖത്തറിന്‍റെ അണ്ടർ 16 ദേശീയ ടീം കുപ്പായമണിഞ്ഞ് ഫുട്ബാൾ ആരാധകരായ മലയാളികൾക്ക് കൂടി അഭിമാനമാവുന്നത്. അടുത്തവർഷം നടക്കുന്ന അണ്ടർ 17 ഏഷ്യകപ്പിനായൊരുങ്ങുന്ന ഖത്തർ സംഘത്തിനൊപ്പം സൗദി പര്യടനത്തിലാണ് തഹ്സിൻ. അന്നബിയെന്ന വിളിപ്പേരിൽ ഏഷ്യൻ ഫുട്ബാളിലെ അതികായകരായി മാറിയ ഖത്തറിന്‍റെ ആരുംകൊതിക്കുന്ന മറൂൺ കളർ കുപ്പായത്തിലാണ് തഹ്സിന്‍റെ തിളക്കം.

ഇരു വിങ്ങുകളിലും മാറിമാറി ചാട്ടുളിവേഗത്തിൽ തഹ്സിൻ പന്തുമായി കുതിക്കുമ്പോൾ, ബൂട്ടുകൾക്ക് ഇന്ത്യൻ യൂത്ത് ടീം ക്യാമ്പ് വരെയെത്തിയ ഒരു മുൻ കേരള താരത്തിന്‍റെ പാരമ്പര്യമുണ്ട്. 1992ൽ അഖിലേന്ത്യ കിരീടം ചൂടിയ കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീം അംഗവും, ജോപോൾ അഞ്ചേരിക്കൊപ്പം കേരള യൂത്ത് ടീമിൽ കളിക്കുകയും ഇന്ത്യൻ ക്യാമ്പ് വരെയുമെത്തിയ കണ്ണൂർ തലശ്ശേരിക്കാരനായ പിതാവ് ജംഷിദിന്‍റെ പന്തടക്കം. ഖത്തറിൽ ജനിച്ചു വളർന്ന തഹ്സിൻ, ഖത്തറിന്‍റെ കായിക നഴ്സറിയായ ആസ്പയർ അക്കാദമിയിൽ നിന്നാണ് കരുത്തുറ്റ ഫുട്ബാളറായി മാറുന്നത്. കഴിഞ്ഞ നാലുവർഷമായി ആസ്പയറിലാണ് പരിശീലനവും പഠനവുമെല്ലാം. ഫുട്ബാളിന് നല്ലവേരോട്ടമുള്ള മണ്ണിൽ നിന്നും സ്ഥിരതയാർന്ന പ്രകടനവും മികവും നിലനിർത്തിയാണ് തഹ്സിൻ ഖത്തറിന്‍റെ ദേശീയ ടീമിൽ, 11 പേരിൽ ഒരാളായി ഇടം പിടിച്ചത്.


കഴിഞ്ഞ വർഷം നടന്ന സൗഹൃദ മത്സരങ്ങളിൽ ദേശീയ ടീമിനെ പ്രതിനിധീകരിച്ച് ആസ്പയർ ടീം പന്തു തട്ടിയപ്പോഴും അവരിൽ ഒരാളായി തഹ്സിനുണ്ടായിരുന്നു. അടുത്തവർഷം ജനുവരിയിൽ ബഹ്റൈനിൽ നടക്കുന്ന അണ്ടർ 17 ഏഷ്യാകപ്പിനായി തയാറെടുക്കുന്ന ഖത്തർ കൗമാരസംഘത്തിൽ പ്രധാനിയാണ് ഈ മലയാളിപ്പയ്യൻ. സൗദി പര്യടനത്തിനു ശേഷം, റുമേനിയ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലും ടീമിന് കളിയുണ്ടാവും. ഫുട്ബാളിനെ നെഞ്ചേറ്റിയ പിതാവിന്‍റെ പാരമ്പര്യം തന്നെയാണ് തഹ്സിന്‍റെയും കരുത്ത്. 1985ൽ കേരളത്തിന്‍റെ സബ്ജൂനിയർ ടീമിലും, ശേഷം, ജൂനിയർ-യൂത്ത് ടീമുകളിലും കളിച്ചും, നാലു വർഷം കാലിക്കറ്റ് സർവകാലാശാല ടീമിന്‍റെ താരമായും തിളങ്ങിയ ജംഷിദിനെ പരിക്കാണ് കളത്തിൽ നിന്നും അകറ്റിയത്. ഒപ്പം കളിച്ച ജോപോൾ ഉൾപ്പെടെയുള്ളവർ രാജ്യാന്തര മികവിലേക്ക് പറന്നുയർന്നപ്പോൾ ജംഷിദിന് പരിക്ക് റെഡ്കാർഡ് വിളിച്ചു. തുടർന്ന്, 23ാം വയസ്സിൽ പ്രവാസം വരിച്ച് ഖത്തറിലെത്തിയെങ്കിലും ഫുട്ബാളിലെ പ്രിയം വിട്ടില്ല. അൽ ഫൈസൽ ഹോൾഡിങ്ങിൽ ജീവനക്കാരനായിരിക്കെ ഒഴിവു ദിനങ്ങളിൽ കളിക്കളത്തിലേക്കുള്ള യാത്രയിൽ മക്കളെയും ഒപ്പം കൂട്ടി. അങ്ങനെ കുഞ്ഞുനാളിൽ തന്നെ കയറിയ ഫുട്ബാൾ ആവേശമാണ് ഇളയമകൻ തഹ്സിനെ ദേശീയ ടീം വരെയെത്തിച്ചത്.

അൽ ഫൈസൽ ഹോൾഡിങ്സിനു കീഴിൽ തന്നെയുള്ള ശൈഖ് ഫൈസൽ ബിൻ ഖാസിം സ്പോർട്സ് അക്കാദമിയിൽ പരിശീനമാരംഭിച്ച തഹ്സിന്‍റെ പ്രതിഭ കോച്ചുമാരായ അൽജീരിയൻ സഹോദരങ്ങളാണ് തിരിച്ചറിയുന്നത്. അവരുടെ നിർദേശത്തെത്തുടർന്ന് ഖത്തറിലെ പ്രമുഖ ക്ലബായ ദുഹൈൽ എഫ്.സിയിലെത്തി. ശേഷമാണ് ആസ്പയർ അക്കാദമിയിലേക്ക് പരിശീലനത്തിന് തെരഞ്ഞെടുക്കുന്നത്. ആസ്പയറിനു കീഴിൽ തന്നെ പത്താം ക്ലാസിലും പഠിക്കുന്നു. മുത്ത സഹോദരൻ മിഷാൽ സ്കൂൾ തലത്തിൽ കളിച്ചിരുന്നു. വളപട്ടണം സ്വദേശി ഷൈമയാണ് മാതാവ്.

Tags:    
News Summary - Malayalee football player in Qatar Under 16 national team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.