മഹാസീൽ മേളയുടെ ഉദ്ഘാടനം നിർവഹിച്ച ഡോ. ഖാലിദ് ബിൻ ഇബ്രാഹീം അൽ സുലൈതി സ്റ്റാളുകൾ സന്ദർശിക്കുന്നു, കതാറയിൽ ആരംഭിച്ച മഹാസീൽ ഫെസ്റ്റിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന്
ദോഹ: പ്രാദേശിക തോട്ടങ്ങളിൽ വിളവെടുത്ത പഴങ്ങളും പച്ചക്കറികളും മുതൽ തേൻ വരെയുള്ള വിഭവങ്ങളുമായി പത്താമത് മഹാസീൽ മേളക്ക് കതാറ കൾചറൽ വില്ലേജിൽ തുടക്കമായി.
റമദാനിലുടനീളം ആവശ്യക്കാർക്ക് മികച്ച ഇനം പച്ചക്കറികൾ വാങ്ങാനുള്ള സൗകര്യങ്ങൾ ഒരുക്കിയാണ് മുനിസിപ്പാലിറ്റി മന്ത്രാലയത്തിനു കീഴിലെ കാർഷിക വിഭാഗവുമായി സഹകരിച്ച് കതാറ കൾചറൽ വില്ലേജ് കാർഷിക ഉത്സവം സംഘടിപ്പിക്കുന്നത്.
ഖത്തറിന്റെ പ്രാദേശിക കാർഷിക വിപണിക്ക് പിന്തുണ നൽകുന്നതിനൊപ്പം, രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയും, ഉപഭോക്താക്കൾക്ക് മികച്ച ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ലഭ്യമാക്കുകയും ഇതുവഴി ലക്ഷ്യമിടുന്നു. കതാറ കൾചറൽ വില്ലേജ് ജനറൽ മാനേജർ ഡോ. ഖാലിദ് ബിൻ ഇബ്രാഹീം അൽ സുലൈതി ഉദ്ഘാടനം ചെയ്തു.
ബുധനാഴ്ച തുടക്കംകുറിച്ച മേള റമദാനും പിന്നിട്ട്, ചെറിയ പെരുന്നാളിന്റെ നാലാം ദിനംവരെ തുടരും. 33 പ്രാദേശിക തോട്ടങ്ങൾ, രണ്ട് പാൽ ഉൽപന്ന സ്ഥാപനങ്ങൾ ഉൾപ്പെടെ നാല് ദേശീയ കമ്പനികൾ, ചെടികളും പൂക്കളുമായി നഴ്സറികൾ എന്നിവ പങ്കെടുക്കുന്നതാണ് മഹാസീൽ മേള.
ആവശ്യക്കാർക്ക് പ്രാദേശിക ഫാമുകളിൽ നിന്ന് നേരിട്ടുതന്നെ ഉൽപന്നങ്ങൾ വാങ്ങാൻ അവസരമൊരുക്കുന്നതാണ് മഹാസീൽ മേളയെന്ന് ഫെസ്റ്റിവൽ ഹെഡ് സൽമാൻ മുഹമ്മദ് അൽ നുഐമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.