ലുലു ഗ്രൂപ്പിന്റെ ഖത്തറിലെ 23ാമത് ഹൈപ്പർ മാർക്കറ്റ് അബൂഹമൂർ ദോഹ മാളിൽ അബ്ദുൽ അസീസ് മുഹമ്മദ് അൽ റബ്ബാൻ ഉദ്ഘാടനം ചെയ്യുന്നു.
ദോഹ: ഖത്തറിലെ സ്വദേശികൾക്കും പ്രവാസികൾക്കും പുതുമയാർന്ന ഷോപ്പിങ് അനുഭവവുമായി ലുലു ഗ്രൂപ്പിന്റെ രാജ്യത്തെ 23ാമത് ഹൈപ്പർ മാർക്കറ്റ് അബൂ ഹമൂർ ദോഹ മാളിൽ പ്രവർത്തനമാരംഭിച്ചു. ഇരുനിലകളിലായി 80,000 ചതുരശ്രയടി വിസ്തൃതിയിൽ അതുല്യമായ ഷോപ്പിങ് അനുഭവം ഒരുക്കിയാണ് ലുലു ഗ്രൂപ് തങ്ങളുടെ പുതിയ ഹൈപ്പർ മാർക്കറ്റ് പൊതുജനങ്ങൾക്കായി തുറന്നുനൽകിയത്. പ്രമുഖ ഖത്തരി വ്യവസായി അബ്ദുൽ അസീസ് മുഹമ്മദ് അൽ റബ്ബാൻ, ശൈഖ് അബ്ദുല്ല ബിൻ ഹസൻ അൽഥാനി, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി എന്നിവരുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം നിർവഹിച്ചു.
ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ, കോമേഴ്സ്യൽ ബാങ്ക് ഓഫ് ഖത്തർ സി.ഇ.ഒ ജോസഫ് എബ്രഹാം, ലുലു ഗ്രൂപ് ഇൻറർനാഷനൽ എക്സിക്യൂട്ടിവ് ഡയറക്ടർ അഷ്റഫ് അലി എം.എ, ലുലു ഗ്രൂപ് ഡയറക്ടർ മുഹമ്മദ് അൽത്താഫ്, ലുലു ഖത്തർ റീജനൽ ഡയറക്ടർ എം.ഒ. ഷൈജൻ, ശ്രീലങ്ക, എക്വഡോർ, വിയറ്റ്നാം, ബംഗ്ലാദേശ്, ക്രൊയേഷ്യ, പോളണ്ട് രാജ്യങ്ങളുടെ അംബാസഡർമാർ എന്നിവരും പങ്കെടുത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾ, അന്താരാഷ്ട്ര ഗുണനിലവാരത്തിലെ സംവിധാനങ്ങൾ, ഉന്നത ബ്രാൻഡുകളുടെ ശേഖരം എന്നിവയോടെയാണ് നൂതന ഷോപ്പിങ്ങുമായി ഹൈപ്പർ മാർക്ക് ഒരുങ്ങിയത്. ലുലു ഫാഷൻ, ഇലക്ട്രോണിക് ഉൽപന്ന വിഭാഗമായ ലുലു കണക്ട്, ഐ എക്സ്പ്രസ്, ബ്യൂട്ടി ആൻഡ് കോസ്മെറ്റിക്സിന്റെ ബി.എൽ.എസ്.എച്ച്, വസ്ത്രശേഖരമായ റിയോ, ടെക് ഉൽപന്നങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ദോഹ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ്. വിശാലമായ പാർക്കിങ് സൗകര്യം, സെൽഫ് ചെക്കൗട്ട്, ഗ്രീൻ ചെക്കൗട്ട് കൗണ്ടർ തുടങ്ങിയവയും പ്രത്യേകതയാണ്.
ലുലുവിന്റെ ഖത്തറിലെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന അമീർ, പിതാവ് അമീർ, പ്രധാനമന്ത്രി, സർക്കാർ സംവിധാനങ്ങൾ എന്നിവർക്ക് എം.എ. യൂസുഫലി നന്ദി അറിയിച്ചു. ഖത്തറിലെ വിവിധ ദേശക്കാരായ ജനങ്ങൾക്ക് ലോകോത്തര നിലവാരത്തിലെ ഷോപ്പിങ് അനുഭവം നൽകുന്നതാണ് അബൂഹമൂർ ഹൈപ്പർ മാർക്കറ്റെന്ന് അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കൾക്കായുള്ള ‘ലുലു ഹാപ്പിനസ്’ ലോയൽറ്റി പദ്ധതിക്കും തുടക്കം കുറിച്ചു. ശൈഖ് മുഹമ്മദ് ബിൻ ഹസൻ ആൽഥാനിയും എം.എ. യൂസുഫലിയും ചേർന്നാണ് ‘ലുലു ഹാപ്പിനസ്’ ഉദ്ഘാടനം നിർവഹിച്ചത്. ഹൈപ്പർ മാർക്കറ്റിലെ കിയോസ്കുകൾ വഴിയോ ഓൺലൈൻ രജിസ്റ്റർ ചെയ്തോ ‘ഹാപ്പിനസി’ൽ അനായാസം ഭാഗമാകം. പദ്ധതിയിൽ പങ്കാളികളാകുന്ന ഉപഭോക്താക്കൾക്ക് ആകർഷകമായ വിലക്കിഴിവുകളും പോയൻറുകളും ഖത്തറിലെ എല്ലാ ലുലു ഹൈപ്പർ മാർക്കറ്റുകളിലും ലഭിക്കും. ഹൈപ്പർ മാർക്കറ്റുകളിൽനിന്ന് സാധനങ്ങൾ വാങ്ങിക്കുമ്പോൾ ലഭിക്കുന്ന പോയന്റുകൾ ഉപയോഗിച്ച് ഷോപ്പിങ് ചെയ്യാനും സാധിക്കും. സ്മാർട്ട് ഷോപ്പിങ്ങിനൊപ്പം സീറോ വേസ്റ്റ് റീഫിൽ സ്റ്റേഷൻ, പ്ലാനറ്റ് വൈ, കീറ്റോ-സൂപ്പർ ഫുഡ്, ഗ്ലൂട്ടൻ ഫ്രീ തുടങ്ങിയവയുടെ കിയോസ്ക് എന്നീ വൈവിധ്യങ്ങളോടെയാണ് പുതിയ ഹൈപ്പർ മാർക്കറ്റ് ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.