ഖത്തർ കാൻസർ സൊസൈറ്റി ആദരവ് മന്ത്രി ബുഥൈന ബിൻത് അലി അൽ ജാബിർ
അൽ നുഐമിയിൽനിന്ന് ലുലു ഹൈപ്പർമാർക്കറ്റ് റീജനൽ മാനേജർ ഷാനാവാസ് പടിയത്ത്
ഏറ്റുവാങ്ങുന്നു
ദോഹ: അർബുദത്തിനെതിരായ പോരാട്ടങ്ങളിലെ നേതൃപരമായ പ്രവർത്തനങ്ങൾക്ക് ലുലു ഹൈപ്പർ മാർക്കറ്റിന് ഖത്തർ കാൻസർ സൊസൈറ്റി (ക്യു.സി.എസ്) അംഗീകാരം. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ സാമൂഹിക വികസന, കുടുംബ കാര്യമന്ത്രി ബുഥൈന ബിൻത് അലി അൽ ജാബിർ അൽ നുഐമിയിൽനിന്ന് ലുലു ഖത്തർ റീജനൽ മാനേജർ ഷാനവാസ് പടിയത്ത് പുരസ്കാരം ഏറ്റുവാങ്ങി. ബോധവത്കരണവും പ്രചാരണവും ഉൾപ്പെടെ അർബുദത്തിനെതിരായ ചെറുത്തുനിൽപിൽ ഖത്തർ കാൻസർ സൊസൈറ്റിക്ക് നൽകുന്ന പിന്തുണക്കുള്ള അംഗീകാരംകൂടിയാണ് ആദരവ്.
മഹത്തായ ലക്ഷ്യത്തിന്റെ ഭാഗമാകാനും, കാൻസർ പ്രതിരോധം, നേരത്തേയുള്ള രോഗനിർണയം, രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കുമുള്ള പിന്തുണ എന്നിവയിൽ അവബോധം വളർത്തുന്നതിനുള്ള ഖത്തർ കാൻസർ സൊസൈറ്റിയുടെ ദൗത്യത്തിൽ പിന്തുണക്കുന്നതിന് തേടിയെത്തിയ അംഗീകാരം അഭിമാനകരമാണെന്ന് ഷാനവാസ് പടിയത്ത് പറഞ്ഞു. വിവിധ പ്രചാരണ പരിപാടികളിലൂടെ കാൻസർ സൊസൈറ്റിയുടെ പ്രവർത്തനങ്ങളിലേക്ക് ലുലു സാമ്പത്തിക പിന്തുണയും നൽകിയിരുന്നു. കഴിഞ്ഞ വർഷം നടന്ന ,വഴി 1.25 ലക്ഷം റിയാലാണ് സമാഹരിച്ചു നൽകിയത്.
ഖത്തർ കാൻസർ സൊസൈറ്റി സ്ട്രാറ്റജിക് പ്ലാൻ 2025 -2028ന്റെ ഭാഗമായാണ് പങ്കാളികളെ പുരസ്കാരം നൽകി ആദരിച്ചത്. ഖത്തർ ദേശീയ വിഷന്റെ ഭാഗമായി ക്യു.സി.എസ് സ്ട്രാറ്റജിയിലൂടെ അർബുദ ബോധവത്കരണം, രോഗനിർണയം, രോഗികൾക്കും ബന്ധുക്കൾക്കുമുള്ള മാനസിക- സാമ്പത്തിക പിന്തുണ തുടങ്ങിയ പദ്ധതികളാണ് ക്യു.സി.എസ് ആസൂത്രണം ചെയ്യുന്നത്.
ചടങ്ങിൽ ഖത്തർ കാൻസർ സൊസൈറ്റി ചെയർമാൻ ശൈഖ് ഡോ. ഖാലിദ് ബിൻ ജാബിർ ആൽ ഥാനി, ഗൾഫ് ടൈംസ് ചീഫ് എഡിറ്റർ ഫൈസൽ അബ്ദുൽ ഹമീദ് അൽ മുദാക എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.