ഡിസൈൻ ദോഹ ബിനാലെക്ക് തുടക്കം; മുന്നൂറിലേറെ ഡിസൈനർമാരും സ്റ്റുഡിയോകളുമാണ് ബിനാലെയിൽ അണിനിരക്കുന്നത്
ദോഹ: പാരമ്പര്യമായി കൈമാറിവന്ന അറിവുകളും നിർമ്മാണ രീതികളും ഉപയോഗിച്ച് സമകാലിക ഡിസൈനുകൾക്ക് പുതിയ കാഴ്ചപ്പാട് നൽകി ഡിസൈൻ ദോഹ ബിനാലെ രണ്ടാം പതിപ്പിന് തുടക്കം. 50ലധികം രാജ്യങ്ങളിൽ നിന്നായി മുന്നൂറിലേറെ ഡിസൈനർമാരും സ്റ്റുഡിയോകളുമാണ് ബിനാലെയിൽ അണിനിരക്കുന്നത്. മുൻവർഷത്തെക്കാൾ വിപുലമായ രീതിയിലാണ് ഇത്തവണ ബിനാലെ സംഘടിപ്പിച്ചിരിക്കുന്നത്.
ഗാലറിക്ക് പുറത്തേക്ക് വളർന്ന് നഗരത്തിന്റെ തന്നെ ഭാഗമായി മാറുന്ന രീതിയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രധാന എക്സിബിഷനായ 'അറബ് ഡിസൈന്' മിശൈരിബ് ഡൗൺടൗൺ വേദിയാകും. ദോഹയിലെ ചരിത്രപ്രധാനമായ പ്രദേശങ്ങളിലൊന്നായ 'ഫരീജ് അൽ അസ്മാഖി'നെ ബിനാലെയുടെ മറ്റൊരുപ്രധാന വേദിയാക്കി മാറ്റിയിട്ടുണ്ട്. ബിനാലെ 2027 ജനുവരി 31 വരെ നീണ്ടുനിൽക്കും. താമസക്കാർക്കും സന്ദർശകർക്കും 25 ഖത്തരി റിയാലാണ് ഡേ പാസ് നിരക്ക്. 16 വയസ്സും അതിൽ താഴെയുമുള്ള കുട്ടികൾക്കും വിദ്യാർഥികൾക്കും പ്രവേശനം സൗജന്യമാണ്.
ഖത്തർ മ്യൂസിയംസിന്റെ നേതൃത്വത്തിൽ ദോഹയിൽ സംഘടിപ്പിക്കുന്ന പ്രമുഖ അന്താരാഷ്ട്ര മേളയിൽ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക, ദക്ഷിണേഷ്യ (മെന) മേഖലകളിലെയും അന്താരാഷ്ട്ര തലത്തിലെയും ഡിസൈനർമാരുടെയും ആർക്കിടെക്റ്റുകളുടെയും സർഗാത്മക സൃഷ്ടികൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. ക്രിയേറ്റീവ് ഡിസൈൻ രംഗത്ത് ഖത്തറിനെ അന്താരാഷ്ട്ര കേന്ദ്രമാക്കി മാറ്റുന്നതിനും, പ്രാദേശിക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും, പരമ്പരാഗത അറബ് സാംസ്കാരിക പൈതൃകത്തെ പുതിയ കാലത്തെ ഡിസൈൻ ചിന്തകളുമായി ബന്ധിപ്പിക്കുന്നതിനും ഡിസൈൻ ദോഹ ബിനാലെ സുപ്രധാന പങ്കുവഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.