ദോഹ: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ പ്രവാസലോകത്തും ചർച്ചകളും ആഹ്ലാദങ്ങളും സന്തോഷം പങ്കുവെക്കുന്നതും സജീവമാണ്. പ്രവാസികളുടെ വാട്ട്സ്ആപ്പ് കൂട്ടായ്മകളിലും തൊഴിലിടങ്ങളിലും താമസ ഇടങ്ങളിലും തെരഞ്ഞെടുപ്പ് ഫലം ചർച്ചചെയ്തും പങ്കുവെച്ചും ചർച്ചകൾ തകൃതിയാണ്. യു.ഡി.എഫിന്റെ വിജയത്തിൽ കേരളത്തിൽ മാത്രമല്ല, പ്രവാസികൾക്കിടയിലും മധുരം പങ്കുവെച്ചും നാട്ടിൽനിന്ന് വിശേഷങ്ങളറിഞ്ഞും ആഹ്ലാദം പൊലിപ്പിക്കുകയാണ്. കഴിഞ്ഞമാസം മുഖ്യമന്ത്രി പിണറായി വിജയനും സാംസ്കാരിക മന്ത്രി സജി ചെറിയാനും ഖത്തർ അടക്കം ജി.സി.സി രാജ്യങ്ങളിൽ പര്യടനം നടത്തിയിരുന്നു. ഇത് തദ്ദേശ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് കരുതിയെങ്കിലും കാര്യമായ ചലനങ്ങളുണ്ടാക്കിയില്ല.
സംസ്ഥാന സർക്കാറിന്റെ വിലയിരുത്തലായി കണക്കാക്കപ്പെടുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലം, അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന്റെ സൂചന കൂടിയാണെന്നാണ് പ്രവാസികൾക്കിടയിലെ പൊതു വിലയിരുത്തൽ. വിവിധ പ്രവാസി സംഘടനകളും കൂട്ടായ്മകളും വിജയത്തെ വലിയ ആവേശത്തോടെയാണ് സ്വാഗതം ചെയ്യുന്നത്. ദോഹയിലെ വിവിധ യു.ഡി.എഫ് അനുകൂല പ്രവാസി സംഘടന നേതാക്കൾ ഗൾഫ് മാധ്യമവുമായി സന്തോഷം പങ്കുവെച്ചു.
ജനവിധി യു.ഡി.എഫിന് അനുകൂലമായത്, ഭരണമാറ്റത്തിനായുള്ള ജനങ്ങളുടെ ആഗ്രഹത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് കെ.എം.സി.സി ജനറൽ സെക്രട്ടറി സലീം നാലകത്ത് പറഞ്ഞു. ജനാധിപത്യ -മതേതര കൂട്ടായ്മയുടെ വിജയമാണിത്. വിദ്യാർഥികൾക്കും യുവാക്കൾക്കും അർഹമായ പ്രാതിനിധ്യമാണ് യു.ഡി.എഫ് നൽകിയിരുന്നത്. കെ.എം.സി.സിയുടെ അടക്കം മുൻ നേതാക്കളായിരുന്നവരെ തെരഞ്ഞെടുപ്പിൽ പരിഗണിച്ചു. പ്രബുദ്ധരായ വോട്ടർമാർ വോട്ടവകാശം കൃത്യമായി വിനിയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിക്കെതിരെ ഉറച്ച നിലപാട് എടുക്കാതെ ജനവിരുദ്ധമായ സമീപനം തുടർന്ന സി.പി.എമ്മിന് ജനങ്ങള്‍ കൊടുത്ത തിരിച്ചടിയാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ വിധിയെന്ന് ഇന്‍കാസ് ഖത്തര്‍ പ്രസിഡന്റ് സിദ്ധീഖ് പുറായില്‍ പറഞ്ഞു. മതേതര കേരളത്തില്‍ വര്‍ഗീയത മാത്രം പറയുന്നവരെ ചേര്‍ത്തുപിടിച്ച് വിജയിച്ച് കയറാമെന്ന സി.പി.എമ്മിന്റെ ആത്മവിശ്വാസത്തെയാണ് ജനങ്ങള്‍ തോൽപിച്ചത്.
വികസനങ്ങളും ജീവിത നിലവാരം ഉയര്‍ത്തുന്നതിനും വര്‍ധിച്ചുവരുന്ന ചെലവുകള്‍ താങ്ങി നിര്‍ത്താനും സമാധാനത്തില്‍ ജീവിക്കാനുമുള്ള അവകാശമാണ് ഉറപ്പുവരുത്തേണ്ടത്. നിയമസഭ തെരഞ്ഞെടുപ്പ് റിസൽട്ട് മുന്നില്‍ക്കണ്ട് പ്രവര്‍ത്തിക്കാന്‍ യു.ഡി.എഫും തയാറാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് ഫലം ജനങ്ങൾ സർക്കാറിന് നൽകിയ ശക്തമായ മുന്നറിയിപ്പാണെന്ന് ഐ.എം.സി.സി ഖത്തർ പ്രസിഡന്റും ലോക കേരളസഭാംഗവുമായ പി.പി. സുബൈർ പറഞ്ഞു. തെറ്റു തിരുത്തി, വീഴ്ചകൾ പരിഹരിച്ച് മുന്നോട്ടുപോകാൻ ആത്മാർഥമായ ശ്രമം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോർപറേഷനിൽ ബി.ജെ.പി ഉണ്ടാക്കിയ വിജയം ആശങ്കപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തെരഞ്ഞെടുപ്പ് ഫലം ഒരു പ്രാദേശിക പ്രതിഭാസം മാത്രമാണെന്നും നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥിതി മാറുമെന്നും പലരും അഭിപ്രായപ്പെട്ടു.
‘ഭരണമാറ്റത്തിന്റെ തുടക്കം’
ദോഹ: നാടിന്റെ പ്രശ്നങ്ങളിൽ അസ്വസ്ഥരായ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നതിന്റെ സൂചനയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ. സൈനുല്‍ ആബിദീന്‍ പറഞ്ഞു.
വരാനിരിക്കുന്ന ഭരണമാറ്റത്തിന്റെ മുന്നെയുള്ള ജനങ്ങളുടെ പ്രതിജ്ഞയായി ഈ ഫലത്തെ കാണണം. നാടിന്റെ പ്രശ്നങ്ങളില്‍ അസ്വസ്ഥരായ ജനങ്ങള്‍ ഒരു മാറ്റത്തെ തീവ്രമായി അഭിലഷിക്കുന്നുണ്ടെന്നതാണ് ഫലത്തില്‍ പ്രതിഫലിക്കുന്നത്.
ഈ വിജയം പ്രവാസ ലോകത്തുള്ള സഹോദരങ്ങള്‍ക്കു കൂടി അവകാശപ്പെട്ടതാണ്. നാട്ടില്‍ നടക്കുന്ന വലിയ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകാന്‍ ദൂരദേശങ്ങളില്‍ നിന്നും എല്ലാ പ്രയാസങ്ങളെയും മറന്ന് വോട്ട് രേഖപ്പെടുത്താന്‍ വേണ്ടി മാത്രം നാട്ടിലെത്തിയ പ്രവാസികളുടെയും നെഞ്ചിലെ സ്പന്ദനവും ഈ വിജയത്തിലുണ്ട്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് നമ്മുടെ നാടിന്റെയും ഇവിടത്തെ പച്ചയായ മനുഷ്യരുടെയും പ്രതീക്ഷകള്‍ക്കൊത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കട്ടെ. കൂടുതല്‍ സുഭദ്രവും ശോഭനവുമായ ഒരു ഭാവിയിലേക്ക് നാടിനെ നയിക്കാന്‍ നിയോഗിക്കപ്പെടുന്ന പുതിയ ഭരണാധികാരികള്‍ക്ക് സാധിക്കട്ടെയെന്നും സൈനുല്‍ ആബിദീന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.