ദോഹ: ഫിഫ ലോകകപ്പിലെ ഖത്തറിന്റെ മത്സരങ്ങളിൽ ടീമിന് ആവേശം പകരാൻ സർക്കാർ ചെലവിൽ 1000 ഫുട്ബാൾ ആരാധകരെ അയച്ചു. പ്രത്യേകം ചാർട്ടർ ചെയ്ത വിമാനങ്ങളിലാണ് ദർബുക ഡ്രം ഉൾപ്പെടെ പരമ്പരാഗത വാദ്യോപകരണങ്ങളുമായി ഇവർ വടക്കൻ അമേരിക്കയിലേക്ക് പോയത്. ടിക്കറ്റ് ചെലവിന് പുറമെ പോക്കറ്റ്മണിയും നൽകി. ഫെയർമൗണ്ട്, ജെ.ഡബ്ല്യു മാരിയറ്റ് തുടങ്ങി ആഡംബര ഹോട്ടലുകളിലാണ് ഫാൻസിന് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. അമേരിക്കയിലെ ഖത്തരി വിദ്യാർഥികളോടും ടീമിന് ആവേശം പകരാൻ സ്റ്റേഡിയത്തിൽ എത്താൻ അഭ്യർഥിച്ചിട്ടുണ്ട്.
ഖത്തറിന്റെ സംസ്കാരത്തിന് ചേർന്ന മാന്യമായ ആഘോഷങ്ങളും പ്രകടനങ്ങളും മാത്രം നടത്തണമെന്ന് പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്. തങ്ങളുടെ ഉത്തരവാദിത്തം എന്താണെന്ന് അറിയാമെന്നും അവസരമൊരുക്കിയ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്കും ഖത്തർ ഭരണകൂടത്തിനും നന്ദി അറിയിക്കുന്നതായും ഫാൻസ് ടീം ക്യാപ്റ്റൻ അബ്ദുൽ അസീസ് ഹാതിം പറഞ്ഞു. ഖത്തർ നേരത്തെയും ഇത്തരത്തിൽ ടീമിന് പ്രോത്സാഹനം നൽകാൻ ഫാൻസിനെ അയക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.