ദോഹ: ചൂട് കടുത്തതോടെ ഖത്തറിൽ വേനൽക്കാല വിനോദ പരിപാടികളും ധാരാളമുണ്ട്. ചുട്ടുപൊള്ളുന്ന വേനലിനെ വിനോദവും, ആഘോഷവും സമ്മാനിച്ച് മധുരമുള്ള ഓർമകളാക്കിമാറ്റാൻ ഒത്തിരി പരിപാടികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നത്. വേനൽക്കാല മാസങ്ങളിൽ വ്യത്യസ്തങ്ങളായ വിനോദ പരിപാടികൾ എല്ലാ വർഷങ്ങളിലും പതിവായി നടന്നുവരാറുണ്ട്. ഈ വെള്ളി, ശനി വാരാന്ത്യങ്ങളിൽ പൗരന്മാർക്കും താമസക്കാർക്കും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം ദോഹയിൽ ആസ്വദിക്കാൻ കഴിയുന്ന ഇൻഡോർ, ഔട്ട്ഡോർ പരിപാടികൾ അനവധിയാണ്.
അതേസമയം വേനൽക്കാലത്ത് അന്തരീക്ഷ താപനില വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ സന്ദർശകർ തങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. വിവിധ സ്ഥലങ്ങളിൽ സന്ദർശനത്തിന് പോകുന്നവർ അന്തരീക്ഷ താപനില കുറഞ്ഞ സമയം തിരഞ്ഞെടുക്കുക, സൺസ്ക്രീൻ ഉപയോഗിക്കുക, സൂര്യപ്രകാശത്തിൽ ദീർഘനേരം നിൽക്കുന്നത് ഒഴിവാക്കുക തുടങ്ങിയ ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ പാലിക്കണം.
സൂഖ് വാഖിഫിൽ ഈത്തപ്പഴ മാധുര്യം നുണയാം
സൂഖ് വാഖിഫ് ഈത്തപ്പഴ മേളയുടെ പത്താമത് പതിപ്പ് ആഗസ്റ്റ് ഏഴുവരെ സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്ക്വയറിലാണ് ഒരുക്കിയിട്ടുള്ളത്. വിവിധ ഇനം ഈത്തപ്പഴങ്ങളുടെ പ്രദർശനവും വിൽപനയുമായാണ് മേളയിൽ നടക്കുക. ഖത്തറിന്റെ പ്രാദേശികവും സമ്പന്നവുമായ കാർഷിക പൈതൃകം വിളിച്ചോതുന്ന ഒന്നാണിത്. ഈത്തപ്പഴങ്ങൾ ആസ്വദിക്കാനും കർഷകരുമായി സംവദിക്കാനും അവസരമുണ്ട്. ഈത്തപ്പഴം കൊണ്ടുള്ള വിവിധ ഉൽപന്നങ്ങളും ഇവിടെ ലഭ്യമാകും. പ്രവൃത്തിദിനങ്ങളിൽ വെകീട്ട് നാലു മുതൽ ഒമ്പതുവരെയും, വെള്ളി, ശനി ദിവസങ്ങളിൽ നാലു മുതൽ 10 വരെയുമാണ് മേള പ്രവർത്തിക്കുക.
974 ബീച്ച് ഫെസ്റ്റിവൽ
ചുട്ടുപൊള്ളുന്ന വേനലിൽ നിന്ന് രക്ഷനേടാൻ, പൗരന്മാർക്കും താമസക്കാർക്കും വിശ്രമിക്കാനും ആസ്വദിക്കാനുമായി 974 ബീച്ച് ഫെസ്റ്റിവൽ ആഗസ്റ്റ് രണ്ടുവരെ തുടരും. സന്ദർശകർക്ക് സുരക്ഷിതവും കുടുംബ സൗഹൃദപരവുമായ ഒരിടം വാഗ്ദാനം ചെയ്യുന്നു. സ്ത്രീകൾക്കു മാത്രമായി പ്രത്രേയ ദിവസങ്ങളും ഒരുക്കിയിട്ടുണ്ട്. മുതിർന്നവർക്ക് 35 ഖത്തർ റിയാലും 14 വയസ്സുവരെയുള്ള കുട്ടികൾക്ക് 15 ഖത്തർ റിയാലുമാണ് പ്രവേശന ഫീസ്. ആറു വയസ്സുവരെയുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പ്രവേശനം സൗജന്യമാണ്.
സ്വപ്നഭവനം ഡിസൈൻ ചെയ്യാം: കുട്ടികൾക്കായി വർക്ക് ഷോപ്
രണ്ട് മണിക്കൂർ നീളുന്ന വർക്ക്ഷോപ്പിൽ, കാർഡ്ബോർഡ്, ടെക്സ്ചർ മെറ്റീരിയലുകൾ എന്നിവ ഉപയോഗിച്ച് കുട്ടികൾ സ്വപ്നഭവനങ്ങൾ രൂപകൽപന ചെയ്യുന്നു. ഓരോ കുട്ടിയും അവരുടെ ഭാവനയും ഡിസൈനും അനുസരിച്ച് തങ്ങളുടെ സർഗാത്മകത അവതരിപ്പിക്കാൻ ഒരിടം നൽകുന്നു. 6-10 വയസ്സ് പ്രായമുള്ള കുട്ടികൾക്ക് വർക്ക്ഷോപ്പിൽ പങ്കെടുക്കാം. ആഗസ്റ്റ് രണ്ട് ശനിയാഴ്ച രാവിലെ 11.30 മുതൽ രണ്ടുവരെ അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ വർക്ക്ഷോപ് നടക്കും.
ഖത്തർ ടോയ് ഫെസ്റ്റിവൽ
കുട്ടികൾക്കും കുടുംബങ്ങൾക്കും വിവിധ വിനോദ പരിപാടികളും കളികളുമായി ടോയ് ഫെസ്റ്റിവൽ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടന്നുവരുന്നു. കളിപ്പാട്ടങ്ങളുടെയും വിനോദങ്ങളുടെയും പുതിയ ലോകമാകും ടോയ് ഫെസ്റ്റിവൽ ഖത്തറിന് സമ്മാനിക്കുക.
കുടുംബത്തോടൊപ്പം എത്തുന്നവർക്കായി സ്റ്റേജ് ഷോകൾ, സംഗീത പരിപാടികൾ, ശാസ്ത്ര പ്രദർശനങ്ങൾ, നൃത്ത പരിപാടികൾ, വിവിധ മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. ഫെസ്റ്റിവലിന്റെ ഭാഗമായി ഔട്ട്ലെറ്റുകളും ഫുഡ് കോർട്ടും സജ്ജമാണ്. പ്രവൃത്തി ദിവസങ്ങളിൽ ഉച്ചക്ക് രണ്ട് മുതൽ രാത്രി 10 വരെയും വാരാന്ത്യ ദിനങ്ങളിൽ ഉച്ചക്ക് രണ്ട് മുതൽ രാത്രി 11 വരെയുമാണ് ടോയ് ഫെസ്റ്റിവലിന്റെ പ്രവർത്തന സമയം. ആഗസ്റ്റ് നാലു വരെ ടോയ് ഫെസ്റ്റിവൽ നീളും.
വിസിറ്റ് ഖത്തർ സ്കൂപ് ബൈ ദി സീ
ഐസ്ക്രീം പ്രേമികൾക്കായി പ്രത്യേക വിനോദ പരിപാടിയാണ് സ്കൂപ് ബൈ ദി സീയിലൂടെ വിസിറ്റ് ഖത്തർ ഒരുക്കിയിരിക്കുന്നത്. പരിപാടിയിലൂടെ വെസ്റ്റ് ബേ നോർത്ത് ബീച്ചിൽ കുടുംബത്തോടൊപ്പം വേനൽക്കാലം ആഘോഷിക്കാൻ അവസരമൊരുക്കുകയാണ്.പ്രധാനമായും ഐസ്ക്രീം പ്രേമികൾക്കായാണ് പരിപാടി നടത്തുന്നെതെങ്കിലും മറ്റ് കായിക, വിനോദ പ്രവർത്തനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
എല്ലാ ദിവസവും രാവിലെ 10 മണി മുതൽ വൈകീട്ട് ആറുമണി വരെയാണ് പരിപാടികൾ. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ എട്ടു മണി മുതൽ ആരംഭിക്കും. വിവിധ ഷോകളും ആരോഗ്യ, കായിക പ്രേമികൾക്കായി ക്രോസ് ഫിറ്റ്, പൈലേറ്റ്സ്, ബോക്സിങ്, യോഗ, നൃത്തം, സൂംബ, വോളിബാൾ, ബാസ്കറ്റ്ബാൾ തുടങ്ങിയ പരിപാടികളുമുണ്ട്.കുട്ടികൾക്കായി കരകൗശലം, ഫേസ് പെയിന്റിങ്, മാജിക് ഷോ, മൈം ഷോ, വിഡിയോ ഗെയിമിങ്, ഇൻഫ്ലറ്റബിൾ പാർക്ക് എന്നിവയും ഒരുക്കിയിട്ടുണ്ട്. മുതിർന്നവർക്ക് പ്രവൃത്തിദിവസങ്ങളിൽ 35 റിയാലും വാരാന്ത്യങ്ങളിൽ 50 റിയാലുമാണ് ടിക്കറ്റ് നിരക്ക്. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്കും 60 വയസ്സിന് മുകളിലുള്ളവർക്കും പ്രവേശനം സൗന്യമാണ്. ആഗസ്റ്റ് 13 വരെ നീളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.