ദോഹ: ദോഹ നഗരത്തെ മനോഹരമാക്കുന്ന കിടിലൻ ഡിസൈൻ ഒരുക്കാമോ? എങ്കിൽ വലിയ സമ്മാനത്തുകയുമായി ഖത്തർ മ്യൂസിയംസ് അർബൻ സ്പേസ് ഡിസൈൻ മത്സരം ആരംഭിച്ചു. കോൺസെൻട്രിക് ഫെസ്റ്റിവലിന്റെ സ്ഥാപകനായ ആർക്കിടെക്റ്റ് ജാവിയർ പെന ഇബാനെസുമായി സഹകരിച്ച് ഖത്തർ മ്യൂസിയംസ് സംഘടിപ്പിക്കുന്ന ദ്വിവാർഷിക പ്രദർശനമായ ഡിസൈൻ ദോഹ പരിപാടിയുടെ ഭാഗമായാണ് ഡിസൈൻ മത്സരം നടത്തുന്നത്.ദോഹയുടെ പൊതുയിടങ്ങളെ പുനർരൂപകൽപന ചെയ്യുക എന്ന തീമിൽ നഗരത്തിലെ പാർക്കുകൾ, പൈതൃക സ്ഥലങ്ങൾ, കടൽത്തീരങ്ങൾ, പരമ്പരാഗത മാർക്കറ്റുകൾ, മെട്രോ സ്റ്റേഷൻ എന്നിവയെ ഡിസൈൻ ചെയ്ത് അവതരിപ്പിക്കാം.
ഖത്തറിലെയും മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക, സൗത്ത് ഏഷ്യ (മെനാസ) മേഖലയിലെ ആർക്കിടെക്റ്റുകൾ, ഡിസൈനർമാർ, ആർട്ടിസ്റ്റുകൾ, നഗരാസൂത്രണ വിദഗ്ദ്ധർ എന്നിവർക്കായാണ് മത്സരം സംഘിപ്പിക്കുന്നത്. പൊതുപങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്ന, ദോഹയുടെ തനത് സാംസ്കാരവും സാമൂഹികവും ഭൗതികവുമായ സ്വത്വം മെച്ചപ്പെടുത്തുകയും ചെയ്യുന്ന നഗരത്തിന്റെ ഇൻസ്റ്റലേഷൻ പ്രപ്പോസലാണ് സമർപ്പിക്കേണ്ടത്.
ദോഹയിലുടനീളം നൂതനവും സുസ്ഥിരവും പൊതുജനങ്ങൾക്ക് പ്രയോജനകരവുമായ ഇടപെടലുകൾ നടത്താൻ മെനാസ മേഖലയിലെ ഡിസൈനർമാർക്ക് ലഭിക്കുന്ന അവസരമാണ് അർബൻ സ്പേസ് ഡിസൈൻ മത്സരമെന്ന് ഡിസൈൻ ദോഹ ആക്ടിങ് ഡയറക്ടർ ഫഹദ് അൽ ഉബൈദ്ലി പറഞ്ഞു.
മെന -സൗത്ത് ഏഷ്യ മേഖലയിലെ പ്രശസ്തരായ ഡിസൈനർമാരെ ചേർത്ത് ദോഹക്കായി പുതിയ ഡിസൈനുകൾ നിർമിക്കാൻ, ഡിസൈൻ ദോഹയുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ ഞാൻ സന്തോഷവാനാണെന്ന് കോൺസെൻട്രിക് ഫെസ്റ്റിവലിന്റെ സ്ഥാപകൻ ജാവിയർ പെന ഇബാനെസ് പറഞ്ഞു.
വിജയികളാകുന്നവർക്ക് 25,000 ഖത്തർ റിയാൽ വീതം ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന പ്രപ്പോസലുകൾ നിയുക്ത പ്രൊഡക്ഷൻ പങ്കാളികളുമായി സഹകരിച്ച് നിർമിക്കും. ദോഹ ഡിസൈൻ 2026ന്റെ ഭാഗമായി നിർമിക്കുന്ന ഇൻസ്റ്റലേഷനുകൾക്കായി 120,000 ഖത്തർ റിയാൽവരെ നിർമാണ ബജറ്റും ലഭിക്കും. അപേക്ഷകർക്ക് ഒന്നിലധികം നിർദേശങ്ങൾ സമർപ്പിക്കാവുന്നതാണ്. സമർപ്പിക്കുന്ന പ്രപ്പോസലുകൾ പരിസ്ഥിതി സൗഹൃദവും ഈടുനിൽക്കുന്നതുമായ വസ്തുക്കൾ ഉപയോഗിച്ചുള്ളതും പ്രാദേശിക കാലാവസ്ഥക്ക് അനുയോജ്യമായ ഷേഡിങ്, കൂളിങ് ടെക്നിക്കുകൾ പ്രോത്സാഹിപ്പിക്കുന്നതുമായിരിക്കണം. നിർദേശങ്ങൾ ജൂലൈ 26നകം ഡിസൈൻ ദോഹ വെബ്സൈറ്റ് വഴി ഡിജിറ്റലായി സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.