ദോഹ: ഇൻഡസ്ട്രിയൽ ഏരിയകളിൽ താമസിക്കുന്ന തൊഴിലാളികൾക്കായി അവരുടെ സ്വന്തം ആശുപത്രികൾ ഉടൻ ആരംഭിക്കുമെന്നും 10–15 മിനുട്ടിനുള്ളിൽ തന്നെ അത്യാധുനിക വൈദ്യ സൗകര്യങ്ങൾ ഇതിലൂടെ ലഭ്യമാക്കാൻ സാധിക്കുമെന്നും ആരോഗ്യമന്ത്രാലയത്തിലെ പൊതുജനാരോഗ്യവിഭാഗം ഡയറക്ടർ ഡോ. ശൈഖ് മുഹമ്മദ് ബിൻ ഹമദ് ആൽഥാനി പറഞ്ഞു. മുഴുവൻ തൊഴിലാളികൾക്കും തങ്ങളൂടേതായ സ്വന്തം ഹെൽത്ത് ഐഡി ഉടൻ ലഭ്യമാകുമെന്നും ഇത് ആശുപത്രികളുമായി ബന്ധപ്പെടാൻ എളുപ്പമാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്തെ ഓരോ തൊഴിലാളിക്കും സഹായകരമാകും വിധത്തിൽ മൂന്ന് ആശുപത്രികൾ രാജ്യത്ത് ഉടൻ പ്രവർത്തനമാരംഭിക്കുമെന്നും അദ്ദേഹം അടിവരയിട്ട് പറഞ്ഞു.
ഓരോ തൊഴിലാളിയുടെയും ജീവിതസാഹചര്യങ്ങൾ മെച്ചപ്പെട്ടുവരികയാണെന്നും അധികം തൊഴിലാളികൾക്കും ആധുനിക സാങ്കേതികവിദ്യകൾ കൈവശമുണ്ടെന്നും പുതിയ മൊബൈൽ ഫോണുകളും ഇൻറർനെറ്റും അതിൽ പെടുമെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇത് വിവിധ എംബസികൾക്ക് തങ്ങളുടെ പൗരന്മാരുമായി നേരിട്ട് ബന്ധപ്പെടുന്നതിന് എളുപ്പമാക്കുന്നുവെന്നും എല്ലാ എംബസികളുടെയും വെബ്സൈറ്റുകൾ വിപുലീകരിച്ചിരിക്കുന്നുവെന്നും എംബസികളുമായി ആശയവിനിമയം നടത്തുന്നതിന് സൗകര്യമൊരുക്കിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ എംബസിയിലെ ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലൻറ് ഫോറം ഏഷ്യൻ ടൗണിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ തൊഴിലാളികൾക്കും മറ്റുള്ളവർക്കുമായി കൂടുതൽ മെച്ചപ്പെട്ട മെഡിക്കൽ സൗകര്യങ്ങളും സംവിധാനങ്ങളും നൽകുന്നതിനാണ് മന്ത്രാലയം പ്രവർത്തിക്കുന്നതെന്ന് സൂചിപ്പിച്ച അദ്ദേഹം, നിരവധി ആളുകൾ വസിക്കുന്ന ഇൻഡസ്ട്രിയൽ ഏരിയയിൽ വരുന്ന പുതിയ ആശുപത്രി തൊഴിലാളികൾക്ക് ഏറെ ഗുണകരമാകുമെന്നും അൽ ശമാലിലും മിസൈദിലും ഇതുപോലെ ആരോഗ്യകേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.