ഐ.സി.ബി.എഫ് തൊഴിലാളി ദിനാഘോഷച്ചടങ്ങിൽ ആദരവേറ്റുവാങ്ങിയ തൊഴിലാളികൾ ആഞ്ജലീന പ്രേമലത, വിവിധ അംബാസഡർമാർ, ആഭ്യന്തര മന്ത്രാലയം

പ്രതിനിധികൾ എന്നിവർക്കൊപ്പം

ദോഹ: ഏഷ്യൻ ടൗണിലെ നിറഞ്ഞ സദസ്സിൽ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം തൊഴിലാളി ദിനാഘോഷം ‘രംഗ് തരംഗ്’ അരങ്ങേറി. വെള്ളിയാഴ്ച വൈകുന്നേരം തുടങ്ങി പരിപാടി രാത്രി വൈകും വരെ നീണ്ടു നിന്നു. ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയം പാർക്കിങ് ​ഏരിയയിൽ നടന്ന ആഘോഷത്തിൽ ഇന്ത്യൻ എംബസി ഷെർഷെ ഡി അ​ഫയേഴ്സ് ആഞ്ജലീന പ്രേമലത മുഖ്യാതിഥിയായി പ​ങ്കെടുത്തു. ഖത്തർ ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള ഫസ്റ്റ് ലഫ്. ഖാലിദ് ഹുസൈൻ അൽ ഷമരി, ലഫ്.കേണൽ ഖാലിദ് അൽ സമാൻ, നാഷണൽ ഹ്യൂമൻ റൈറ്റ്സ് കമ്മിറ്റി പ്രതിനിധി (എൻ.എച്ച്.ആർ.സി) ഹമദ് അൽ മർസൂഖി, ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ പ്രതിനിധി മാക്സ് ടുനോൺ, ശ്രീലങ്ക അംബാസഡർ മുഹമ്മദ് മഫാസ് മുഹിദ്ദീൻ, ബംഗ്ലാദേശ് അംബാസഡർ മുഹമ്മദ് നസ്റുൽ ഇസ്‍ലാം, നേപ്പാൾ അംബാസഡർ നരേഷ് ബിക്രം ധകൽ എന്നിവർ അതിഥികളായി പ​ങ്കെടുത്തു.

ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി വർക്കി ബോബൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷ പ്രസംഗം നടത്തി.

ഖത്തറിന്റെ വികസനങ്ങളിൽ ഇന്ത്യൻ തൊഴിലാളികളുടെ സേവനങ്ങളെയും സംഭാവനകളെയും ആഞ്ജലീന പ്രേമലത അഭിനന്ദിച്ചു. ഖത്തറിന്റെ കുതിപ്പിൽ പങ്കാളികളാകുന്ന തൊഴിലാളികളുടെ സേവനം ഏറെ അഭിമാനം നൽകുന്നതാണെന്നും അവർ വ്യക്തമാക്കി. ഇന്ത്യൻ തൊഴിൽ വിഭാഗത്തിന്റെ കഠിനാധ്വാനത്തെയും, അർപ്പണ മനസ്സിനെയും ഖത്തർ ആഭ്യന്തര മന്ത്രാലയത്തിലെയും ഹ്യൂമൻറൈറ്റ്സ് കമ്മിറ്റിയുടെയും പ്രതിനിധികൾ അഭിനന്ദിച്ചു.

ഔപചാരിക ചടങ്ങുകൾക്കു പിന്നാലെ രംഗ് തരംഗ് വേദിയിൽ വിവിധ പരിപാടികളും അരങ്ങേറി. തൊഴിലാളികൾ, ഐ.സി.ബി.എഫ് അനുബന്ധ സംഘടനകൾ, ഇന്ത്യൻ കൾച്ചറൽ ഗ്രൂപ്പ് എന്നിവയിൽ നിന്നുള്ള കാലകാരന്മാരുടെ സംഗീത, നൃത്തങ്ങൾ രംഗ് തരംഗ് വേദിയിൽ അവതരിപ്പിച്ചു. വൈകുന്നേരം 5.30ന് തുടങ്ങി പരിപാടി രാത്രി10.45 വരെ നീണ്ടു നിന്നു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വിനോദ് നായർ നന്ദി പറഞ്ഞു.


ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മാനേജിങ് കമ്മിറ്റി അംഗങ്ങളായ സറീന അഹദ്, ഹാമിദ് റാസ, ശങ്കർ ഗൗഡ്, അബ്ദുൽ റഊഫ് കൊണ്ടോട്ടി, കുൽവിന്ദർ സിങ് ഹണി, അഡ്വൈസറി കൗൺസിൽ ചെയർമാൻ എസ്.എ.എം ബഷീർ, ബോർഡ് അംഗങ്ങളായ ജോൺസൺ ആന്റണി, രാമശെൽവൻ എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. ഇന്ത്യക്കാരും, വിവിധ രാജ്യക്കാരുമായ ആയിരങ്ങൾ ആഘോഷങ്ങൾക്ക് സാക്ഷിയാവാനെത്തി. 


ആദരവേറ്റുവാങ്ങി 12 പേർ

ദോഹ: ഐ.സി.ബി.എഫ് തൊഴിലാളി ദിനാഘോഷത്തിന്റെ ഭാഗമായി ഖത്തറിൽ ദീർഘകാലമായി പ്രവാസ ജീവിതം നയിച്ച 12ഓളം പേരെ ആദരിച്ചു. 40 വർഷത്തിന് മുകളിൽ ഖത്തറിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾ, ഡ്രൈവർ, പാചക്കകാർ, മെകാനിക് ഉൾപ്പെടെ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്കായിരുന്നു ആദരവ്. ഇവരിൽ ഒമ്പത് പേരും മലയാളികളാണ്. 44 വർഷം പ്രവാസിയായ ആന്ധ്രപ്രദേശുകാരൻ പുതലിംഗം ഭാസരപ്പയാണ് ഏറ്റവും ദീർഘകാലം പ്രവാസിയായ വ്യക്തി. മലയാളിയായ അമൂ മുഹമ്മദ് ഷാഫി, മഹരാഷ്ട്രക്കാരൻ സാഹിർ അഹമ്മദ് ഷഹാബുദ്ദീൻ ഖലിഫ എന്നിവർ 43 വർഷമായി ഖത്തറിൽ ജോലി ചെയ്യുന്നവരാണ്.

അബ്ദുൽ റഷീദ് നീലിമാവുങ്ങൽ, ഹംസ സി, പീറ്റർ പയസ്, കരിയാട്ട് പറമ്പിൽ അയ്യപ്പൻ, എം. സുധാകരൻ, വലിയകത്ത് ബഷീർ, ശശിധരൻ തെക്കയിൽ, ഇ.സി രാമകൃഷ്ണൻ എന്നിവരാണ് ആദരവേറ്റുവാങ്ങിയ മറ്റു മലയാളികൾ. സയിദ് ജാഫറും (തമിഴ്നാട്) ആദരവേറ്റവാങ്ങി. നയതന്ത്ര പ്രതിനിധികളും, കമ്യൂണിറ്റി നേതാക്കളും, തൊഴിലാളികളും ഉൾപ്പെടെ ആയിരങ്ങൾ നിറഞ്ഞ സദസ്സിലായിരുന്നു ആദരവ്.

30ൽ ഏറെ വർഷക്കാലം ഖത്തറിൽ തൊഴിലാളിയായി ജോലി ചെയ്തവരിൽ നിന്നും തെരഞ്ഞെടുക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, നാമനിർദേശം പ്രതീക്ഷിച്ചതിലും കവിഞ്ഞതോടെ 40 വർഷത്തിന് മുകളിൽ പ്രവാസികളായവരിൽ നിന്നും 12 പേരെ ആദരിച്ചു. 

Tags:    
News Summary - Labor Day celebration 'Rang Tarang' was staged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.