ദോഹ: മലയാളത്തിലെ പ്രമുഖ ഗായകരെ അണിനിരത്തി ഖത്തറിലെ കോട്ടയം സ്വദേശികളുടെ കൂട്ടായ്മയായ ‘കോട്ടയം ജില്ല ആർട്സ് ആൻഡ് കൾചറൽ അസോസിയേഷൻ’ (കൊഡാക) സംഘടിപ്പിക്കുന്ന മാജിക്കൽ മ്യൂസിക്കൽ മൊമന്റ്സിന് വെള്ളിയാഴ്ച അൽ വക്റയിലെ ഡി.പി.എസ് ഇന്ത്യൻ സ്കൂൾ വേദിയാകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പൂർണമായും ജീവകാരുണ്യ പ്രവർത്തനം എന്ന നിലയിൽ സംഘടിപ്പിക്കുന്ന സംഗീതവിരുന്നിന്റെ ഭാഗമായി 500ലേറെ വരുന്ന പ്രവാസികൾക്ക് ഐ.സി.ബി.എഫ് ഇൻഷുറൻസ് പരിരക്ഷ നൽകും. ഒപ്പം, എസ്.എം.എ രോഗബാധിതയായ മലയാളി പിഞ്ചുകുഞ്ഞ് മൽഖ റൂഹിയുടെ ചികിത്സയിലേക്കുള്ള ധനസമാഹാരണവും വേദിയിൽ നടക്കും.
വെള്ളിയാഴ്ച വൈകീട്ട് ആറ് മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ പിന്നണി ഗായകരായ കണ്ണൂർ ഷരീഫ്, ലക്ഷ്മി ജയൻ, സിയാദ് എന്നിവർക്കൊപ്പം ഹാസ്യതാരം മഹേഷ് കുഞ്ഞുമോനും പങ്കെടുക്കും. ചടങ്ങിൽ എം.ഇ.എസ് സ്കൂളിലെ കായിക അധ്യാപകൻ സ്റ്റീസൺ, കലാരംഗത്ത് മികവു തെളിയിച്ച ജിജോയ്, സാമൂഹിക സേവന മേഖലയിലെ ശ്രദ്ധേയ സാന്നിധ്യമായി മാറിയ കരീം ലംബ, പൂന്തോട്ട നിർമാണത്തിൽ ശ്രദ്ധേയയായ നിസാം സിയാദ് എന്നിവരെ ആദരിക്കും.
2006 മുതൽ ഖത്തറിലെ പ്രവാസി സാമൂഹിക, കലാരംഗങ്ങളിൽ ശ്രദ്ധേയ കൂട്ടായ്മയായി പ്രവർത്തിക്കുന്ന ‘കൊഡാക’ സമൂഹ വിവാഹം, വിദ്യഭ്യാസ സഹായം, ചികിത്സ സഹായം തുടങ്ങി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നേതൃത്വം നൽകുന്നതായി ഭാരവാഹികൾ അറിയിച്ചു. അതിന്റെ തുടർച്ചയായാണ് സംഗീത പരിപാടിയോടനുബന്ധിച്ച് ഇന്ത്യക്കാരും മറ്റു രാജ്യക്കാരായ പ്രവാസികളും ഉൾപ്പെടെ നിരവധി പേർക്ക് ഐ.സി.ബി.എഫ് ഇൻഷുറൻസ് നൽകുന്നത്. സംഗീതനിശയിൽനിന്നുള്ള വരുമാനമാണ് ഇതിനായി ഉപയോഗിക്കുന്നത്.
ഇന്ത്യൻ കോഫി ഹൗസിൽ നടന്ന വാർത്തസമ്മേളനത്തിൽ ‘കൊഡാക’ ഭാരവാഹികളായ ശംസുദ്ദീൻ, പ്രോഗ്രാം കോഓഡിനേറ്റർ മുഹമ്മദ് സിയാദ്, പ്രസിഡന്റ് ജെയിംസ് ജോർജ്, അഡ്വൈസറി കമ്മിറ്റി ചെയർമാൻ ജോപ്പച്ചൻ തെക്കേകൂറ്റ്, കോഓഡിനേറ്റർ ഡോ. ജോർജ് ജോസഫ്, ഗായിക ലക്ഷ്മി ജയൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.