ദോഹ: കടലാഴങ്ങളിലെ മീൻപിടിത്തവും ഇനി ഒരു മത്സരമാവുകയാണ്. മിടുക്കും ഭാഗ്യവും അനുകൂലമാക്കി, മത്സ്യങ്ങൾ വാരിയെടുത്താൽ കാത്തിരിക്കുന്നത് വിജയ കിരീടം. കയാക്കിങ് വഞ്ചിയിലേറി തുഴഞ്ഞ് ചൂണ്ടകൾ ഉപയോഗിച്ച മത്സ്യബന്ധനം നടത്തുന്ന രാജ്യത്തെ ആദ്യ കയാക്ക് ഫിഷിങ് മത്സരത്തിന് ഓൾഡ് ദോഹ തുറമുഖവും ദോഹ മറൈൻ സ്പോർട്സും വേദിയാവും. വെള്ളി, ശനി ദിവസങ്ങളിലായി വൈകീട്ട് മൂന്നിനും ഏഴിനുമിടയിലാണ് മത്സരം.
ഓൾഡ് ദോഹ തുറമുഖത്തെ അൽ ബന്ദർ ഏരിയയിൽനിന്നാണ് മത്സരം ആരംഭിക്കുകയെന്നും അൽ മിന ഏരിയയുടെ എതിർവശത്തുള്ള തുറമുഖമായിരിക്കും മത്സ്യബന്ധന മേഖലയെന്നും സംഘാടകർ അറിയിച്ചു.
ഒറ്റ സീറ്റുള്ള മത്സ്യബന്ധന കയാക്കിന് പുറമേ, ജൂറി അംഗീകരിച്ച വടികൾ, മത്സ്യബന്ധന ലൈനുകൾ അല്ലെങ്കിൽ കൊളുത്തുകൾ എന്നിവപോലുള്ള പരമ്പരാഗത ഉപകരണങ്ങൾ ഉപയോഗിച്ചായിരിക്കണം മത്സ്യങ്ങളെ പിടിക്കേണ്ടത്. രണ്ട് ദിവസങ്ങളിലായി ഓരോ മത്സരാർഥിയും പിടിക്കുന്ന മത്സ്യത്തിന്റെ തൂക്കത്തെ അടിസ്ഥാനമാക്കിയായിരിക്കും വിജയിയെ നിർണയിക്കുക.
ഓൾഡ് ദോഹ തുറമുഖവും ദോഹ മറൈൻ സ്പോർട്സും സംയുക്തമായി വിജയികൾക്ക് ആകർഷക സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ പരമ്പരാഗത മത്സ്യബന്ധന പ്രേമികൾക്ക് പിന്തുണയും പ്രോത്സാഹനവും നൽകുന്നതിനായുള്ള പരിപാടികളും മത്സരത്തോടനുബന്ധിച്ച് സംഘടിപ്പിക്കും. മറൈൻ ടൂറിസം സജീവമാക്കുന്നതിനും വേനലവധിക്കാലത്ത് സമുദ്ര കായിക വിനോദങ്ങളെ പിന്തുണക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായുള്ള പദ്ധതികളുടെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.