കതാറയിൽ ഉദ്ഘാടനം ചെയ്ത ശിൽപത്തിനരികെ ശിൽപി ഫാത്തിമ അൽ ശൈബാനിയും ഡയറക്ടർ ജനറൽ പ്രഫ. ഡോ. ഖാലിദ് ബിൻ ഇബ്റാഹീം അൽ സുലൈത്തിയും
ദോഹ: കതാറ, അറേബ്യൻ നോവലിന്റെ നഗരം എന്ന വിശേഷണവുമായി പുതിയ സ്മാരകം കതാറ കൾച്ചറൽ വില്ലേജിൽ ഡയറക്ടർ ജനറൽ പ്രഫ. ഡോ. ഖാലിദ് ബിൻ ഇബ്റാഹിം അൽ സുലൈത്തി ഉദ്ഘാടനം ചെയ്തു.
കതാറയിലെ കെട്ടിടം 14നും 15നും ഇടയിലാണ് സ്മാരകം സ്ഥാപിച്ചിരിക്കുന്നത്. ഖത്തരി കലാകാരി ഫാത്തിമ അൽ ശൈബാനിയാണ് സ്മാരകം രൂപകൽപന ചെയ്തിരിക്കുന്നത്. കതാറ, അറേബ്യൻ നോവലിന്റെ നഗരം എന്നർഥം വരുന്ന കതാറ, മദീനത്തു രിവാ അൽ അറബിയ്യ എന്ന വാചകം അറബി അക്ഷരങ്ങളിൽ കൊത്തിയെടുത്ത പുസ്തകമായാണ് സ്മാരകം രൂപകൽപന ചെയ്തിരിക്കുന്നത്. സ്മാരകത്തിന് കീഴിൽ പുസ്തകത്തിന്റെ ആഴം വരെ ഒരു കയർ പിടിച്ചിരിക്കുന്ന രണ്ട് കൈകൾ, മുത്തുകൾ വാരാൻ ആഴക്കടലിലേക്ക് മുങ്ങുന്ന സൂചനകളാണ് നൽകുന്നതെന്ന് അൽ ശൈബാനി പറഞ്ഞു.
2023 ഒക്ടോബറിൽ അറബ് ലീഗ് വിദ്യാഭ്യാസ, സാംസ്കാരിക, ശാസ്ത്ര സംഘടന (അലെസ്കോ) അറബി നോവലിനുള്ള നഗരമായി കതാറയെ തെരഞ്ഞെടുത്തതിന്റെ ഓർമകളുമായാണ് സ്മാരകം നിർമിച്ചിരിക്കുന്നത്. എല്ലാ വർഷവും ഒക്ടോബർ 13 മുതൽ 20 വരെ അന്താരാഷ്ട്ര നോവലുകളുടെ വാരമായി ആചരിക്കാൻ കതാറ മുൻകൈയെടുത്തതിനെയും ഈ സ്മാരകം അടയാളപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.