ഇന്റർനാഷനൽ അറേബ്യൻ ഹോഴ്സ് ഫെസ്റ്റിവൽ അരങ്ങേറുന്ന കതാറയിൽ മരത്തിൽ തീർത്ത കുതിരകളുടെ രൂപങ്ങൾ
ദോഹ: കതാറയിലെത്തുമ്പോൾതന്നെ വലിയ മേള അരങ്ങേറുന്ന സൂചനകളാണെങ്ങും. മനോഹരമായ ബീച്ചിൽ കുതിരക്കുളമ്പടിപ്പാടുകൾ. ഗാലറിയടക്കമുള്ള മനോഹരമായ വമ്പൻ പന്തൽ കെട്ടിയുയർത്തിയിട്ടുള്ളത് പരമ്പരാഗത ബദൂയിൻ ടെന്റുകളുടെ രൂപത്തിലാണ്. പന്തലിനു മുന്നിൽ പലയിടത്തായി അഞ്ച് ആഡംബര കാറുകൾ പ്രദർശനത്തിനുവെച്ചിരിക്കുന്നു. കതാറയിൽ ആളുകൾ സംഗമിക്കുന്ന സ്ഥലത്ത് മരത്തിൽ തീർത്ത കുതിരകളുടെ പലവിധ രൂപങ്ങൾ.
അതിനടുത്തായി താൽക്കാലിക കച്ചവട ടെന്റുകളിൽ വിൽക്കുന്നത് കുതിരയുമായും കുതിരയോട്ടവുമായുമൊക്കെ ബന്ധപ്പെട്ടിരിക്കുന്ന പലവിധ സാധനങ്ങൾ. ഒപ്പം, കുതിരകളുമായി ബന്ധപ്പെട്ട ചിത്രപ്രദർശനവും തത്സമയ ആർട്ട് ഷോയും. കതാറ ഇന്റർനാഷനൽ അറേബ്യൻ ഹോഴ്സ് ഫെസ്റ്റിവൽ അരങ്ങേറുന്ന കതാറയിൽ ഇപ്പോൾ എല്ലാം കുതിരകളുമായി ബന്ധപ്പെട്ടുകിടക്കുകയാണ്. പരമ്പരാഗതമായി ഖത്തർ മണ്ണിൽ ആവേശം വിതറുന്ന ഹോഴ്സ് ഫെസ്റ്റിവലിനായി പ്രാദേശിക പൗരന്മാർക്കൊപ്പം വിദേശത്തുനിന്നും കാഴ്ചക്കാരുണ്ട്.
പ്രവേശനത്തിന് നിയന്ത്രണങ്ങളുണ്ട്. വമ്പൻ തുക ചെലവഴിച്ച് ടിക്കറ്റെടുത്താണ് ആളുകൾ ഫെസ്റ്റിവലിന് കാഴ്ചക്കാരായെത്തുന്നത്. 1.7 കോടി റിയാൽ (ഏകദേശം 38.42 കോടി രൂപ) ആണ് ഹോഴ്സ് ഫെസ്റ്റിവലിന് മൊത്തം സമ്മാനത്തുക. അതിനു പുറമെ, പന്തലിനു മുന്നിൽ പ്രദർശനത്തിനുവെച്ച ആഡംബര വാഹനങ്ങളും വിജയികൾക്ക് സമ്മാനമായി നൽകും. ഖത്തറിന്റെ മഹത്തായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനൊപ്പം, ഫെസ്റ്റിവൽ രാജ്യാന്തര തലത്തിൽ ഏറ്റവും പ്രശസ്തമായ ഹോഴ്സ് ഷോ കൂടിയാണെന്ന് കതാറ ജനറൽ മാനേജർ പ്രഫ. ഡോ. ഖാലിദ് ബിൻ ഇബ്രാഹിം അൽ സുലൈത്തി പറഞ്ഞു. അറേബ്യൻ കുതിരകളുടെ ലേലത്തിനുള്ള ആധികാരിക വേദികളിലൊന്നെന്ന നിലയിൽ ആഗോളതലത്തിൽ ഫെസ്റ്റിവൽ അറിയപ്പെടുന്നുണ്ട്.
കഴിഞ്ഞ ദിവസം നടന്ന ഉദ്ഘാടന പരിപാടിയിൽ സൗദി അറേബ്യ, ഒമാൻ അംബാസഡർമാരെത്തിയിരുന്നു. ഫെബ്രുവരി 11വരെ നീളുന്ന മേളക്കായി കതാറയിൽ ഏറെ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 18 രാജ്യങ്ങളാണ് ഇക്കുറി അറേബ്യൻ ഹോഴ്സ് ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തുന്നത്. അറബ് മേഖലയിൽനിന്നുള്ളവർക്ക് പുറമെ, യൂറോപ്യൻ രാജ്യങ്ങളും യു.എസ്.എയുമൊക്കെ ഫെസ്റ്റിവലിനുണ്ട്. അറേബ്യൻ പെനിൻസുല ഹോഴ്സ് ഷോയാണ് നടന്നുകൊണ്ടിരിക്കുന്നത്. അത് ഫെബ്രുവരി നാലുവരെ തുടരും. ആറിന് അറേബ്യൻ കുതിര ലേലം നടക്കും. പകിട്ടാർന്ന ടൈറ്റിൽ ഷോ അരങ്ങേറുന്നത് ഫെബ്രുവരി എട്ടുമുതൽ 11 വരെയാണ്. വൈകീട്ട് 3.30 മുതൽ രാത്രി 9.30 വരെയാണ് ഫെസ്റ്റിവൽ.
ഫെസ്റ്റിവലിൽ കലാകാരന്മാർക്ക് അവസരങ്ങളുണ്ട്. കതാറ സ്ട്രീറ്റിൽ അവരുടെ ലൈവ് ആർട്ട് ഷോകൾ നടക്കുന്നു. തന്നെപ്പോലെയുള്ള കലാകാരന്മാർക്ക് തങ്ങളുടെ കലകളുടെ പ്രദർശനത്തിന് ഫെസ്റ്റിവൽ വേദിയൊരുക്കുന്നതായി ബ്ലാക് സ്പ്രേ കൊണ്ട് ചിത്രം വരയ്ക്കുന്ന അൾജീരിയൻ കലാകാരൻ മെക്കി ഡി.എഫ്.എസ് പറയുന്നു. മഹത്തായ അരങ്ങാണ് ഫെസ്റ്റിവൽ ഒരുക്കുന്നതെന്ന് 2010 മുതൽ സ്പ്രേ പെയിന്റ് ആർട്ടിൽ മികവു കാട്ടുന്ന ഖത്തരി ആർട്ടിസ്റ്റ് മുബാറക് അൽ മാലികും പറയുന്നു. രാവിലെ ഏഴുമണി മുതൽ രാത്രി 10 വരെ കതാറ അറബ് പോസ്റ്റൽ സ്റ്റാമ്പ്സ് മ്യൂസിയത്തിൽ കുതിരകളുമായി ബന്ധപ്പെട്ട സ്റ്റാമ്പുകളുടെ പ്രദർശനം കാണാനും നിരവധി പേർ എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.