കലാഞ്ജലി യൂത്ത് ഫെസ്റ്റിവൽ ഓവറോൾ ജേതാക്കളായ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ അംബാസഡർ ഡോ. ദീപക് മിത്തലിനൊപ്പം
കലാഞ്ജലി യുവജനോത്സവം: എം.ഇ.എസ് ജേതാക്കൾ
ദോഹ: ഖത്തറിലെ ഇന്ത്യൻ സ്കൂളുകൾ വിദ്യാർഥികളുടെ യുവജനോത്സവമായ 'കലാഞ്ജലി'ക്ക് ആവേശോജ്ജ്വല കൊടിയിറക്കം. കൗമാര പ്രതിഭകളെ കണ്ടെത്തി അവസരം നൽകുന്നതിനായി മീഡിയപെനും ഐഡിയൽ ഇന്ത്യൻ സ്കൂളും ചേർന്നായിരുന്നു സെപ്റ്റംബർ 12 മുതൽ 14വരെ കലോത്സവം സംഘടിപ്പിച്ചത്. ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിയിൽ 17 ഇന്ത്യൻ സ്കൂളുകളിൽ നിന്നായി 980 വിദ്യാർഥികൾ പങ്കെടുത്തു. നാലു സ്റ്റേജുകളിലായി മൂന്ന് ദിനങ്ങളിലായി 66 ഇനങ്ങളിലായിരുന്നു മത്സരങ്ങൾ.
എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ഏറ്റവും കൂടുതൽ പോയന്റ് നേടി ഓവറോൾ ജേതാക്കളായി മാറി. സമാപന ചടങ്ങിൽ റോളിങ് ട്രോഫി ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ സമ്മാനിച്ചു. കലാഞ്ജലിയുടെ ആശയത്തെയും ലക്ഷ്യത്തെയും അംബാസഡർ അഭിനന്ദിച്ചു. 229 പോയന്റ് നേടിയാണ് എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ഓവറോൾ ജേതാക്കളായത്. ബിർള പബ്ലിക് സ്കൂൾ, ഐഡിയൽ ഇന്ത്യൻ സ്കൂൾ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. വിജയികളായ എല്ലാവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
കലാഞ്ജലി ചെയർമാൻ ഹസ്സൻ ചൗഗുലെ, പ്രസിഡന്റ് ഡോ. ഹസൻ കുഞ്ഞി, മീഡിയ കോഓഡിനേറ്റർ അൻവർ ഹുസൈൻ, കൺവീനർ ഷൈഖ് ഷമീം, ജനറൽ കൺവീനർ ബിനുകുമാർ, മുഹമ്മദ് ഇബ്രാഹിം എന്നിവർ ചടങ്ങിൽ സന്നിഹിതരായി. മത്സരത്തിൽ വിധികർത്താക്കൾ ആയി പങ്കെടുത്ത പ്രമുഖരെ വേദിയിൽ ആദരിച്ചു. വിവിധ സ്കൂളുകളിലെ അധ്യാപകരും വിദ്യാർഥികളും അവതരിപ്പിച്ച കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി.
കലാഞ്ജലി യൂത്ത് ഫെസ്റ്റിവലിൽ വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികളിൽനിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.